അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞു 19 വാഹനങ്ങള്‍ കൂട്ടിയിടിച്ച അപകടത്തില്‍ മരിച്ച ഡ്രൈവര്‍ മലയാളി; പരിക്കേറ്റ 8 പേരില്‍ 3 പേരുടെ നില ഗുരുതരം
അബൂദബി: (www.kvartha.com 20.01.2021) അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞു 19 വാഹനങ്ങള്‍ കൂട്ടിയിടിച്ച അപകടത്തില്‍ മരിച്ച ബസിന്റെ ഡ്രൈവര്‍ മലയാളി. തൃശൂര്‍ ചെറുചേനം വാക്കേപറമ്പില്‍ നൗഷാദ് (45) ആണ് മരിച്ചത്. അതിനിടെ പരിക്കേറ്റ എട്ടു പേരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. അബൂദബി സെക്യൂരിറ്റി കമ്പനിയില്‍ ഡ്രൈവറായ നൗഷാദ് ബസില്‍ ജീവനക്കാരുമായി ജോലി സ്ഥലത്തേക്കു പോകവേ അല്‍മഫ്‌റഖിലായിരുന്നു അപകടം. 

കനത്ത മഞ്ഞില്‍ നൗഷാദ് ഓടിച്ച ബസ് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. ബസ് നിര്‍ത്തി പുറത്തിറങ്ങി നോക്കുന്നതിനിടെ പിന്നിലെത്തിയ വാഹനം ഇടിക്കുകയും രണ്ടു വാഹനങ്ങള്‍ക്കിടയില്‍പെട്ട നൗഷാദ് തല്‍ക്ഷണം മരിക്കുകയും ചെയ്തു. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: നസീബ. മക്കള്‍: നാഷിമ, നാഷിദ, നൗഫിദ്.
ഗുരുതരമായി പരിക്കേറ്റവരെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലും അല്ലാത്തവരെ ഷെയ്ഖ് ഖലീഫാ ആശുപത്രിയിലേക്കും മാറ്റി. ബസ്, കാറ്, ട്രക്ക് എന്നീ വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. രാവിലെ ജോലിക്കു പോയവരാണ് അപകടത്തില്‍ പെട്ടത്. യുഎഇയില്‍ ഏതാനും ദിവസമായി തുടരുന്ന മഞ്ഞ് കഴിഞ്ഞദിവസം ശക്തമാകുകയായിരുന്നു.
ദുബൈയില്‍ ചൊവ്വാഴ്ച മൂന്നു മണിക്കൂറിനിടെ 22 ചെറിയ അപകടങ്ങളുണ്ടായതായി ദുബൈ പൊലീസ് റിപോര്‍ട് ചെയ്തു. മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയ സമയങ്ങളിലും ദൃശ്യപരിധി 1000 മീറ്ററായി കുറഞ്ഞാലും വേഗം മണിക്കൂറില്‍ 80 കിലോമീറ്ററാക്കി കുറയ്ക്കുമെന്നും ഇതു ഡിജിറ്റല്‍ ബോര്‍ഡില്‍ തെളിയുമെന്നും അബൂദബി പൊലീസ് സൂചിപ്പിച്ചു.
വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും ഡ്രൈവിങില്‍ മാത്രം ശ്രദ്ധിക്കണമെന്നും മതിയായ അകലം പാലിക്കണമെന്നും പൊലീസ് പറഞ്ഞു. പരസ്പരം കാണാത്തവിധം ദൂരക്കാഴ്ച കുറഞ്ഞാല്‍ റോഡില്‍നിന്നും മാറി വാഹനം നിര്‍ത്തിയിട്ടശേഷം ഹസാര്‍ഡ് ലൈറ്റ് ഇടണം. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു.
Keywords: Malayalee driver died in 19-vehicle collision in Abu Dhabi; Three of the eight injured are in critical condition, Abu Dhabi, News, Accidental Death, Malayalee, Injured, Hospital, Treatment, Gulf, World.
Powered by Info News For You
Comments
Post a Comment