'ഇത് വെറും മരണങ്ങളല്ല, കൂട്ടക്കൊലകളാണ്, ഇതിന് ആര്‍ക്കും ഉത്തരവാദിത്തമില്ലേ? ഭരണകൂടം കരയ്ക്കിരുന്നു ദുരന്തം കാണുന്നു, നിങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ ആയുസ് നിര്‍ണയിക്കുന്നത് രാഷ്ട്രീയമാണ് എന്ന പാഠമാണ് ഇന്ത്യയും കേരളവും ഈ മഹാമാരിയില്‍ പഠിപ്പിക്കുന്നത്'; മോദി സര്‍കാരിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എം ബി രാജേഷ്


പാലക്കാട്: (https://ift.tt/3tJaBC6) ആയിരങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്ത് ഭരണകൂടം കരയ്ക്കിരുന്നു ദുരന്തം കാണുന്നുവെന്ന് 
നരേന്ദ്ര മോദി സര്‍കാരിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ എംപി എം ബി രാജേഷ്. കേന്ദ്രസംസ്ഥാന സര്‍കാരുകളുടെ നടപടികളെ താരതമ്യം ചെയ്ത അദ്ദേഹം വില കൂട്ടാന്‍ ഇനി ശവപ്പെട്ടി കൂടിയേ ബാക്കിയുള്ളൂവെന്നും മോദിയുടെ കോര്‍പറേറ്റ് ചങ്ങാതിമാര്‍ ശവപ്പെട്ടി ഉല്‍പാദിപ്പിച്ചിരുന്നെങ്കില്‍ അതിലും കൊള്ളലാഭം അവര്‍ക്ക് ഉറപ്പാക്കുമായിരുന്നുവെന്നും പറഞ്ഞു.

മറ്റു രാജ്യങ്ങള്‍ ആവശ്യമായ ഡോസ് വാക്‌സീന്‍ നേരത്തേ ബുക് ചെയ്തപ്പോള്‍ മോദി സര്‍കാര്‍ പൊറുക്കാനാവാത്ത അനാസ്ഥയാണ് കാണിച്ചതെന്നും ഒച്ചിഴയുന്നതു പോലും മോദി സര്‍കാരിനേക്കാള്‍ വേഗത്തിലാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ആരോപിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

വെറും മരണങ്ങളല്ല കൂട്ടക്കൊലകളാണ്. രാവിലെ ഡെല്‍ഹിയില്‍നിന്നുള്ള ഒരു ഫോണ്‍കോളാണ് എന്നെ വിളിച്ചുണര്‍ത്തിയത്. അത് ഒരു സഹായ അഭ്യര്‍ഥനയായിരുന്നു. വെറും 28 വയസു പ്രായമുള്ള എന്റെ ഒരു സുഹൃത്ത് കോവിഡ് ബാധിച്ച് അവിടെ ഗുരുതരാവസ്ഥയിലാണ്. ഒരു ആശുപത്രിയിലും ബെഡ് കിട്ടാനില്ല. എന്തെങ്കിലും വ്യക്തി ബന്ധം ഉപയോഗിച്ച് ഒരു ആശുപത്രിയില്‍ പ്രവേശനം തരപ്പെടുത്താനാവുമോ എന്നാണ് ചോദ്യം.

എല്ലാ വാതിലുകളും മുട്ടി ഫലമില്ലാതായപ്പോഴുള്ള അവസാന ശ്രമമാണ്. പാലക്കാട്ടിരിക്കുന്ന ഞാന്‍ ഡെല്‍ഹിയിലേയും കേരളത്തിലേയും എല്ലാ ബന്ധങ്ങളും ഓര്‍ത്തെടുത്ത് വിളിച്ചു നോക്കി. പ്രത്യേകിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെ. രണ്ടര മണിക്കൂര്‍ എന്നെപ്പോലെ പല സുഹൃത്തുക്കളും സാധ്യമമായ ശ്രമങ്ങളെല്ലാം നടത്തി. ഞാന്‍ പലര്‍ മുഖേന ബന്ധപ്പെട്ട ഡെല്‍ഹിയിലെ 12 ആശുപത്രികളില്‍ 10 ഇടത്തും രക്ഷയുണ്ടായില്ല.

ഒരു സ്വകാര്യ ആശുപത്രിയില്‍ ബെഡ് തരാം പക്ഷേ വെന്റിലേറ്ററില്ല. മറ്റൊരിടത്ത് മുന്‍കൂര്‍ ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ! വേറെ മാര്‍ഗമില്ലെങ്കില്‍ അതാവാം എന്ന് നിശ്ചയിക്കാനിരിക്കുമ്പോള്‍ ആര്‍ എം എലില്‍ എങ്ങനെയോ ഒരു ബെഡ് ലഭിച്ചുവെന്ന വിവരം വന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത്! ആ ചെറുപ്പക്കാരന്‍ അവിടെ ചികിത്സയിലിരിക്കുന്നു.

ഹൃദയഭേദകമാണ് കാഴ്ചകള്‍. ഓക്‌സിജന്‍ കിട്ടാതെ ആശുപത്രി മുറ്റത്തും വരാന്തകളിലും മരിച്ചു വീഴുന്ന മനുഷ്യജീവികള്‍. കണ്‍മുന്നില്‍ ശ്വാസം കിട്ടാതെ പിടയുന്ന ഉറ്റവര്‍ക്ക് സഹായം തേടിയുള്ള ബന്ധുക്കളുടെ കരള്‍ പിളരുന്ന അലറിക്കരച്ചിലുകള്‍. കൂട്ടിയിട്ട മൃതശരീരങ്ങള്‍.

ആംബുലന്‍സില്‍നിന്ന് പുറത്തേക്ക് തെറിച്ചു വീണ് റോഡില്‍ അനാഥമായി കിടക്കുന്ന ജഡം. ശ്മശാനങ്ങളില്‍ കത്തിയമരുന്ന കൂട്ടച്ചിതകള്‍. ഇതിന് ആര്‍ക്കും ഉത്തരവാദിത്തമില്ലേ? ഇത് വെറും മരണങ്ങളല്ല. കൂട്ടക്കൊലകളാണ്. ഡെല്‍ഹി വാഴുന്ന മനുഷ്യ വിരുദ്ധരായ ഒരു ഭരണകൂടമാണ് ഇതിന് ഉത്തരവാദികള്‍. എന്തുകൊണ്ട്?

1. ഓക്‌സിജന്‍ ലഭ്യമാക്കുക എന്ന പ്രാഥമിക കടമ നിറവേറ്റാത്ത ക്രിമിനല്‍ നെഗ്ലിജന്‍സിന് ഉത്തരവാദികള്‍ മോദി സര്‍കാരാണ്. വെറും ആറ് മാസം മുന്‍പ് 2020 ഒക്ടോബറില്‍ മാത്രമാണ് ഇന്ത്യയിലാകെ വെറും 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ ആരംഭിക്കാന്‍ തുച്ഛമായ 201 കോടി രൂപ പിഎം കെയേഴ്‌സ് ഫന്‍ഡില്‍നിന്ന് അനുവദിച്ചത്. ആയിരക്കണക്കിന് കോടി രൂപ പിരിച്ച്, കണക്കുകള്‍ പുറത്തു വിടാതെ പൂഴ്ത്തിവച്ചതില്‍ നിന്നാണ് പിശുക്കി ഈ നിസാരമായ തുക നല്‍കിയത്. എന്നിട്ട് 6 മാസം കൊണ്ട് ആരംഭിച്ചതോ? വെറും 33 എണ്ണം മാത്രം! ബാക്കിയുള്ളവയുടെ ടെന്‍ഡര്‍ പോലും ആയിട്ടില്ല! യുപിയില്‍ പണം അനുവദിച്ച 14ല്‍ ഒന്നുപോലും തുടങ്ങിയിട്ടില്ല. ഒരു മഹാദുരന്തത്തെ നേരിടാനുള്ള നടപടികളുടെ വേഗം നോക്കൂ. ഒച്ചിഴയുന്നതു പോലും മോദി സര്‍കാരിനേക്കാള്‍ വേഗത്തിലാണ്.

2. ഇനി വാക്‌സീന്റെ കാര്യമെടുക്കാം. യുഎസ് സര്‍കാര്‍ 2020 ഓഗസ്റ്റില്‍ 44700 കോടി വാക്‌സീന്‍ ഉല്‍പാദനത്തിന് നിക്ഷേപിച്ചപ്പോള്‍ ഇന്ത്യയോ? ചില്ലിക്കാശ് നിക്ഷേപിച്ചില്ല. ഏറ്റവുമൊടുവില്‍ ആയിരങ്ങള്‍ മരിച്ചു വീഴാന്‍ തുടങ്ങിയപ്പോള്‍, എട്ട് മാസത്തിനു ശേഷം ഈ ഏപ്രില്‍ 19 ന് മാത്രമാണ് 4500 കോടി രൂപ അനുവദിച്ചത്. അതും ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ മാത്രമുള്ള യുഎസ് നിക്ഷേപിച്ചതിന്റെ പത്തിലൊന്ന് മാത്രം!

3. മറ്റു രാജ്യങ്ങള്‍ ആവശ്യമായ ഡോസ് വാക്‌സീന്‍ നേരത്തേ ബുക് ചെയ്തപ്പോള്‍ മോദി സര്‍കാര്‍ പൊറുക്കാനാവാത്ത അനാസ്ഥയാണ് കാണിച്ചത്. യുഎസ് 2020 ഓഗസ്റ്റില്‍ 400 ദശലക്ഷം ഡോസും യൂറോപ്യന്‍ യൂണിയന്‍ 2020 നവംബറില്‍ 800 ദശലക്ഷം ഡോസും മുന്‍കൂട്ടി ബുക് ചെയ്തപ്പോള്‍ കേന്ദ്ര സര്‍കാര്‍ മാസങ്ങള്‍ അനങ്ങാതിരുന്നു. ഒടുവില്‍ ഈ ജനുവരിയില്‍ ബുക് ചെയ്തത് വെറും 16 ദശലക്ഷം ഡോസ് മാത്രം.

4. ഇതിനു പുറമേയാണ് ലോകത്ത് ഒരിടത്തുമില്ലാത്ത വിലക്ക് വാക്‌സീന്‍ വിറ്റ് കൊള്ളലാഭം കൊയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. വാര്‍ത്തയനുസരിച്ച് ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലുള്‍പെടെ ലോകത്തെല്ലായിടത്തേക്കാള്‍ കൂടുതലാണ് മോദിയുടെ ഇന്ത്യയില്‍ വാക്‌സീന്റെ വില. എന്തൊരു കണ്ണില്‍ ചോരയില്ലാത്ത സര്‍കാര്‍. പെട്രോള്‍, ഡീസല്‍, പാചകവാതകം, ഇപ്പോഴിതാ വാക്‌സീനും വില കൂട്ടിയിരിക്കുന്നു. വില കൂട്ടാന്‍ ഇനി ശവപ്പെട്ടി കൂടിയേ ബാക്കിയുള്ളൂ. മോദിയുടെ കോര്‍പറേറ്റ് ചങ്ങാതിമാര്‍ ഇതുവരെ ശവപ്പെട്ടി ഉല്‍പാദിപ്പിക്കാത്തത് ഭാഗ്യം. ഉണ്ടെങ്കില്‍ അതിലും കൊള്ളലാഭം താങ്കള്‍ അവര്‍ക്ക് ഉറപ്പാക്കുമായിരുന്നു.

News, Kerala, State, Palakkad, MP, Politics, COVID-19, Trending, Health, Health and Fitness, Facebook, Facebook Post, Social Media, Central Government, LDF, MB Rajesh against Central Government


5. സര്‍കാര്‍ ഒന്നും ചെയ്യേണ്ട എല്ലാം വിപണി ചെയ്‌തോളും എന്ന ബി ജെ പിയുടെ ഉദാരവല്‍ക്കരണ സാമ്പത്തിക ദര്‍ശനവും മാനുഷികത തീരെയില്ലാത്ത വര്‍ഗീയ പ്രത്യയശാസ്ത്രവും ചേര്‍ന്നപ്പോഴാണ് ദുരന്തത്തിന്റെ ആഴവും ആഘാതവും കൂടിയത്. നിര്‍മല സീതാരാമന്‍ നേരത്തേ തന്നെ പറഞ്ഞതോര്‍മയില്ലേ? covid is an act of god, govt has limitations എന്ന്. അതായത് ദൈവം വരുത്തിയതാണ്, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന്. ഒടുവിലെ പ്രസംഗത്തില്‍ മോദി പറഞ്ഞത് എല്ലാവരും സ്വന്തം കാര്യം സ്വയം ശ്രദ്ധിക്കണം എന്നായിരുന്നില്ലേ? സര്‍കാരിനെ പ്രതീക്ഷിക്കേണ്ട എന്നര്‍ഥം. മോദി പറഞ്ഞത് ശരിയാണ്. ഇന്ത്യയില്‍ ഇന്ന് ഒരു ഭരണമില്ല. ആയിരങ്ങളെ മരണത്തിനെറിഞ്ഞു കൊടുത്ത് ഭരണകൂടം കരയ്ക്കിരുന്നു ആ ദുരന്തം കാണുകയാണ്. എന്തൊരു രാജ്യസ്‌നേഹികള്‍?

6. എന്നാല്‍ എല്ലാം വിപണിയെ ഏല്‍പിക്കുകയല്ല ഇടപെടുകയാണ് ചെയ്യേണ്ടത് എന്ന് തെളിയിച്ച ഒരു സര്‍കാരുണ്ട് ഇവിടെ കേരളത്തില്‍. ഒരു വര്‍ഷത്തിനിടയില്‍ പിഴയ്ക്കാത്ത ആസൂത്രണവും കരുതലും കാര്യക്ഷമതയും പുലര്‍ത്തി വരാനിരിക്കുന്ന മഹാദുരന്തത്തെ നേരിടാന്‍ തയാറെടുപ്പു നടത്തിയ എല്‍ ഡി എഫ് സര്‍കാര്‍. ഒരു വര്‍ഷത്തിനിടയില്‍ ഓക്‌സിജന്‍ ഉല്‍പാദനം ഒരു മിനിറ്റില്‍ 50 ലീറ്ററില്‍നിന്ന് 1250 ലീറ്ററായി, 25 ഇരട്ടിയാക്കി കൂട്ടിയ സര്‍കാര്‍. 9735 ഐസിയു കിടക്കകളും 3776 വെന്റിലേറ്ററുകളും സജ്ജമാക്കിയ സര്‍കാര്‍ (അതില്‍ യഥാക്രമം 999 ഉം 277 ഉം മാത്രമേ ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളൂ എന്നോര്‍ക്കണം). മരണ നിരക്ക് ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിലയില്‍ പിടിച്ചു നിര്‍ത്തി ആയിരക്കണക്കിന് മനുഷ്യ ജീവന്‍ രക്ഷിച്ച ഒരു സര്‍കാര്‍. വാക്‌സീന്റെ പേരില്‍ ജനങ്ങളെ പിഴിയില്ല എന്ന ധീരമായ നിലപാട് എടുത്ത ഒരു സര്‍ക്കാര്‍. അതുകൊണ്ടാണ് ഗുജറാത്തിലേയും യുപിയിലേയും ഡെല്‍ഹിയിലേയും ഹൃദയഭേദകമായ കാഴ്ചകളൊന്നും കേരളത്തില്‍ കാണാത്തത്.

രണ്ടു സര്‍കാരുകള്‍ തമ്മില്‍ മാത്രമല്ല രണ്ടിനേയും നയിക്കുന്ന രാഷ്ട്രീയം തമ്മിലാണ് മൗലികമായ വ്യത്യാസം. നിങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ ആയുസ് നിര്‍ണയിക്കുന്നത്, ജീവിതത്തേയും മരണത്തേയും നിര്‍ണയിക്കുന്നത് രാഷ്ട്രീയമാണ് എന്ന പാഠമാണ് ഇന്ത്യയും കേരളവും ഈ മഹാമാരിയില്‍ പഠിപ്പിക്കുന്നത്.

വെറും മരണങ്ങളല്ല കൂട്ടക്കൊലകളാണ് രാവിലെ ദില്ലിയിൽ നിന്നുള്ള ഒരു ഫോൺ കാളാണ് എന്നെ വിളിച്ചുണർത്തിയത്. അത് ഒരു സഹായ...

Posted by MB Rajesh on Saturday, 24 April 2021
Keywords: News, Kerala, State, Palakkad, MP, Politics, COVID-19, Trending, Health, Health and Fitness, Facebook, Facebook Post, Social Media, Central Government, LDF, MB Rajesh against Central Government

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?