കനത്ത പൊലീസ് നിയന്ത്രണത്തില്‍ തൃശ്ശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് പൂരവിളംബരം; സുരക്ഷയ്ക്ക് 2000 പൊലീസുകാര്‍
തൃശ്ശൂര്‍: (https://ift.tt/3avrJ6I) കനത്ത പൊലീസ് നിയന്ത്രണത്തില്‍ 225-ാം തൃശ്ശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് പൂരവിളംബര ചടങ്ങ് നടക്കും. രാവിലെ പതിനൊന്നോടെ നെയ്തലക്കാവ് ഭഗവതി തെക്കേഗോപുര നട തള്ളി തുറക്കുന്നതോടെ 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പൂരത്തിന് തുടക്കമാകും. പൊലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലാകും തൃശ്ശൂര്‍ പൂരം നടത്തിപ്പ്. പൂരത്തോടനുബന്ധിച്ച് തൃശ്ശൂര്‍ നഗരവും പരിസരവും വ്യാഴാഴ്ച വൈകീട്ട് മുതല്‍ പൂര്‍ണമായി പൊലീസ് നിയന്ത്രണത്തിലാകും. 2000 പൊലീസുകാരെയാണ് സുരക്ഷയ്ക്കും പാസ് പരിശോധനയ്ക്കുമായി വിന്യസിച്ചിരിക്കുന്നത്.
സ്വരാജ് റൗണ്ടിലേക്കുളള 19 വഴികളും അടയ്ക്കും. 8 വഴികളിലൂടെ മാത്രമെ പാസുള്ളവര്‍ക്ക് പ്രവേശനമുള്ളൂ. പൊതുജനങ്ങള്‍ക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനമില്ല. ചടങ്ങുകളുമായി ബന്ധപ്പെട്ട് എത്തുന്നവര്‍, ക്ഷേത്ര ഭാരവാഹികള്‍, ആനപാപാന്‍മാര്‍, വാദ്യക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പാസുകള്‍ നല്‍കിയാണ് പ്രവേശനം നല്‍കുക. ആറ് ഡെപ്യൂടി കലക്ടര്‍മാരും പൂരം നടത്തിപ്പിന് നേതൃത്വം നല്‍കും.
ബുധനാഴ്ച നെയ്തലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാസ് വിതരണത്തെക്കുറിച്ച് ആദ്യം ആശയക്കുഴപ്പം നിലനിന്നിരുന്നു. കോവിഡ് പരിശോധനാഫലം വൈകിയതിനാല്‍ രാത്രി വൈകിയും മൂന്ന് പേര്‍ക്ക് മാത്രമേ പാസ് കിട്ടിയിരുന്നുള്ളൂ. പാസ് കിട്ടിയില്ലെങ്കില്‍ എഴുന്നെള്ളിപ്പ് മുടങ്ങുമെന്ന് ദേവസ്വം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പൂരവിളംബരത്തിന് പാസ് വേണ്ടെന്നും, ചടങ്ങില്‍ 50 പേര്‍ മാത്രമേ പാടുള്ളൂ എന്ന് പൊലീസ് നിര്‍ദേശിക്കുകയും ചെയ്തതോടെ ആശയക്കുഴപ്പം അവസാനിക്കുകയായിരുന്നു.
നഗരഭാഗത്തുള്ള ഫ്‌ലാറ്റുകള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. ഇവിടങ്ങളില്‍ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കുന്നത് ഒഴിവാക്കണം. മെഡികല്‍ ഷോപുകള്‍ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങളും, ഷോപിങ്ങ് മാളുകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. പൂരദിവസം സ്വരാജ് റൗണ്ടില്‍ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പകരം എറണാകുളം ശിവകുമാറാണ് ഇത്തവണ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത്. കൊച്ചി രാജവംശത്തിന് നെയ്തലക്കാവ് ക്ഷേത്രവുമായുള്ള ആത്മബന്ധമാണ് ഈ ചടങ്ങിന്റെ ആധാരം. ഘടകപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തലക്കാവിലമ്മ എഴുന്നള്ളുന്നതെന്നാണ് സങ്കല്‍പം.
Powered by Info News For You

Comments
Post a Comment