അന്യമതക്കാരിയോടൊപ്പം യാത്ര ചെയ്തുവെന്നാരോപിച്ച് യുവാവിനെ ബസിൽ നിന്നിറക്കി ആക്രമിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ
മംഗളുരു: (www.kasargodvartha.com 03.04.2021) അന്യമതക്കാരിയോടൊപ്പം യാത്ര ചെയ്തുവെന്നാരോപിച്ച് യുവാവിനെ ബസിൽ നിന്നിറക്കി ആക്രമിച്ച സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈകംപാടി ജോക്കട്ടെയിലെ അൻവർ മുഹമ്മദ് (24) ആണ് ആക്രമണത്തിനിരയായത്. അത്താവറിലെ ബാലചന്ദ്ര (28), കണ്ടുകയിലെ ധനുഷ് ഭണ്ഡാരി (25), ശക്തിനഗറിലെ ജയപ്രകാശ് (27) ഉർവയിലെ അനിൽ കുമാർ (38) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ഐപിസി 143, 147, 148, 341, 324, 307, 153 എ, 354, 504, 507, 149 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡിജിറ്റൽ മാർകറ്റിംഗിൽ ജോലി തേടി പെൺകുട്ടി ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. പെൺകുട്ടിക്ക് ബെംഗളൂരു പരിചയമില്ലാത്തതിനാൽ മാതാപിതാക്കളുടെ സമ്മത പ്രകാരം ഒരുമിച്ച് പഠിച്ചയാളും സുഹൃത്തുമായ അൻവർ മുഹമ്മദിനെ ഒപ്പം കൂട്ടിയിരുന്നു. ഒരുമിച്ച് മംഗളൂരുവിൽ നിന്ന് ഇരുവരും ബസ് കയറി. മംഗളൂരു പമ്പ്‌വെൽ എത്തിയപ്പോൾ നാലംഗ സംഘം ബസ് തടയുകയും യുവാവിനെ വലിച്ചിറക്കി പുറത്ത് കൊണ്ട് പോയി ആക്രമിക്കുകയും ആയുധം കൊണ്ട് മുറിവേല്പിക്കുകയും ചെയ്തു.
യുവാവിനെ ഇൻഡ്യാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നതായും സിറ്റി പൊലീസ് കമീഷണർ എൻ ശശി കുമാർ പറഞ്ഞു.
Keywords: Mangalore, News, Karnataka, Youth, Bus, Police, Girl, Travelling, Assault, Attack, Hospital, Four men arrested for assaulting a youth.
Powered by Info News For You

Comments
Post a Comment