'2 പെണ്‍മക്കളെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയത് പ്രകൃതിയുടെ അദൃശ്യശക്തികള്‍, പുനരുജ്ജീവിപ്പിക്കാന്‍ 24 മണിക്കൂര്‍ സമയം നല്‍കണം'; ഇരട്ട കൊലപാതകം വിരല്‍ ചൂണ്ടുന്നത് കുടുംബത്തിന്റെ നിഗൂഢതകളിലേക്ക്
ചിറ്റൂര്‍: (https://ift.tt/39lA50J) നാടിനെ ഞെട്ടിച്ച ആന്ധ്രപ്രദേശിലെ മദനപ്പള്ളെയില്‍ രണ്ടു പെണ്‍മക്കളെ അമ്മ കൊലപ്പെടുത്തിയതില്‍ ദുരൂഹത തുടരുന്നു. അച്ഛനും അമ്മയും ചേര്‍ന്നാണു രണ്ടുപേരെയും കൊന്നതെന്നായിരുന്നു ആദ്യ റിപോര്‍ടുകള്‍. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് ഞായറാഴ്ചയാണ് ഇരുവരെയും കൊന്നത്. മക്കള്‍ പുനര്‍ജനിക്കുമെന്ന് ഒരു മന്ത്രവാദി പറഞ്ഞതായി മാതാപിതാക്കള്‍ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.
പ്രതിയുടെ ഭര്‍ത്താവ് പുരുഷോത്തം നായിഡു മദനപ്പള്ളെ ആസ്ഥാനമായുള്ള ഗവ. ഡിഗ്രി കോളജ് ഫോര്‍ വിമനിലെ പ്രിന്‍സിപലാണ്. അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസ് രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണു കണ്ടത്. ഇരട്ട കൊലപാതകം നടന്ന സാഹചര്യങ്ങള്‍ കുടുംബത്തിന്റെ നിഗൂഢതകളിലേക്കു വിരല്‍ ചൂണ്ടുന്നതായി പൊലീസ് സൂചിപ്പിച്ചു.
മദനപ്പള്ളെയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പദ്മജ (50), തന്റെ പെണ്‍മക്കളായ അലേക്യ (27), ദിവ്യ സായി (22) എന്നിവരെ ത്രിശൂലം കൊണ്ടു കുത്തിയശേഷം പിന്നീടു ഡംബല്‍ കൊണ്ടു മര്‍ദിച്ചെന്നുമാണു കേസ്. ഭോപാലിലെ സെന്‍ട്രല്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂടിലാണ് അലേക്യ ജോലി ചെയ്തിരുന്നത്. സംഗീതത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ദിവ്യ എ ആര്‍ റഹ്മാന്റെ സംഗീത അകാദമിയില്‍ പരിശീലനം നേടിയിട്ടുണ്ട്.
സംഭവത്തില്‍ വസ്തുതര്‍ക്ക സാധ്യതയും പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ പൊരുത്തമില്ലാത്തതും വിചിത്രവുമായ മൊഴികളാണു ദമ്പതികള്‍ നല്‍കുന്നത്. തങ്ങളെ നയിക്കുന്ന പ്രകൃതിയുടെ അദൃശ്യശക്തികളാണു പെണ്‍മക്കളെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഇവര്‍ പറഞ്ഞതായാണു വിവരം. മക്കളെ പുനരുജ്ജീവിപ്പിക്കാന്‍ 24 മണിക്കൂര്‍ സമയം നല്‍കണമെന്ന് ഇവര്‍ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
'ഞങ്ങള്‍ അവരെ രണ്ടുപേരെയും നിരീക്ഷിക്കുകയാണ്. മാനസിക പ്രശ്‌നങ്ങള്‍ക്ക് എന്തെങ്കിലും ചികിത്സ ആവശ്യമുണ്ടോ എന്നു പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കൊലപാതകത്തില്‍ പ്രതിയുടെ ഭര്‍ത്താവിന്റെ പങ്കും പരിശോധിക്കുകയാണ്' ഡപ്യൂടി പൊലീസ് സൂപ്രണ്ട് എ രവി മനോഹര്‍ ആചാരി പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ സംസ്‌കരിച്ചു.
Powered by Info News For You

Comments
Post a Comment