വൈദ്യുതി ബോര്‍ഡും അദാനി ഗ്രൂപും തമ്മില്‍ 8850 കോടിയുടെ വഴിവിട്ട കരാര്‍; 25 വര്‍ഷത്തേക്ക് കൂടിയ തുകയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നീക്കം അടിയന്തരമായി റദ്ദാക്കണം, ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
ഹരിപ്പാട്: (https://ift.tt/39zMPR3) വൈദ്യുതി ബോര്‍ഡും അദാനി ഗ്രൂപും തമ്മില്‍ 8850 കോടിയുടെ വഴിവിട്ട കരാറെന്ന് പ്രതിപക്ഷനേതാവ് പ്രതിപക്ഷ രമേശ് ചെന്നിത്തല. തരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം അവേശേഷിക്കേയാണ് സര്‍കാരിനെതിരെ പുതിയ ആരോപണവുമായി ചെന്നിത്തല രംഗത്തെത്തിയത്. ഹരിപ്പാട്ട് വാര്‍ത്താസമ്മേളനത്തിലാണ് വൈദ്യുതി ബോര്‍ഡും അദാനി ഗ്രൂപും തമ്മില്‍ വഴിവിട്ട കരാറെന്ന് രമേശ് ചെന്നിത്തല ആരോപിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ സംയുക്തമായാണ് അദാനിക്ക് കേരളത്തില്‍ ലാഭമുണ്ടാക്കുന്ന ഒരു കരാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ലിമിറ്റഡ് (SECI) എന്ന കമ്പനിയുമായി ഒപ്പുവച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. 300 മെഗാവാട് വൈദ്യുതി അദാനി ഗ്രൂപില്‍നിന്ന് വാങ്ങാനാണ് കരാര്‍ വച്ചിരിക്കുന്നത്. നിലവില്‍ യൂണിറ്റിന് 2 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി ലഭ്യമാണ് എന്നിരിക്കെ യൂണിറ്റിന് 2.82 രൂപ നിരക്കിലാണ് അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
Renewal purchase obligation (RPO)യുടെ മറവിലാണ് ഈ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനാണിത്. ഇതനുസരിച്ച് 5% വൈദ്യുതി എങ്കിലും ഈ ഇനത്തില്‍ നാം വാങ്ങേണ്ടിവരും. കാറ്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനാണ് കരാര്‍.
25 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വൈദ്യുതി കരാര്‍ ലോകത്ത് ഒരിടത്തുമില്ല. 8850 കോടിയുടെ കരാറില്‍ അദാനിക്ക് 1000 കോടിയിലേറെ രൂപയാണ് ലാഭം. കാറ്റില്‍നിന്നുള്ള വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് രണ്ടു രൂപ 82 പൈസ നിരക്കിലാണ്. മറ്റ് സ്രോതസുകളില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് ഒരു രൂപയാണ് നിരക്ക്. കരാര്‍ അടിയന്തരമായി റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആര്‍ പി ഒയുടെ പരിധിയില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി മാത്രമല്ല, തിരമാലയില്‍നിന്നും സോളാറില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയും ഉള്‍പെടുന്നു. മാത്രമല്ല, 25 മെഗാവാടിന്റെ താഴെയുള്ള ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതിയും ഈ വിഭാഗത്തില്‍ പെടുന്നതാണ്. 25 മെഗാവാടിന് താഴെയുള്ള നിരവധി ജലവൈദ്യുതി പദ്ധതികള്‍ കേരളത്തിലുണ്ട്. അവയില്‍ നിന്ന് യൂണിറ്റിന് 1 രൂപയ്ക്ക് താഴെ നിരക്കില്‍ കറന്റ് ഇപ്പോള്‍ തന്നെ കിട്ടുന്നുണ്ട്. സോളാര്‍ വൈദ്യുതിക്കാകട്ടെ ഇപ്പോള്‍ 2 രൂപയാണ് ശരാശരി വില മാത്രമല്ല, ആഗോള തലത്തില്‍ തന്നെ സോളാര്‍ വൈദ്യുതിയുടെ വില കുറഞ്ഞു കൊണ്ടിരിക്കുന്നു.
അടുത്ത 25 വര്‍ഷത്തേയ്ക്ക് സംസ്ഥാനത്തെ ജനങ്ങളുടെ പോകെറ്റില്‍ നിന്ന് കയ്യിട്ട് വാരാന്‍ അദാനിക്ക് സൗകര്യമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ് പിണറായി സര്‍കാര്‍. കൂട്ടായി ഇടതുപക്ഷത്തിന്റെ പുതിയ സഖ്യകക്ഷികളായ കേന്ദ്രത്തിലെ ബി ജെ പി സര്‍കാരുമുണ്ട്.
കരാര്‍ 25 വര്‍ഷത്തേയ്ക്കായതിനാല്‍ 25 വര്‍ഷവും കൂടിയ വിലയ്ക്ക് നാം വൈദ്യുതി വാങ്ങേണ്ടിവരും. ലോകത്താകമാനം ഇപ്പോള്‍ ഇത്തരം ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ പ്രോത്സാഹിപ്പിക്കാറില്ല. നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണത്തിന് എതിരെ സംസ്ഥാന സര്‍കാര്‍ പ്രസംഗിക്കുകയും സമരം നടത്തുകയുമൊക്കെ ചെയ്തിരുന്നു. എന്നിട്ട് രഹസ്യമായി അദാനി ഗ്രൂപിനെ സഹായിക്കുന്ന നിലപാടാണ് പിന്‍വാതില്‍ വഴി സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
Powered by Info News For You

Comments
Post a Comment