'കുറച്ച് മാറിയിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു, അദ്ദേഹം ചെയ്ത പുണ്യങ്ങളാകാം ദുരന്തമൊഴിവാക്കിയത്'; അകത്തുള്ളവരുടെ ജീവന്‍ മാത്രം ചിന്തിച്ച് ഓടിയെത്തിയ രാജേഷും ഭാര്യയും ആ അപകടത്തെക്കുറിച്ച് പറയുന്നു
കൊച്ചി: (https://ift.tt/3wO9jHV) കുറച്ച് മാറിയിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു, അദ്ദേഹം ചെയ്ത പുണ്യങ്ങളാകാം ദുരന്തമൊഴിവാക്കിയത്.. ചുമട്ടുതൊഴിലാളിയായ രാജേഷും ഭാര്യ പനങ്ങാട് സ്‌റ്റേഷനിലെ സീനിയര്‍ സി പി ഒ ബിജിയും ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് സംഭവിച്ച ആ അപകടത്തെക്കുറിച്ച് പറയുന്നു.
രാജേഷും ഭാര്യയും വീടിന് മുന്‍വശത്ത് നില്‍ക്കുമ്പോഴായിരുന്നു ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസഫലിയും ഭാര്യയും ഉള്‍പെടെ സഞ്ചരിച്ച ഹെലികോപ്ടര്‍ വീടിനോട് ചേര്‍ന്ന ചതുപ്പില്‍ വന്ന് പതിച്ചത്.
ഏതാനും മീറ്റര്‍ അകലെ വലിയ ശബ്ദത്തോടെ ഹെലികോപ്ടര്‍ വന്ന് വീഴുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജേഷിനും ഭാര്യ ബിജിക്കും മനസ്സിലായില്ല. കണ്ണുചിമ്മുന്ന സമയത്തിനുള്ളില്‍ കോപ്ടര്‍ ചതുപ്പിലേക്ക് പതിച്ചപ്പോള്‍ രാജേഷ് പിന്നെയൊന്നും നോക്കിയില്ല. അകത്തുള്ളവരുടെ ജീവന്‍ മാത്രം ചിന്തിച്ച് ഓടി അടുത്തെത്തി, അവരെ സുരക്ഷിതരാക്കുന്നത് മാത്രമായിരുന്നു ചിന്തയില്‍.
നോക്കുമ്പോള്‍ വീടിനോട് ചേര്‍ന്ന് ചതുപ്പില്‍ ഹെലികോപ്ടര്‍ വന്ന് പതിക്കുന്നതാണ് കണ്ടത്. ഓടി അടുത്ത് ചെന്ന് നോക്കിയപ്പോഴും ആദ്യം ആരും പുറത്തേക്ക് ഇറങ്ങുന്നുണ്ടായിരുന്നില്ല. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോയെന്ന് ഭയന്നു. ഒരു വശത്തുകൂടെ ചെന്നപ്പോള്‍ പൈലറ്റ് പതുക്കെ വാതില്‍ തുറന്ന് പുറത്തിറങ്ങി. ബാക്കിയുള്ളവരെ പതുക്കെ പിടിച്ച് പുറത്തിറക്കി. ഹെലികോപ്ടറിനടുത്തേക്ക് ഓടിയെത്തുമ്പോള്‍ അതിനുള്ളില്‍ പി പി ഇ കിറ്റ് ധരിച്ചിരുന്നവരില്‍ ഒരാള്‍ യൂസഫലിയാണെന്ന് മനസ്സിലായില്ല. പുറത്തിറങ്ങിയപ്പോള്‍ എന്തെങ്കിലും സംഭവിച്ചോ എന്ന് ചോദിച്ചു, നടുവേദനയുണ്ടെന്ന് മറുപടി. പിന്നീടാണ് യൂസഫലിയാണെന്ന് മനസ്സിലായത്.
അദ്ദേഹം ചെയ്ത പുണ്യപ്രവര്‍ത്തികളായിരിക്കാം അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്ന് രാജേഷ് പറയുന്നു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ശക്തമായ മഴയില്‍ മുറ്റത്ത് വെള്ളക്കെട്ടുണ്ടായി. കൈക്കോട്ടുമെടുത്ത് ചാലുകീറി വെള്ളം ഒഴുക്കി വിടാന്‍ ഇറങ്ങിയപ്പോഴാണ് വലിയ ശബ്ദം കേട്ടത്.
ചതുപ്പില്‍നിന്ന് കുറച്ച് മാറിയിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു. മുട്ടോളം വെള്ളമുള്ള ചതുപ്പായതും ചുറ്റുമതിലില്‍ തട്ടാതിരുന്നതും തീപിടിത്തവും അപകടവും ഒഴിവാക്കിയെന്നും രാജേഷ് പറഞ്ഞു.
എം എ യൂസുഫലി ഉള്‍പെടുന്നവര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ന് പതിച്ച ചതുപ്പിന് സമീപത്തെ വീട്ടിലെ താമസക്കാരിയാണ് കുറ്റിക്കാട്ട് വീട്ടില്‍ മോഹനന്റെ ഭാര്യ പ്രമീളയ്ക്കും ഞെട്ടല്‍ മാറിയില്ല. 'വലിയ ശബ്ദം കേട്ടു, പെട്ടെന്നൊരു കുലുക്കം പോലെ തോന്നി. എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലായില്ല' പറയുമ്പോള്‍ പ്രമീളക്ക് വിറയല്‍ മാറിയിട്ടില്ല.
സംഭവം നടന്ന ഉടനെ ഭര്‍തൃസഹോദരന്റെ മകന്‍ രാജേഷ് അവിടേക്ക് ഓടി. പിറകെ തങ്ങളും - പ്രമീള പറഞ്ഞു. ഓര്‍ക്കാപ്പുറത്താണ് സംഭവങ്ങളുണ്ടായത്. നല്ല മഴയായിരുന്നു രാവിലെ. ശബ്ദത്തിനൊപ്പം ഹെലികോപ്ടര്‍ വന്ന് വീണപ്പോള്‍ തങ്ങളാകെ ഭയന്നുപോയെന്നും പ്രമീള കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ലുലു ഗ്രൂപ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം എ യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ അന്വേഷണം തുടരുന്നു. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധ സംഘം സ്ഥലം പരിശോധിച്ച് റിപോര്‍ട് തയാറാക്കി വരികയാണ്.
യൂസുഫലിയുടെയും സഹയാത്രികരുടെയും ആരോഗ്യനില തൃപ്തികരമാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ മറ്റ് ബുന്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ തിങ്കളാഴ്ച ഡിസ്ചാര്‍ജാകും.
എം എ യൂസുഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ ചതുപ്പിലേക്ക് ഇടിച്ചിറക്കിയ സംഭവത്തില്‍ എല്ലാവരും സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ കമ്യൂണികേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ നേരത്തെ അറിയിച്ചിരുന്നു.
കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റവും മഴയുമാണ് ഹെലികോപ്ടര്‍ അടിയന്തിരമായി നിലത്തിറക്കാന്‍ കാരണം. യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ മുന്‍നിര്‍ത്തി പരിചയസമ്പന്നനായ പൈലറ്റ് ഹെലികോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ ശ്രമിക്കുകയായിരുന്നു.
യൂസുഫലിയും ഭാര്യയും രണ്ട് പൈലറ്റുമാരും മറ്റ് രണ്ട് പേരുമാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. കൊച്ചിയിലെ വീട്ടില്‍ നിന്ന് ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു അദ്ദേഹമെന്നും നന്ദകുമാര്‍ അറിയിച്ചു. കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമേ അപകട കാരണം എന്താണെന്ന് വ്യക്തമാകൂ.
Powered by Info News For You

Comments
Post a Comment