ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച സംഭവം: ജെസിബി ഡ്രൈവറെ ചോദ്യം ചെയ്യും
കാസര്‍കോട് (www.evisionnews.co): ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. ആദൂര്‍ സിഐ വികെ വിശ്വംഭരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ബേബിയെ വെടിവെക്കാനുപയോഗിച്ച നാടന്‍ തോക്ക് പൊലീസ് വീടിന് 200 മീറ്റര്‍ അകലെ റബര്‍ തോട്ടത്തില്‍ കണ്ടെടുത്തിരുന്നു. തോക്ക് ബാലസ്റ്റിക് പരിശോധനയ്ക്ക് വിധേയമാക്കും.
അതേസമയം, ഒരു ജെസിബി ഡ്രൈവറുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന സംശയമാണ് വിജയനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. ഈ ജെസിബി ഡ്രൈവര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് വിജയന്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് കാനത്തൂര്‍ വടക്കേക്കര കോളനിയിലെ സി. വിജയന്‍(38) ഭാര്യ ബേബി ശാലിനിയെ(32) വെടിവെച്ചുകൊന്ന ശേഷം ആത്മഹത്യ ചെയ്തത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ വിജയന്‍ ബേബിയെ വെടിവെച്ച് കൊന്ന ശേഷം വീടിന് സമീപത്തെ വനത്തിലേക്ക് പോയി തൂങ്ങിമരിക്കുകയായിരുന്നു.
കൊലനടന്ന അന്ന്് മദ്യപിച്ച് വീട്ടിലെത്തിയ വിജയന്‍ ജെസിബി ഡ്രൈവറുടെ കാര്യംപറഞ്ഞ് ഭാര്യയുമായി വഴക്കുകൂടുകയും പ്രകോപിതനായി ബേബിശാലിനിയെ വെടിവെക്കുകയുമായിരുന്നു. ജെസിബി ഡ്രൈവര്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് പറഞ്ഞു. വടക്കേക്കരയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി. വീട്ടിനുള്ളില്‍ ബേബി വെടിയേറ്റുകിടന്ന സ്ഥലത്തെ രക്തസാംബിളുകളും ചുമരില്‍ വെടിയുണ്ട തുളച്ചുകയറിയ അടയാളങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment