ടാറ്റാ കോവിഡ് ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം പരിസരത്തെ കിണറിലേക്ക് ഒഴുകുന്നതായി പരാതി; അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ്
ചട്ടഞ്ചാൽ: (www.kasargodvartha.com 10.01.2021) ടാറ്റാ കോവിഡ് ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടി വിസർജ്യം പരിസരത്തെ കിണറിലേക്ക് ഒഴുകുന്നതായി പരാതി. സംഭവത്തിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നു. കൊട്ടിഘോഷിച്ച് ആരംഭിച്ച തെക്കിൽ ടാറ്റാകോവിഡ് ആശുപത്രിയിലെ സെപ്റ്റിക് ടാങ്കാണ് പൊട്ടിയൊലിച്ച് പരിസര പ്രദേശത്തുകാർക്ക് താമസിക്കാൻ സാധിക്കാനാകാത്തവിധം പ്രശ്ന സങ്കീർണ്ണമായി തീർന്നിരിക്കുന്നത്.
പ്രദേശവാസികൾക്ക് ദുർഗന്ധം സഹിച്ച് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി പ്രശ്നത്തിൽ ഇടപ്പെടണമെന്ന് കെ പി സി സി ജനറൽ സെക്രടറി ജി രതികുമാറും, ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിലും ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു.
മാസങ്ങളോളമായി കുന്നിൽ മുകളിൽ സ്ഥിതി ചെയ്യുന്ന കോവിഡ് ആശുപത്രിയിൽ നിന്നും മാലിന്യവിസർജ്യങ്ങൾ പുറന്തളളുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് നേതാക്കൾ ചോദിച്ചു.
മല - മൂത്ര, വിസർജ്യങ്ങൾ പുറന്തള്ളുന്നതിനാൽ നിരവധി വീടുകളിലെ കിണറുകളിൽ നിന്നും കുടിവെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്നും പരിസര പ്രദേശത്തെ താമസക്കാരും പറഞ്ഞു. ഈ ദുരവസ്ഥ ഒഴിവാക്കാൻ സർക്കാരും മറ്റു അധികാരികളും അടിയന്തിരമായി ഇടപ്പെടണമെന്ന് സ്ഥലം സന്ദർശിച്ച നേതാക്കൾ ആവശ്യപ്പെട്ടു.
ഉദുമ ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ, ജനറൽ സെക്രടറി സുകുമാരൻ പൂച്ചക്കാട്, ചെമ്മനാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കൃഷ്ണൻ ചട്ടഞ്ചാൽ, ഖാദർ മല്ലം, ഹമീദ് തെക്കിൽ, മുഹമ്മദ് ശാഫി തെക്കിൽ, ശറഫുദ്ദീന്‍ മൂപ്പൻ തുടങ്ങിയവർ നേതാക്കൾക്കൊപ്പം സ്ഥലം സന്ദർശിക്കാൻ ഉണ്ടായിരുന്നു.
Keywords: Hospital, COVID-19, News, Chattanchal, Kasaragod, Kerala, Complaint, Leader, Well, Congress, Tata Covid Hospital, Septic Tank, Explosion, Complaint over septic tank explosion at Tata Covid Hospital spills over into well.
Powered by Info News For You

Comments
Post a Comment