വഴക്കിനിടെ പെണ്‍കുട്ടിയെ കൊക്കയിലേക്ക് തള്ളിയിട്ടു; യുവാവ് തൂങ്ങിമരിച്ച നിലയില്‍, പെണ്‍കുട്ടിയെ 26 മണിക്കൂറുകള്‍ക്കു ശേഷം രക്ഷപ്പെടുത്തി
കുളമാവ്: (https://ift.tt/3rwugmJ) വഴക്കിനിടെ പെണ്‍കുട്ടിയെ കൊക്കയിലേക്ക് തള്ളിയിട്ടശേഷം യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം നാടുകാണി പവിലിയനില്‍ എത്തിയ മേലുകാവ് ഇല്ലിക്കല്‍ (മുരിക്കന്‍ തോട്ടത്തില്‍) അലക്സിനെ (23) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 250 അടി ആഴമുള്ള കൊക്കയിലേക്ക് വീണ പെണ്‍കുട്ടിയെ 26 മണിക്കൂറുകള്‍ക്കു ശേഷം രക്ഷപ്പെടുത്തി. കാലിന്റെയും ഇടുപ്പെല്ലിന്റെയും അസ്ഥികള്‍ക്കു പൊട്ടലുണ്ട്.
വ്യാഴാഴ്ച മുതല്‍ അലക്സിനെയും പെണ്‍കുട്ടിയെയും കാണാനില്ലെന്ന് ബന്ധുക്കള്‍ കാഞ്ഞാര്‍, മേലുകാവ് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ റോഡില്‍ ബൈകും ഹെല്‍മറ്റുകളും ബാഗും ഇരിക്കുന്നത് സമീപത്തുള്ള റിസോര്‍ട് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് കുളമാവ് പൊലീസ് നടത്തിയ തിരച്ചിലിലാണ് പരുക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെയും മരിച്ച നിലയില്‍ യുവാവിനെയും കണ്ടെത്തിയത്. മൂലമറ്റത്തുനിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് കൊക്കയില്‍ നിന്നു സ്‌ട്രെചറില്‍ വടം കെട്ടി പെണ്‍കുട്ടിയെ മുകളിലെത്തിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അലക്‌സും പ്ലസ് ടു വിദ്യാര്‍ഥിനിയും സുഹൃത്തുക്കളാണെന്നും വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ഇവര്‍ ബൈകില്‍ നാടുകാണി പവിലിയനു സമീപം എത്തിയതെന്നും പൊലീസ് പറയുന്നു. നാടുകാണിയിലെ വ്യൂ പോയിന്റില്‍ നിന്ന് അല്‍പം അകലെയുള്ള ഒരു പാറക്കെട്ടില്‍ നിന്നു താഴേക്കു വീണ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇരുവരും പാറക്കെട്ടിലിരുന്നു സംസാരിക്കുമ്പോള്‍ വഴക്കുണ്ടായെന്നും യുവാവ് പെണ്‍കുട്ടിയെ പാറക്കെട്ടില്‍ നിന്നു താഴേക്കു തള്ളിയിട്ടുവെന്നും പൊലീസ് പറയുന്നു. താഴേക്കു വീണുപോയ പെണ്‍കുട്ടി ബോധരഹിതയായി. അലക്‌സ് പാറക്കെട്ടിലൂടെ ഇറങ്ങി താഴെയെത്തി. പെണ്‍കുട്ടി മരിച്ചെന്നു കരുതിയ യുവാവ് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചെന്നും പൊലീസ് പറയുന്നു.
അലക്സിന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: ജോസഫ് (സാബു), മാതാവ്: ഏലിയാമ്മ. ഒരു സഹോദരിയുണ്ട്.
അതേസമയം അലക്‌സിനെ കൊലപ്പെടുത്തിയതാണെന്നു സംശയമുണ്ടെന്നു സഹോദരി ലിജി മോള്‍ എം ജോസഫ് പൊലീസില്‍ പരാതി നല്‍കി. അലക്സിനെ വകവരുത്തുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment