ഗോവധ നിരോധ നിയമം: കർണാടക സർകാറിന് ഹൈകോടതി നോടീസ്
മംഗളൂരു: (www.kasargodvartha.com 13.01.2021) സമ്പൂർണ ഗോവധ നിരോധ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാല്പര്യ ഹരജിയിൽ സംസ്ഥാന സർകാറിന് കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക, ജസ്റ്റിസ് ശങ്കർ മഗഡും എന്നിവരുടെ ഡിവിഷൻ ബെഞ്ച് നോടീസ്. കഴിഞ്ഞ മാസം ഒമ്പതിന് നിയമസഭയിൽ ചർച്ചയില്ലാതെ ബി ജെ പി അംഗബലത്തിൽ പാസാക്കിയ ബിൽ പാർടിക്ക് ഭൂരിപക്ഷമില്ലാത്ത ഉപരിസഭയായ കൗൺസിലിൽ വെക്കാതെ ഈ മാസം ആറിന് ഗവർണർ ഒപ്പിട്ട ഓർഡിനൻസിലൂടെയാണ് നിയമമാക്കിയത്. ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധവും നിയമമാക്കാൻ അവലംബിച്ച രീതി ജനാധിപത്യവിരുദ്ധവുമാണെന്ന് ഹരജിക്കാരൻ മുഹമ്മദ് ആരിഫ് ജമീൽ ചൂണ്ടിക്കാട്ടി.
പതിമൂന്നിൽ കൂടുതൽ പ്രായമുള്ള പോത്തുകൾ ഒഴികെ പശു, കാള, കാളക്കുട്ടൻ തുടങ്ങിയവയുടെ കശാപ്പ്, വില്പന, കടത്ത് എന്നിവ ഓർഡിനൻസ് വ്യവസ്ഥകൾ പ്രകാരം ഏഴു വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ദലിതുകൾ, മുസ്ലിംകൾ, മംഗളോറിയൻകാർ, കേരളീയർ, രാജ്യത്തിന്റെ വടക്കുകിഴക്ക് ദേശക്കാർ എന്നിവർ ബീഫ് കഴിക്കുന്നവരാണ്. ഇവർ കർണാടകയിൽ വിവിധ തുറകളിൽ പ്രവർത്തിക്കുകയും താമസിക്കുകയും ചെയ്യുന്നുണ്ടെന്ന് ഹരജിയിൽ പറഞ്ഞു.
പൗരന്റെ മൗലികാവകാശം ചവിട്ടിയുരച്ചുനിരങ്ങാൻ പൊലീസിനും ഒപ്പം റവന്യൂ, മൃഗസംരക്ഷണ അധികൃതർക്കും സ്വാതന്ത്ര്യം നൽകുന്നതാണ് ഓർഡിനൻസ്. പൗരന്റെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ പൊലീസിന് ഓർഡിനൻസ് അധികാരം നൽകുന്നു. ഗോമാംസം തേടി സബ് ഇൻസ്പെക്ടറോ മുകളിലോ റാങ്കുള്ള പൊലീസ് ഉദ്യോഗസ്ഥന് എവിടെയും പരിശോധിക്കാം. തഹസിൽദാറോ വെറ്ററിനറി ഓഫീസറോ ഒപ്പമുണ്ടായാൽ മതി. കർണാടകയിൽ പൊതുവേയും തീരമേഖലയിൽ സവിശേഷമായും കാലിക്കടത്തിന്റേയും കശാപ്പിന്റേയും പേരിലുള്ള അക്രമങ്ങൾ പെരുകുമെന്ന് ഹരജി ചൂണ്ടിക്കാട്ടി.
നിയമത്തിന്റെ അനുബന്ധമായി ചട്ടങ്ങളുണ്ടാക്കാനുള്ള നടപടികളിലാണ് സർകാറെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ ബോധിപ്പിച്ചു. ഈ മാസം 18നേ ഇത് പൂർത്തിയാവൂ എന്നും അറിയിച്ചു.
Keywords: Karnataka, News, Mangalore, Cow, Government, High-Court, Cow slaughter ban: High Court issues notice to Karnataka.
Powered by Info News For You

Comments
Post a Comment