കള്ളനോതിയ നീതി വാക്യം

കെ പ്രദീപ് 


(https://ift.tt/37K9wkW)
'മൂന്നു കുരിശുകളാണു നാട്ടിയത്. നടുവിലേത് ക്രിസ്തുവിന്. ഇരുവശത്തുമുള്ള രണ്ടെണ്ണത്തില്‍ രണ്ടു കള്ളന്‍മാരെ കൊണ്ടുവന്നു തറച്ചു. ഇടതും വലതും കിടന്നവര്‍ ക്രിസ്തുവിനെ നോക്കി. കുരിശില്‍ മൂന്ന് ആണികളില്‍ തൂങ്ങി രക്തം വിയര്‍ത്തു മാംസം പറിഞ്ഞുതൂങ്ങി ക്രിസ്തു അവര്‍ക്കു മധ്യേ കിടന്നു.



സ്വന്തംപുത്രന്‍ മരിക്കുന്നതിനു സാക്ഷികളാകാന്‍ ദൈവം രണ്ടു കള്ളന്മാരെയാണു തിരഞ്ഞെടുത്തത്. യോഗ്യന്മാര്‍ പലരുണ്ടായിട്ടും. ദൈവം പറഞ്ഞിട്ടുണ്ടാകും. അന്നേ കരുതിയിട്ടുമുണ്ടാകും. കള്ളന്മാര്‍ മതി.
അവരാണു കളവില്ലാത്ത സാക്ഷികള്‍'

Thief's justice sentence


അടയ്ക്കാ രാജുവിനെ നമ്മൾക്കറിയാം. ഇയാളെക്കുറിച്ചാണ് പണ്ട് നസ്രത്തിൽ ജീവിച്ചിരുന്ന മരപ്പണിക്കാരൻ പറഞ്ഞത്, 'എന്നോടൊപ്പം നീ പറുദീസയിൽ ഉണ്ടാകുമെന്ന്. വാരാദ്യത്തിലെ വേദപാഠക്ലാസുകളിലും ബൈബിൾ വായനകളിലും നിൽക്കുന്നത് ഇയാളിലൂടെയാണ് - അടയ്ക്കാ രാജു എന്ന കള്ളനിലൂടെ.! ഇടയന്മാരും കുഞ്ഞാടുകളും ആ മനുഷ്യന്റെ മുഖത്തേക്ക് ഒരു വട്ടമെങ്കിലും നോക്കണം. അയാളുടെ വാക്കുകൾ ശ്രവിക്കണം.


'എനിക്കുമുണ്ട് പെണ്മക്കൾ. അവരെ കാണാതെപോകുന്നത് സഹിക്കാനാവുമോ. ആ കുഞ്ഞിന് നീതി ലഭിച്ചതിൽ ഞാൻ ഹാപ്പിയാ. ഇന്ന് ഞാൻ കുടിക്കും...' എന്നുപറഞ്ഞ്, ലഹരിവിമോചനത്തിന് അഖണ്ഡ ജപമാലവാരാഘോഷം ഒക്കെ നടത്തുന്നവരെ അയാൾ കൊഞ്ഞനം കുത്തുകയാണ്. കാനായിലെ വീഞ്ഞ് ആ മരപ്പണിക്കാരൻ ഇയാളുടെ നാവിൽ ഇറ്റിച്ചിട്ടുണ്ടാവണം...


'ദൈവം തമ്പുരാനാണ് മോഷ്ടിക്കാനായി എന്നെ അവിടെ എത്തിച്ചത്' എന്നുപറയുമ്പോൾ ഴാങ് വാൽ ഴാങ്, ബിഷപ്പ് ബിയവഞ്ഞ്യോ എന്നിവർ ഒരേ ഉടലിൽ രൂപാന്തരവും കാലാന്തരവും പ്രാപിച്ച് അവതരിക്കുന്നുണ്ട്.


'ഇപ്പോഴും മൂന്നുസെന്റിൽ കിടക്കുന്ന എനിക്ക് കോടികളുടെ ഓഫറുകളാണ് വന്നത്. ചില്ലിക്കാശ് പോലും ഞാൻ വാങ്ങിയില്ല..' എന്ന വാക്കുകൾ കേൾക്കുമ്പോൾ, യേശുവിനെ 'വിറ്റ്' കോടികൾ കൊയ്യുന്ന വെള്ളയടിച്ച കുഴിമാടങ്ങളായ ഇടയനേതാക്കൾക്ക് തലകുനിക്കാം.


'തന്നെപ്പോലെ തന്നെ അയൽക്കാരനെ സ്നേഹിക്കണം' എന്ന തിരുവചനം, 'ആ കുഞ്ഞിന്റെ അച്ഛന്റെ സ്ഥാനത്തുനിന്നാണ് ഞാനിത് പറയുന്നത്' എന്ന കള്ളൻ രാജുവിന്റെ വിശുദ്ധവചനത്തിൽ ലയിച്ചുചേരുന്നു.


അഭയ കൊല്ലപ്പെട്ടപ്പോൾ ഉണ്ടായിരുന്ന നിസംഗത, രണ്ട് പാതിരികളെയും ഒരു കന്യാസ്ത്രീയെയും കുറ്റക്കാരാക്കിയപ്പോൾ ആധിപൂണ്ട് തിരക്കിട്ടെഴുതിയ ഇടയ ലേഖനത്തിലൂടെയാണ് തിരുസഭ കൈവെടിഞ്ഞത്. ഇടയ ലേഖനമെഴുതി പ്രതികൾക്ക് വേണ്ടി പ്രാർത്ഥനാസഹായം തേടിയവരാണ് അടിമുടി അഴിമതിയിൽ കുളിച്ചുനിൽകുന്ന, മരപ്പണിക്കാരന്റെ മണവാട്ടി എന്ന ലോകത്തിലെ ഏറ്റവും വലിയ മാഫിയ. അതിന്റെ നീണ്ട അങ്കിക്കുള്ളിൽ ബലാത്സംഗിയായ ബിഷപ്പ് ഫ്രാങ്കോയെ ഇപ്പോൾ അവർ മൂടിപ്പുതപ്പിച്ച് കിടത്തിയിട്ടുണ്ട്. കന്യാസ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോഴും പ്രായപൂർത്തിയാകാത്ത പെണ്കുട്ടികൾ പള്ളിമേടയിൽ നിന്ന് ദിവ്യഗർഭം ഏറ്റുവാങ്ങുമ്പോഴും ഒക്കെ മൗനം പാലിക്കുന്നവർ, അഭയയുടെ കൊലപാതകികളെയും ഫ്രാങ്കോയെപ്പോലുള്ള ക്രിമിനലുകളെയും സംരക്ഷിക്കുവാൻ കോടികൾ ഒഴുക്കി കുഞ്ഞാടുകളെയും കബളിപ്പിച്ച് അധികനാൾ മുന്നോട്ടുപോകില്ല. യേശുവും സഭയും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് കുഞ്ഞാടുകൾക്ക് എന്നെങ്കിലും ബോധ്യം വരും. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ അവർ കൂട്ടമായി ആക്രമിക്കും.


നിർബന്ധങ്ങളുടെ പേരിൽ അടിച്ചേല്പിക്കപ്പെടുന്ന ഷണ്ഡത്വം മനുഷ്യവിരുദ്ധമാണ്. 'ഞങ്ങൾ ആരെയും നിർബന്ധിക്കുന്നില്ല. തെരഞ്ഞെടുപ്പുകൾ അവരുടേതാണ്...' എന്നാണ് ന്യായം. ഏറ്റവും അശ്ലീലമായ ന്യായവാദമാണത്.


നേർചിന്ത ഉറയ്ക്കാത്ത പതിനഞ്ചോ പതിനേഴോ വയസ്സിൽ എടുക്കുന്ന തീരുമാനങ്ങൾ അട്ടിമറിക്കപ്പെടുന്ന മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും ഉദാഹരണമാണ്. പത്താം ക്ലാസ് മുതൽ റിക്രൂട്ടിങ് ക്യാമ്പ് നടത്തി, യേശുവിന്റെ മണവാട്ടിയായാൽ ഉണ്ടാകുന്ന സ്വർഗീയാനുഭൂതികൾ നിരത്തിയും പരത്തിയും ബ്രെയിൻ വാഷിങ് നടത്തി തന്നെയാണ് ഭൂരിപക്ഷം മണവാട്ടികളെയും സഭ സൃഷ്ടിച്ചെടുക്കുന്നത്. നേർച്ചക്കോഴികളായി പോകുന്നവർ ഇന്നുമുണ്ട് എന്നതും യാഥാർത്ഥ്യമാണ്. കുട്ടികളെ പെറ്റുപെരുക്കാൻ ആഹ്വാനം ചെയ്യുന്നവർ, നിരന്തരം പാപബോധം കുത്തിവയ്ക്കുന്നവർ ഒക്കെ പരോക്ഷമായി ആ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നുമുണ്ട്. വേണ്ടായിരുന്നു, ഇതല്ല എന്റെ വഴി എന്നൊക്കെ തിരിച്ചറിവാകുമ്പോഴേക്കും വൈകിയിരിക്കും. വീട്ടുകാരും നാട്ടുകാരും ഒക്കെക്കൂടി കൊത്തിക്കീറും. അതോടെ സർവവും സഹിച്ച് അവർ എന്നെന്നേക്കുമായി പ്രാർത്ഥനകളാൽ ചുറ്റപ്പെട്ട ഭൂതത്താൻ കോട്ടയ്ക്കുള്ളിൽ അടിമകളായി മാറും. എന്നാൽ ധീരതയോടെ എല്ലാം വിട്ട് പുറത്തേക്ക് വന്നവർ സമൂഹത്തിന്റെ നോട്ടത്തിൽ അഴിഞ്ഞാട്ടക്കാരികളാകുന്നു. വേശ്യ എന്ന ചാപ്പകുത്തലാവും പലരുടെയും മേൽ പതിച്ചിട്ടുണ്ടാകുക.


കന്യാസ്ത്രീകൾ സഭയുടെ ഒരു വലിയ വരുമാനസ്രോതസ്സ് കൂടിയാണ്. നഴ്‌സ് അല്ലെങ്കിൽ അധ്യാപികമാരായ കന്യാസ്ത്രീകൾ എല്ലാവരുംകൂടി കോടിക്കണക്കിന് രൂപയാണ് വർഷാവർഷം സഭയ്ക്ക് ലാഭിച്ചുകൊടുക്കുന്നത്. അതുകൊണ്ട് യേശുവിന് സ്ത്രോത്രഗീതവും രചിച്ച്, പരിശുദ്ധ കന്യാമറിയത്തിന്റെ അവധാനങ്ങളും ആലപിച്ച് അവർ ഇനിയും റിക്രൂട്ടിങ് ക്യാമ്പുകളിലേക്കുള്ള ക്ഷണപത്രവുമായി വരും. മാതാപിതാക്കളേ, നിങ്ങൾ നിങ്ങളുടെ പെണ്കുട്ടികളെ 'വിശുദ്ധ' വ്യഭിചാരത്തിന് വിട്ടുകൊടുക്കണമോ വേണ്ടയോ എന്ന് ഇനിയെങ്കിലും ചിന്തിക്കണം.


കന്യാസ്ത്രീമഠങ്ങളിലെ കിണറുകളിൽ ജലസമാധിയടഞ്ഞ പെണ്ണുങ്ങളുടെ പ്രേതങ്ങൾ ഉയർത്തെഴുന്നേൽക്കുക തന്നെ വേണം. ആ വിശ്വാസത്തിന്റെ അടിത്തറയിൽ ആവണം ഇനി ശെമയോൻ പത്രോസ് തന്റെ നാഥനുവേണ്ടി പള്ളി പണിയേണ്ടത്. അടയ്ക്കാ രാജു എന്ന കള്ളന്റെ വാക്കുകൾ കൂടുതൽ ഉച്ചത്തിൽ മുഴങ്ങുന്നു. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ...
മാര്‍ക്‌സ് സൂചിപ്പിക്കുന്നതു പോലെ ബ്രിട്ടീഷുകാര്‍ ഛിന്നഭിന്നമാക്കിയ ഇന്ത്യന്‍ സമൂഹം ഇന്നും മതപരവും, വംശീയവും ജാതിപരവുമായ സംഘര്‍ഷങ്ങളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിനുപോല്‍ഫലകമെന്നപോലെ മതവര്‍ഗ്ഗീയ ശക്തികളുടെ പ്രത്യയശാസ്ത്രവല്‍ക്കരണങ്ങളും സാമൂഹ്യരംഗത്തെ കുറ്റകൃത്യങ്ങളും കേരളീയ സമൂഹത്തില്‍ അനുദിനം വ്യാപകമാവുകയാണ്. ശങ്കരദര്‍ശനം തൊട്ട് ശ്രീനാരായണന്റെ ദര്‍ശനം വരെ വര്‍ഗ്ഗീയവാദികള്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യ സംരക്ഷണത്തിന് ഉപാധികളാക്കുന്നു. ക്രിസ്തുവിന്റെ സന്ദേശം വളച്ചൊടിച്ച് മുതലാളിത്തത്തിന്റെ ദാസ്യവൃത്തി ചെയ്യുകയാണ് സഭകള്‍. മതാത്മകതയില്‍ നിന്നും മതേതരത്വ സമീപനങ്ങള്‍ എങ്ങനെ വേര്‍തിരിഞ്ഞു നില്‍ക്കുന്നുവെന്ന് ഗൗരവത്തോടെ പഠിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ലോകജനസംഖ്യയില്‍ ഭൂരിപക്ഷവും ജന്മസിദ്ധമായി തന്നെ ക്രൈസ്തവ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുവാനിടയാക്കുന്നവരാണ്. അതിനാല്‍ മറ്റു തത്വങ്ങളെ അപേക്ഷിച്ച് ലോകത്തിന്റെ നന്മയ്ക്കും, തിന്മയ്ക്കും പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനം ചെലുത്തുവാന്‍ ക്രൈസ്തവചിന്തകള്‍ക്ക് കഴിയുമെന്ന് ചരിത്രം പഠിപ്പിക്കുന്നു


രാജ്യങ്ങളുടെ അതിര്‍വരമ്പുകളെ ഇല്ലാതാക്കിക്കൊണ്ട് ഏകലോകമെന്ന ആശയത്തിലേക്ക് ആധുനിക മനുഷ്യന്‍ ചുവടുമാറ്റുകയാണ്. ഈ സാഹചര്യത്തില്‍ ലോകത്തിലെ മര്‍ദ്ധിതരും ചൂഷിതരുമായ അനേകം കോടി മനുഷ്യരുടെ ആത്മീയവും ഭൗതികവുമായ വിമോചനത്തിന് വിമോചന ദൈവശാസ്ത്രം കളമൊരുക്കുമെന്ന പ്രതീക്ഷ ഭൗതികവാദികളില്‍പോലുമുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇതു പ്രകടവുമാണ്. മനുഷ്യന്റെ സമഗ്രപുരോഗതിയില്‍ തടസ്സമാകുന്ന രീതിയില്‍, വ്യവസ്ഥിതിയുടെ കാവല്‍ക്കാരനുമായി സഖ്യം ചെയ്യുന്ന മതപൗരോഹിത്യത്തെ ബൈബിള്‍ പിടിച്ചു പറ്റി അവര്‍ക്കെതിരെ ഉപയോഗിക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് വിമോചന ദൈവശാസ്ത്രം ചെയ്യുന്നത്. പ്രമുഖ ബൈബിള്‍ വ്യാഖ്യാതാവായ ഡോ. ജോസഫ് വൊര്‍ഹിമിയോ മിറാന്‍ഡ, ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ഫോര്‍ സോഷ്യലിസം എന്നിവ ചെറിയ സമൂഹത്തെയെങ്കിലും സ്വാധീനിച്ചിട്ടുണ്ട്.


വ്യവസ്ഥാപിത സഭാ നേതൃത്വം കമ്മ്യൂണിസ്റ്റ് സാമൂഹിക വ്യവസ്ഥിതിയോട് വച്ചു പുലര്‍ത്തുന്ന എതിര്‍പ്പിന്റെ അര്‍ത്ഥശൂന്യത പുറംലോകം അറിയേണ്ടതുണ്ട്. ചൂഷണത്തില്‍ അധിഷ്ഠിതമായ മുതലാളിത്ത സാമൂഹിക വ്യവസ്ഥിതിയെ അനുകൂലിക്കുന്ന ഒറ്റവാചകം പോലും ബൈബിളിലില്ല. കമ്മ്യൂണിസത്തിന്റെ ആശയം അക്ഷരംപ്രതി പുതിയ നിയമത്തിലുണ്ട്. അപ്പോസ്തല പ്രവൃത്തികളില്‍ 2:44-45ലും 4:32-35ലും ലൂക്കാ അതു ഭംഗിയായി എഴുതി ച്ചേര്‍ത്തിരിക്കുന്നു. മാര്‍ക്‌സ് പറയുന്ന 'ഓരോരുത്തരില്‍ നിന്നും അവരുടെ കഴിവിനനുസരിച്ചും ഓരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ചും' എന്ന നിര്‍വചനം മാര്‍ക്‌സിനു മുമ്പു തന്നെ ലുക്കാ പറഞ്ഞതാണ്. ദരിദ്രര്‍ ഭാഗ്യവാന്മാര്‍ എന്നും സമ്പന്നരേ നിങ്ങള്‍ക്കു ദുരിതം എന്നും യേശു പറയുമ്പോള്‍ അദ്ദേഹം സമ്പത്തിനെ സംബന്ധിച്ചു നിരാപേക്ഷികമായി സംസാരിക്കുകയല്ല. മറിച്ച് ചിലര്‍ സമ്പന്നരും മറ്റുള്ളവര്‍ ദരിദ്രരുമായിരിക്കുന്ന സാമൂഹികവ്യവസ്ഥയെ ആക്രമിക്കുകയാണ് ചെയ്യുന്നത്.
മുഴുവന്‍ സ്ഥലവും കൈക്കലാക്കുന്നത് വരെ വീടോടുവീട് ചേര്‍ത്ത് വെച്ച് വയലോടുവയല്‍ ചേര്‍ത്ത് അതിന്റെ നടുവില്‍ വസിക്കുന്നവര്‍ക്കു ദുരിതം.

(ഏഗയു 5:8) സമ്പന്നര്‍ സ്വത്ത് സമ്പാദിച്ചു കൊണ്ടേയിരിക്കുന്നു. ചൂഷണവും ഹിംസയും വഴിയാണ് ധനസമ്പാദനം നടക്കുന്നത്. അങ്ങനെ അസമമായ സ്വത്ത് സമൂഹത്തില്‍ നിലവില്‍ വരുന്നു. കമ്മ്യൂണിസം എതിര്‍ക്കുന്നതും ഈ വ്യവസ്ഥിതിയേയാണ്.


ചൂഷണത്തില്‍ ആശ്രയിക്കരുത്
കവര്‍ച്ചയില്‍ വ്യര്‍ത്ഥമായി ആശവെക്കരുത്
വളര്‍ന്നു വലുതാകുന്ന സമ്പത്തില്‍ എന്റെ മനസു വെക്കരുത്
(സങ്കീര്‍ത്തനം 62:10)


വളര്‍ന്നു വലുതാകുന്ന സമ്പത്ത്, അഥവാ സ്വത്തു സമ്പാദനം ചൂഷണത്തിനും കവര്‍ച്ചയ്ക്കും സമാനമാണ്. മറ്റുള്ള ജനങ്ങളെ ചൂഷണം ചെയ്യാതെയും കൊള്ളയടിക്കാതെയും കഴിയുകയില്ലെന്നും പഴയ നിയമം വ്യക്തമാക്കുന്നു.

കിളികള്‍ നിറഞ്ഞ കൂടുപോലെ അവരുടെ ഭവനങ്ങള്‍ അവര്‍ വഞ്ചിച്ചെടുക്കുന്നവ കൊണ്ട് നിറഞ്ഞിരിക്കുന്നു. അങ്ങനെയാണവര്‍ വമ്പന്മാരും പണക്കാരുമായത്. അവര്‍ തടിച്ചു കൊഴുത്തിരിക്കുന്നു. അവരുടെ ദുഷ്ടത വാക്കുകളിലൊതുങ്ങുകയില്ല. (ജറമിയ 5:23-28)

ഇതില്‍ കൂടുതല്‍ വ്യക്തമായി ചൂഷണത്തെക്കുറിച്ച് ഒരു ഗ്രന്ഥവും സംസാരിച്ചിട്ടില്ല.
തിന്മയുടെ പ്രശ്‌നം ഒരു സാമൂഹിക പ്രശ്‌നമായി കാണാന്‍ നാം ശീലിക്കണം. അതിനെ നേരിടാന്‍ മതഗ്രന്ഥങ്ങളില്‍ അഭയം തേടുകയല്ല ചെയ്യേണ്ടത്. മാര്‍ക്‌സും, ഏംഗല്‍സും, ലെനിനും പറഞ്ഞതും ഇത് തന്നെയാണ്. തിന്മയുടെ മേല്‍ നന്മയുടെ വിജയം ഉദ്‌ഘോഷിക്കുകയാണ് ബൈബിള്‍ ചെയ്യുന്നത്. ലാഭത്തേയും പലിശയേയും ബൈബിള്‍ തള്ളിപ്പറയുന്നു.

യേശുവിനെ രണ്ട് കള്ളന്മാരുടെ മധ്യേയാണ് ക്രൂശിച്ചതെന്ന് മത്തായിയും മാര്‍ക്കോസും പറയുന്നു. (മത്താ:27:38, മാര്‍ക്കോ 15:27) യോഹനാന്‍ 18:40ലെ ബറാബസ് ഒരു കള്ളനായിരുന്നു എന്ന പ്രസ്താവനയും ലൂക്ക 23:19ലെ നഗരത്തില്‍ കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തിലടക്കപ്പെട്ടവനാണ് ബറാബസ് എന്ന പ്രസാതാവനയും ചേര്‍ത്തു വെച്ചാല്‍ വിപ്ലവകാരികള്‍ക്ക് മുദ്രകുത്തി നല്‍കിയ വിശേഷണമാണ് കള്ളന്മാര്‍ എന്നു മനസ്സിലാക്കാം. അങ്ങനെയെങ്കില്‍ രണ്ടു വിപ്ലവകാരികള്‍ക്കൊപ്പമാണ് യേശുവിനെ കുരിശിലേറ്റിയത്. അതും അദ്ദേഹത്തിന്റെ കുറ്റം പ്രഖ്യാപിക്കുന്ന ബോര്‍ഡോടു കൂടി. 'രാജകീയ അവകാശവാദി'. യേശു വിപ്ലവകരമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണെന്നതില്‍ ഇതില്‍ പകരം തെളിവും വേറെയില്ല. ബൈബിള്‍ അല്ലെങ്കില്‍ ഏതു മതഗ്രന്ഥവും പഠനം നടത്തേണ്ടത് വ്യവസ്ഥാപിത പണ്ഡിതന്മാര്‍ ചെയ്യുന്നത് പോലെ പരലോക മോക്ഷം എന്ന സങ്കുചിത വൃത്തത്തില്‍ നിന്നു കൊണ്ടല്ല. മറിച്ച് വിശാലമായ സാമൂഹിക വീക്ഷണത്തോടുകൂടിയാണ്. ദൈവരാജ്യം ഭൂമിയിലാണെന്ന് നമ്മള്‍ തെളിയിക്കണം.


നീതിവാക്യം

ബാർ തുറന്നു മനസും
'മൂന്ന് സെൻറ് കോളനിയിലാ ഞാൻ താമസം. എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാൻ ഇത് വരെ അഞ്ച് പൈസ കൂടി ആരൂടെം കൈയിന്ന് വാങ്ങിട്ടില്ല. എനിക്കും രണ്ട് പെൺമക്കളുണ്ട്. ഇത്രം വളർത്തിട്ട് പെട്ടെന്ന് അവർ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും? ഞാൻ എൻ്റെ പെൺമക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്. ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ? ആ കുഞ്ഞിൻ്റെ അപ്പൻ്റ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എൻ്റെ കുഞ്ഞിന് നീതി ലഭിച്ചു. ഞാൻ ഹാപ്പിയാണ്.

എന്ന് സ്വന്തം
കള്ളൻ രാജു
ഹാപ്പി ക്രിസ്തുമസ്
ഹാപ്പി ന്യൂ ഈയർ


Keywords: Kerala, Article, Police, Abhaya, Case, Thief, Adakka-Raju, Christianity, Monastery, Thief's justice sentence.  




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?