സിദ്ദീഖ് കാപ്പന് നീതി ലഭിക്കാനും മോചനത്തിനുമായി വിവിധ രാഷ്ട്രീയ പാർടി നേതാക്കളും സാമൂഹിക-മത നേതാക്കളും രംഗത്ത്; നവമാധ്യമങ്ങളിലും പോരാട്ടം

തിരുവനന്തപുരം: (www.kasargodvartha.com 26.04.2021) യുപി പൊലിസ് അറസ്റ്റ് ചെയ്തു ജയിലിലടച്ച പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർടി നേതാക്കളും സാമൂഹിക-മത നേതാക്കളും ആവശ്യപ്പെട്ടു. 
                                                                               

സിദ്ദിഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപെർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപോർടുകളുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ആധുനിക ജീവൻ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സിദ്ദീഖ് കാപ്പൻ്റെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും ഭാര്യ റൈഹാനത് ആവശ്യപ്പെട്ടിരുന്നു. കട്ടിലിൽ ചങ്ങല ഉപയോഗിച്ച് കെട്ടിയിരിക്കുകയാണെന്നും ശുചിമുറിയിൽ പോലും പോകാൻ അനുവദിക്കുന്നില്ലെന്നും ഭാര്യ ആരോപിച്ചിരുന്നു.

സിദ്ദിഖ് കാപ്പനായി 11 യുഡിഎഫ് എംപിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കാപ്പനെ തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കെ സുധാകരൻ, കെ മുരളീധരൻ, ഇടി മുഹമ്മദ് ബശീർ, ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ് തുടങ്ങി 11 എംപിമാരാണ് കത്ത് നൽകിയത്. കൂടാതെ പികെ കുഞ്ഞാലിക്കുട്ടി പ്രധാനമന്ത്രിക്കും കത്തയച്ചു. കാപ്പന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് യൂത് ലീഗ് തിങ്കളാഴ്ച ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

അഖിലേന്ത്യാ സുന്നി ജംഇയത്തുൽ ഉലമ ജനറൽ സെക്രടറി ​കാന്തപുരം എപി അബൂബകർ മുസ്‌ലിയാർ സിദ്ദീഖ് കാപ്പനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ശരിയായ ചികിത്സ ലഭിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന്​ കത്തിൽ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്​, മഥുര മെഡികൽ കോളജിൽ ദയനീയമായ അവസ്ഥയിലാണ് സിദ്ദീഖ് കാപ്പനുള്ളത്. ​കോവിഡും മറ്റു രോഗങ്ങളും മൂലം ആരോഗ്യാവസ്‌ഥ ദയനീയമാണ്. പ്രാഥമിക മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട്, കൈ ബന്ധിക്കപ്പെട്ട അവസ്ഥയിൽ, ബാത്റൂമിലേക്ക് പോലും പോകാൻ അനുവദിക്കപ്പെടാതെ വിധത്തിൽ ദിവസങ്ങളായി അദ്ദേഹം അവശമായ അവസ്ഥയിലാണ്​ എന്നാണ്​ ലഭിച്ച വിവരം. അതിനാൽ ന്യൂഡൽഹിയിലെ എയിംസിലേക്കോ കേരളത്തിലേക്കോ മാറ്റി, അദ്ദേഹത്തിന് മെച്ചപ്പെട്ട ചികിൽസ ഉറപ്പു വരുത്താൻ ഇടപെടണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
   
അതിനിടെ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് -#FreeSiddiqueKappan- ട്വിറ്ററിൽ ട്രൻന്റിങ്ങായി. ഞായറാഴ്ച വൈകിട്ട് മാത്രം 35000 ഓളം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതോടൊപ്പം #JournalismIsNotACrime എന്ന ഹാഷ്ടാഗും ട്രന്റിങ്ങാണ്. ഫേസ്ബുക് അടക്കമുള്ള മറ്റ് നവമാധ്യമങ്ങളിലും സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി മുറവിളി ഉയരുകയാണ്.

ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം റിപോർട് ചെയ്യാൻ ഡല്‍ഹിയില്‍ നിന്ന് യുപിയിലെ ഹാഥ്‌റസിലേക്കു പോവുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രടറിയും അഴിമുഖം ലേഖകനുമായ സിദ്ദീഖ് കാപ്പനെ പൊലിസ് അറസ്റ്റ് ചെയ്തത്. ആദ്യം ചെറിയ കേസുകള്‍ ചാര്‍ജ് ചെയ്ത പൊലിസ് പിന്നീട് യുഎപിഎ പോലുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി.

Keywords: Thiruvananthapuram, Kerala, News, Media, Social Media, Uttar Pradesh, Journalist, Political party, Religion, Leaders, Justice, Health, Chief Minister, Pinarayi Vijayan, Human- rights, Delhi, Various political party leaders and socio-religious leaders for the justice of Siddique Kappan.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?