മനസ്സ് നിറഞ്ഞു മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം
കാസര്‍കോട്: (www.kasrgodvartha.com 09.02.2021) വന്നവര്‍ക്കെല്ലാം ആശ്വാസത്തിന്റെ കരസ്പര്‍ശവുമായി മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിന്റെ ആദ്യ ദിനം. റവന്യു മന്ത്രി ഇ ചന്ദ്രശേഖന്‍, ആരോഗ്യ മന്ത്രി കെ കെ ശൈലജ, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ 'സാന്ത്വന സ്പര്‍ശം' പരിപാടിക്ക് നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ ആയിരുന്നു പരിപാടി. ആദ്യ ദിനം 2470 അപേക്ഷകളായിരുന്നു ആകെ ലഭിച്ചത്. ഇതില്‍ 1635 അപേക്ഷകള്‍ ഓണ്‍ലൈനിലും 835 എണ്ണം നേരിട്ടും ലഭിച്ചു
മകന്‍ ആദിദേവിന്റെ ചികിത്സാ സഹായത്തിന് റേഷന്‍ കാര്‍ഡ് സ്വന്തമാക്കാനെത്തിയ മാലോം കാറ്റാംകവല പട്ടികവര്‍ഗ കോളനിയിലെ അശ്വതിക്കും രാജേഷിനും റേഷന്‍ കാര്‍ഡും കൈവശാവകാശ സര്‍ടിഫികറ്റും ആധാരവും മന്ത്രിമാര്‍ കൈമാറി. കുട്ടിയുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ ജില്ലാ കളക്ടറെ ആരോഗ്യ വകുപ്പ് മന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു. ജന്മനാ മലമൂത്ര വിസര്‍ജന അവയവങ്ങളില്ലാതെ പിറന്ന ഈ ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്ക് സര്‍ക്കാരിന്റെ വിവിധ ചികിത്സാ ആനുകൂല്യങ്ങള്‍ ഇനി ലഭ്യമാകും.
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പാര്‍ട് ടൈം സ്വീപറായി ജോലി ചെയ്തിരുന്ന സീമയ്ക്ക് എത്രയും വേഗം ജോലി സ്ഥിരമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് നിയമന ഉത്തരവ് നല്‍കാന്‍ റവന്യു മന്ത്രി പഞ്ചായത്ത് ഡെപ്യൂടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അഞ്ചു വര്‍ഷമായി വാതരോഗത്താല്‍ കഷ്ടപ്പെടുന്ന തെക്കേക്കോട്ടെ ജാനകിയ്ക്ക് അടിയന്തിര സഹായമായി 25000 രൂപ അനുവദിച്ചു.
ഇരുവൃക്കകളും തകരാറിലായ പള്ളിക്കര പഞ്ചായത്തിലെ സി എച് സഫറൂന്നീസയുടെ മകനായ 11കാരനായകുഞ്ഞഹമ്മഹമ്മദിന്റെ ഇനിയുള്ള മുഴുവന്‍ ചികിത്സയും ദേശീയ ആരോഗ്യ ദൗത്യത്തിലൂടെ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഉറപ്പു നല്‍കി.
കഴുത്തിന് താഴെ ശരീരം തളര്‍ന്ന് പോകുന്ന അവസ്ഥയിലുള്ള പള്ളിക്കരയിലെ ഒമ്പത് വയസ്സുകാരനായ മുഹമ്മദ് ഫവാസ് മൊയ്തീന് പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന വീല്‍ചെയര്‍ ആരോഗ്യ വകുപ്പ് മന്ത്രി അദാലത്ത് വേദിയില്‍ കൈമാറി.
അനവധി പരാതികള്‍ അദാലത്തിലൂടെ തീര്‍പ്പാക്കി. മന്ത്രിമാര്‍ക്ക് പുറമെ എം രാജഗോപലന്‍ എം എല്‍ എ, കെ കുഞ്ഞിരാമന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, പൊതുമരാമത്ത് വകുപ്പ് സെക്രടറി ആനന്ദ് സിംഗ്, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാതല ഉദ്യോഗസ്ഥര്‍ തഹസില്‍ദാര്‍മാര്‍ പങ്കെടുത്തു.
Keywords: Kerala, Kasaragod, News, Health-Minister, Minister, MLA, E.Chandrashekharan-MLA, Kanhangad, Revenue Minister, Pinarayi-Vijayan, Application, Adalath, Ration Card, District Collector, Health, CM's 'touch of consolation' fills the mind with relief and happiness.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment