വിനോദസഞ്ചാരികളുടെ മനം കവര്‍ന്ന് ആഢംബര ട്രെയിന്‍ വീണ്ടും ട്രാകിലേക്ക്; ഗോള്‍ഡന്‍ ചാരിയറ്റ് മാര്‍ച് 14 മുതല്‍ സെര്‍വീസ് തുടങ്ങും; ഒരുക്കുന്നത് മൂന്ന് പാകേജുകള്‍ ; വിമാന ടികെറ്റ് സൗജന്യം
ബെംഗളൂരു: (www.kvartha.com 02.03.2021) വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ആഢംബര ട്രെയിന്‍ ആയ ഗോള്‍ഡന്‍ ചാരിയറ്റ് സെര്‍വീസ് പുനരാരംഭിക്കുന്നു. മാര്‍ച് 14 മുതല്‍ ഓടിത്തുടങ്ങും. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് സെര്‍വീസ് നിര്‍ത്തി വെച്ചിരുന്നത്. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ടികെറ്റ് ബുക് ചെയ്യാം. ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ഓഫറും ഉണ്ട്, ബെംഗളൂരുവില്‍ നിന്ന് ചണ്ഡിഗഡിലേക്കുള്ള സൗജന്യ വിമാന ടികെറ്റ് ലഭിക്കും.
ടൂറിസം രംഗത്തെ പരിപോഷിക്കുന്നതിന് വേണ്ടി കര്‍ണാടക സര്‍കാര്‍ 2008 ലാണ് ഗോള്‍ഡന്‍ ചാരിയറ്റ് ട്രെയിന്‍ സെര്‍വീസ് ആരംഭിച്ചത്. പേര് പോലെത്തന്നെ ആഢംബര രഥമാണിത്. കേന്ദ്ര - സംസ്ഥാന സര്‍കാരിന്റെയും റയില്‍വേ വകുപ്പിന്റെയും സംയുക്ത പങ്കാളിത്തത്തിലാണ് ആരംഭിച്ചത്. പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കുന്നതിന് പുറമെ ആഡംബരത്തിനും കുറവു വരുത്തിയിരുന്നില്ല. ആയിരക്കണക്കിന് പേരാണ് ഈ സുവര്‍ണ രഥത്തില്‍ സ്ഥലങ്ങള്‍ ചുറ്റിക്കണ്ടത്.
ഇത്തവണ യാത്രയ്ക്ക് മൂന്ന് പാകേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൈഡ് ഓഫ് കര്‍ണാടക, ജുവല്‍സ് ഓഫ് സൗത്, ഗ്ലിംപ്സസ് ഓഫ് കര്‍ണാടക എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പാകേജുകള്‍ ഈ ട്രെയിനില്‍ ഉണ്ടാകും.
പ്രൈഡ് ഓഫ് കര്‍ണാടക പാകേജുകള്‍ ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര ആരംഭിച്ച് ബന്ദിപ്പൂരിലേക്ക് പോകും. വൈകുന്നേരം 4.30 മുതല്‍ 6.30 വരെ അവിടെ സഫാരി ഉണ്ടാവും. തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെ മൈസുരുവിലെത്തും. തിങ്കളാഴ്ച പ്രഭാതഭക്ഷണത്തിന് ശേഷം വിനോദസഞ്ചാരികളെ മൈസൂരു കൊട്ടാരത്തിലേക്ക് കൊണ്ടുപോകും. വൈകുന്നേരം ട്രെയിന്‍ ശ്രീരംഗപട്ടണയിലെത്തും. ചൊവ്വാഴ്ച ഹലെബീട്, ബുധനാഴ്ച ഹംപി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. വ്യാഴാഴ്ച ബദാമി ഗുഹകള്‍ കാണാം, അവിടെ പട്ടടകല്ല്, ഐഹോള്‍ എന്നിവയും സന്ദര്‍ശിക്കും. ആറാമത്തെ ദിവസം ഗോവയിലേക്ക് പോകും. വടക്കന്‍ ഗോവയിലെ പള്ളികളും മ്യൂസിയങ്ങളും സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയും. ട്രെയിന്‍ ശനിയാഴ്ച ബെംഗളൂരുവിലേക്ക് മടങ്ങും.
ജുവല്‍സ് ഓഫ് സൗത് പാകേജില്‍ ട്രെയിന്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച ഹംപിയിലെത്തും. ചൊവ്വാഴ്ച തമിഴ്നാട്ടിലെ മഹാബലിപുരത്തേക്ക് കൊണ്ടുപോകും. ബുധനാഴ്ച തഞ്ചാവൂരും ചെട്ടിനാടും സന്ദര്‍ശിക്കും, വ്യാഴാഴ്ച കൊച്ചിയിലും വെള്ളിയാഴ്ച കുമരകത്തും സഞ്ചാരികളെ കൊണ്ട് പോയി ശനിയാഴ്ച ബെംഗളൂരുവിലേക്ക് മടങ്ങും.
മൂന്ന് രാത്രിയും നാല് പകലും ഉള്‍ക്കൊള്ളുന്ന പാകേജാണ് ഗ്ലിംപ്സസ് ഓഫ് കര്‍ണാടക. ട്രെയിന്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നിന്ന് ബന്ദിപ്പൂരിലെത്തും. തിങ്കളാഴ്ച മൈസൂരുവും ചൊവ്വാഴ്ച ഹംപിയും സന്ദര്‍ശിച്ച് ബുധനാഴ്ച ബെംഗളൂരുവിലേക്കും മടങ്ങും.
Keywords: Bangalore, Karnataka, Train, Travel, Package, Air Plane, COVID-19, Online, Government, Central, Mysore Palace, Luxury train back on track, captivating tourists; The Golden Chariot will begin service on March 14; Preparing three packages; Air ticket free.
Powered by Info News For You

Comments
Post a Comment