പശുവും കിടാവും തെളിച്ചുവന്ന റോബിന് മേയര്‍ നക്ഷത്രം സമ്മാനിച്ച അരിവാള്‍

സൂപ്പി വാണിമേല്‍

കോഴിക്കോട്:(www.kasargodvartha.com 08.12.2020) പശുവും കിടാവുമായിരുന്നു അന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു ചിഹ്നം. ചൊട്ടിയാല്‍ ചോരതെറിക്കുന്ന പ്രായവും ചുറുചുറുക്കുമായി ആ അടയാളത്തില്‍ അങ്കം ജയിച്ച സി ജെ റോബിന്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് ജയിച്ചു.
Scythe presented by the mayor star to Robin, who drove the cow and calf



സഖ്യകക്ഷി മുസ് ലിം ലീഗിലെ പി എം അബൂബക്കറും തെക്കേപ്പുറത്തിന്റെ കരുത്തനും കണ്‍മണിയുമായി ഏണിയിലേറി വിജയിച്ചു. കാലം 1974. കടലമ്മ മുത്തണതൊന്നും അന്ന് കൊയക്കോട്ടുകാര്‍ കണ്ടില്ല, കേട്ടില്ല. അങ്ങാടികളിലാകെ ഒരേ വര്‍ത്താനം - റോബിന്‍ മേയറായി, അതെങ്ങിനെ?

മൊത്തം 45 അംഗങ്ങളായിരുന്നു അന്ന് കൗണ്‍സിലില്‍. എല്‍ ഡി എഫ് -23, യു ഡി എഫ്-22. യു ഡി എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി റോബിന്‍. സി പി എമ്മാവട്ടെ അവരുടെ ശ്രീകുമാര മേനോന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പൊട്ടിക്കേണ്ടതും നുണയിക്കേണ്ട ഒരുക്കിയിരിപ്പാണ്.

കോണ്‍ഗ്രസിന്റെ കിടാക്കള്‍ നല്ല അകിടുതേടി പോയാലോന്ന് പേടിച്ച് എല്ലാ കൗണ്‍സിലര്‍മാര്‍ക്കും റോബിന്റെ വീട്ടില്‍ താവളമൊരുക്കി. മുസ് ലിം ലീഗ് കൗണ്‍സിലര്‍മാര്‍ ആരും മറിച്ചുവോട്ടുചെയ്യില്ലെന്ന പി എം അബൂബക്കറിന്റെ വാക്കിനപ്പുറം മറ്റൊരു കരുതല്‍ വേണ്ടിവന്നില്ല.

മേയര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോടുകള്‍ എണ്ണിയപ്പോള്‍ റോബിന്‍ -23, മേനോന്‍-22. വീണ്ടും പരിശോധിച്ചു. ഫലം ശരിയാണ് - മേയര്‍ റോബിന്‍ തന്നെ! ആരായിരുന്നു, റോബിന് മേയര്‍ നക്ഷത്രം സമ്മാനിച്ച ആ അരിവാള്‍ ചുറ്റികക്കാരന്‍? - കാലം കാതോര്‍ത്ത ആ ചോദ്യത്തിന് ഉത്തരം കഴിയുമായിരുന്നവര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു.

റോബിന്‍ നേരത്തെ കോണ്‍ഗ്രസിന്റെ ഏകകക്ഷി ഭരണത്തിലും പിന്നീട് ആന്റണി കോണ്‍ഗ്രസ് പ്രതിനിധിയായി ഇടതുമുന്നണിയിലും മേയറായതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുസ് ലിം ലീഗ് നേതാവുമായ കെ മൊയ്തീന്‍ കോയ പറഞ്ഞു. മുസ് ലിം ലീഗ് പങ്കാളിയായി കേരളത്തില്‍ രൂപവത്കരിച്ച കോണ്‍ഗ്രസ്സിതര സപ്തകക്ഷി മുന്നണിയുടെ കാലത്താണ് പി എം അബൂബക്കര്‍ കോഴിക്കോട് ഡെപ്യൂടി മേയറായത്. 1967ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പു വിജയ അലയൊലികള്‍ എല്ലാ തലങ്ങളിലും ഉണ്ടായിരുന്നു.133 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ്സ് വെറും ഒമ്പതിടത്താണ് ജയിച്ചത്. 

സി പി എം-52 (മത്സരിച്ചത് 59), സി പി ഐ-19 (22), എസ് എസ് പി-19(21), കേരള കോണ്‍ഗ്രസ്സ്-അഞ്ച് (61), മുസ് ലിം ലീഗ്-14 (15), സ്വതന്ത്രന്മാര്‍-15 (75) എന്നിങ്ങിനെയാണ് സീറ്റുകള്‍ നേടിയിരുന്നത്. കോഴിക്കോട് രണ്ട്(സൗത്ത്)മണ്ഡലത്തില്‍ നിന്ന് പി എം അബൂബക്കറാണ് ജയിച്ചത്. ഇ എം എസ് മന്ത്രിസഭയില്‍ മുസ് ലിം ലീഗിലെ സി എച്ച് മുഹമ്മദ് കോയ, എം പി എം അഹ് മദ് കുരിക്കല്‍, കെ അവുഖാദര്‍ കുട്ടി നഹ എന്നിവര്‍ അംഗങ്ങളായിരുന്നു.

മനുഷ്യര്‍ മനുഷ്യവിസര്‍ജ്ജ്യം ചുമക്കുന്ന അത്യന്തം അപരിഷ്‌കൃതമായി തോട്ടിപ്പണി കോഴിക്കോട് നഗരത്തില്‍ അവസാനിപ്പിച്ചത് കുന്നത്ത് ആലിക്കോയ മേയറായ കോര്‍പറേഷന്‍ ഭരണസമിതിയാണെന്ന് കുറ്റിച്ചിറ വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി രണ്ടാം വട്ടം ജനവിധി തേടുന്ന മൊയ്തീന്‍ കോയ അനുസ്മരിച്ചു. അന്ന് ഇടതു മുന്നണി ഘടകക്ഷിയായ അഖിലേന്ത്യ മുസ് ലിം ലീഗ് പ്രതിനിധിയായിരുന്നു കോയ.



Keywords: Kozhikode, Kerala, News, Cow, Congress, Election, Muslim-League, Scythe presented by the mayor star to Robin, who drove the cow and calf


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?