സംസ്ഥാന, ജില്ലാ അധ്യക്ഷന്മാരെ രംഗത്തിറക്കി ബിജെപി; രണ്ടാമത് നിന്ന് ഒന്നാമതെത്താൻ സുരേന്ദ്രനും ശ്രീകാന്തും
കാസർകോട്: (www.kasargodvartha.com 15.03.2021) കഴിഞ്ഞ കുറെ തെരെഞ്ഞെടുപ്പുകളിലായി രണ്ടാം സ്ഥാനത്തെത്തുന്ന കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങൾ ഇത്തവണയെങ്കിലും താമരകുമ്പിളിലാക്കണമെന്ന ലക്ഷ്യവുമായി കരുത്തരായ സ്ഥാനാർഥികളെ രംഗത്തിറക്കി ബിജെപി മത്സരം കടുപ്പിക്കുന്നു. മഞ്ചേശ്വരത്ത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കാസർകോട് ജില്ലാ അധ്യക്ഷൻ കെ ശ്രീകാന്തും ജനവിധി തേടുന്നു. സുരേന്ദ്രൻ കോന്നിയിൽ നിന്ന് കൂടി മത്സരിക്കുന്നുണ്ട്.
സമര പോരാട്ടങ്ങളിലൂടെ ഉയർന്ന് വന്ന നേതാവാണ് കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ സുരേന്ദ്രൻ. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വിജയയാത്ര നയിച്ച ശേഷമാണ് സുരേന്ദ്രൻ മത്സരത്തിനെത്തുന്നത്. കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനായി 1970 മാർച്10 നാണ് സുരേന്ദ്രൻ ജനിച്ചത്. ഗുരുവായൂരപ്പന്‍ കോളേജില്‍ രസതന്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. സ്‌കൂൾ പഠന കാലത്ത് എബിവിപിയിലൂടെയാണ് സുരേന്ദ്രന്‍ പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്. യുവമോര്‍ചയുടെ സംസ്ഥാന അധ്യക്ഷനായ ശേഷമാണ് സുരേന്ദ്രന്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി, പ്രസിഡന്റ് പദവികളിലെത്തി. നവമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന സുരേന്ദ്രന്റെ പോസ്റ്റുകളെല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.
ലോക്‌സഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും രണ്ട് തവണയും, നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന്‍ 2016ല്‍ മഞ്ചേശ്വരത്ത് വെറും 89 വോട്ടിനാണ് പരാജയപ്പെട്ടത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിൽ നിന്ന് മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് നേടിയിരുന്നു. കോന്നി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 40,000ത്തോളം വോട്ടുകള്‍ നേടി .
ജില്ലാ അധ്യക്ഷനെന്ന കരുത്തുമായാണ് കാസർകോട് മണ്ഡലത്തിൽ കെ ശ്രീകാന്ത് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് എടനീർ ഡിവിഷനിൽ നിന്ന് ഒരു തവണ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . 2016 ൽ നിയമസഭയിലേക്ക് ഉദുമയിൽ നിന്നും ജനവിധി തേടിയിരുന്നു. തൃക്കണ്ണാട് സ്വദേശിയായ അദ്ദേഹം വാസുദേവ അരളിത്തായയുടെയും യശോദയുടെയും മകനായി 1975 ലാണ് ജനിച്ചത്. എസ് ഡി എം ലോ കോളജില്‍ നിന്നുള്ള നിയമ ബിരുദദാരിയാണ്. സ്‌കൂൾ പഠന കാലത്ത് എബിവിപിയിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. ബിജെപി ജില്ലാ ജനറൽ സെക്രടറി, യുവമോര്‍ച്ച ജില്ലാ ജനറൽ സെക്രടറി, ജില്ലാ പ്രസിഡന്റ്, ഉദുമ മണ്ഡലം പ്രസിഡന്റ്, ഉദുമ പഞ്ചായത്ത് ബിജെപി ജനറൽ സെക്രടറി, ഉദുമ മണ്ഡലം ജനറൽ സെക്രടറി പദവികളും വഹിച്ചിട്ടുണ്ട്. 2005-ല്‍ ജില്ലാ പഞ്ചായത്ത് ചെമ്മനാട് ജില്ലാ ഡിവിഷന്നിൽ നിന്ന് മത്സരിച്ചിരുന്നു.
മലയാളം, കന്നഡ, തുളു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ കൈകാര്യം ചെയ്യാനറിയാം. കെആര്‍ കമലശ്രീയാണ് ഭാര്യ. അനിരുദ്ധ്, അനഘ മക്കളാണ്.
Keywords: Kasaragod, Kerala, News, BJP, Niyamasabha-Election-2021, K.Surendran, Adv.Srikanth, Manjeshwaram, President, ABVP, Yuvamorcha, College, BJP state and district presidents; Surendran and Srikanth to move from second to first.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment