ജില്ലാ കോടതിയിലെ ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം റിയാസ് മൗലവി വധക്കേസ് ഉള്‍പ്പടെ വിചാരണ മുടങ്ങി


കാസര്‍കോട് (www.evisionnews.co): ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജഡ്ജിമാര്‍ക്ക് തുടരെ തുടരെ സ്ഥലംമാറ്റം ഉണ്ടാവുന്നത് കോടതി നടപടികള്‍ അനിശ്ചിതത്തിലാക്കുന്നു. അവസാനമായി ജനുവരി ആറിന് പഞ്ചപകേശനാണ് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ സ്ഥാനം ഒഴിഞ്ഞത്. കുറച്ചുമാസങ്ങള്‍ക്കകം ഇത് മൂന്നാമത്തെ ജഡ്ജിയാണ് സ്ഥാനമൊഴിയുന്നത്. 

കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പൂര്‍ത്തിയാകാറായ ഘട്ടത്തിലാണ് പല കാരണങ്ങള്‍ കൊണ്ടും കേസിന്റെ തുടര്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്തത്. ജില്ലാ ജഡ്ജിയായിരുന്ന മനോഹര്‍ കിണിയുടെ മേല്‍നോട്ടത്തിലാണ് റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ആദ്യം മുന്നോട്ടുപോയത്. വിചാരണ പകുതിയായപ്പോള്‍ മനോഹര്‍ കിണി സ്ഥലംമാറി പോകുകയും ജഡ്ജി അജിത്കുമാര്‍ ചുമതലയേല്‍ക്കുകയും ചെയ്തു. 

സാക്ഷിവിസ്താരം വരെ പൂര്‍ത്തിയായി വിചാരണ അവസാനഘട്ടത്തിലെത്തിയപ്പോള്‍ അജിത് കുമാറിനും സ്ഥലംമാറ്റം ലഭിച്ചു. ഇതോടെ കുറച്ചുനാള്‍ ജില്ലാ കോടതിയില്‍ ജഡ്ജിയുടെ സേവനം ഇല്ലായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രണ്ടുമാസക്കാലം ജില്ലാ കോടതിയും അടഞ്ഞുകിടന്നു. പിന്നീട് കോടതി തുറന്ന് പ്രവര്‍ത്തനമാരംഭിച്ചുവെങ്കിലും കുറച്ചുനാള്‍ കഴിഞ്ഞാണ് പുതിയ ജഡ്ജിയായി പഞ്ചപകേശന്‍ ചുമതലയേറ്റത്. കോവിഡ് നിയന്ത്രണങ്ങള്‍ പ്രതികളെയും സാക്ഷികളെയും കോടതിയില്‍ ഹാജരാക്കുന്നതിന് തടസമായതിനാല്‍ വിചാരണ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനായില്ല. വിചാരണ പല തവണ നീട്ടിവെക്കേണ്ടിവന്നു. പകരം ആരും ഇതുവരെ ചുമതലയേറ്റിട്ടില്ല. 

റിയാസ് മൗലവി വധക്കേസിന് പുറമെ ജില്ലാകോടതിയില്‍ ചീമേനി പുലിയന്നൂര്‍ ജാനകി വധക്കേസിന്റെ വിചാരണയും മുടങ്ങിക്കിടക്കുകയാണ്. ഈ കേസിലും വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ഇടയ്ക്ക് നിര്‍ത്തിവെക്കോണ്ടിവന്നത്. പെരിയ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസിന്റെ വിചാരണ നടപടിക്രമങ്ങളും എങ്ങുമെത്താതെ പോയി. ജില്ലാ കോടതിയില്‍ ഇനിയെന്നാണ് പുതിയ ജഡ്ജി ചുമതലയേല്‍ക്കുകയെന്ന് വ്യക്തമല്ല. 





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?