കൊലപാതക രാഷ്ട്രീയത്തിൽ സിപിഎമിന് എതിരെ നെഞ്ചിൽ കൊള്ളുന്ന മുദ്രാവാക്യവുമായി സുന്നി സംഘടനകൾ; ഏറ്റുപിടിച്ച് സാമൂഹ്യ മാധ്യമങ്ങൾ
കണ്ണൂർ: (www.kvartha.com 10.04.2021) പാനൂരിൽ സുന്നി - യൂത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എസ് എസ് എഫ്, എസ് വൈ എസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലായി. കാന്തപുരം എ പി അബൂബകർ മുസ്ലിയാർ നേതൃത്വം നൽകുന്ന സുന്നി സംഘടനകൾ അച്ചടിച്ച ഒരേ മുദ്രാവാക്യവുമായാണ് സംസ്ഥാനമെമ്പാടും പ്രതിഷേധം സംഘടിപ്പിച്ചത്. കൊലപാതകത്തിൽ പ്രതിസ്ഥാനത്തുള്ള സിപിഎമിനെതിരെ രൂക്ഷ വിമർശനമാണ് മുദ്രാവാക്യത്തിലുള്ളത്. 'പകയടങ്ങാത്ത കൊലപാതക രാഷ്ട്രീയം, കേരളം മാപ്പ് തരില്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രകടനങ്ങൾ.
കണ്ണൂർ ഇരിട്ടിയിൽ നടത്തിയ പ്രകടനത്തിന്റെ വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്യുന്നത്.
മുദ്രാവാക്യത്തിൽ നിന്ന്:
മനുഷ്യ രക്തം കട്ടപിടിച്ച്
നരച്ചു മങ്ങിയ വിപ്ലവ കൊടികൾ
അഴിച്ചു വെക്കൂ അപമാനം.
ചോര ചെങ്കൊടി തണലാണെന് ഇനിയും വീമ്പു പറയണ്ട
ചുകപ്പണിഞ്ഞ നരഭോജികളെ
പിടിച്ചുകെട്ടി ഭരിക്കാമെന്ന്
ഉറപ്പു തരുമോ സർകാറെ.
രക്തമേറെ കുടിച്ചിട്ടും,
നിങ്ങളെ ദാഹം തീരുന്നില്ലേ.
മനുഷ്യരക്തം കട്ടപിടിച്ച്, നരച്ചു പൊങ്ങിയ ചെങ്കൊടികൾ,
അഴിച്ചുവയ്ക്കൂ സഖാക്കളേ. ചുവപ്പണിഞ്ഞ നരഭോജികളേ.
വികസനമൊന്നും വന്നില്ലേലും,
കിറ്റുകളൊന്നും തന്നില്ലേലും,
നിർഭയമായി ജീവിക്കാൻ ഉറപ്പു വേണം നാട്ടാർക്ക്'
കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൊലപാതക രാഷ്ട്രീയത്തിന് ഇരയായി കൊല്ലപ്പെട്ട മൂന്നാമത്തെ സുന്നി പ്രവർത്തകനാണ് മൻസൂർ. മട്ടന്നൂരിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവായ ശുഹൈബും കാഞ്ഞങ്ങാട്ട് കൊല്ലപ്പെട്ട ഇടതുപക്ഷ പ്രവർത്തകനായ ഔഫ് അബ്ദുർ റഹ്‍മാനും സുന്നി പ്രവർത്തകരായിരുന്നു. മൻസൂറിന്റെയും ശുഹൈബിന്റെയും കൊലപാതകത്തിൽ സി പി എം ആണ് പ്രതിസ്ഥാനത്തെങ്കിൽ ഔഫ് അബ്ദുർ റഹ്‌മാന്റെ കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് മുസ്ലിം ലീഗ് ആണ്. പ്രവർത്തകർ കൊലപാതക രാഷ്ട്രീയത്തിന് ഇരയാകേണ്ടിവരുന്നതിലുള്ള രൂക്ഷ പ്രതിഷേധമാണ് സുന്നി സംഘടനകളുടെ മുദ്രാവാക്യങ്ങളിൽ മുഴങ്ങിയത്.
Keywords: Kannur, Kerala, News, Murder, CPM, Politics, Sunni, Organisation, SSF, SYS, Viral, Video, Sunni organizations with slogans against the CPM in murderous politics.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment