പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലുണ്ടായ അതേ യു ഡി എഫ്‍ തരംഗം തദ്ദേശ തിരഞ്ഞെടുപ്പിലുമുണ്ടാകും: ചെന്നിത്തല
കാസര്‍കോട്: (www.kasargodvartha.com 12.12.2020) പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലുണ്ടായ അതേ യു ഡി എഫ്‍ തരംഗം പഞ്ചായത്ത് തിരഞ്ഞെടുപ്പിലുമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന് മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയിലും കൊള്ളയിലും മുങ്ങി താഴ്ന്ന സർക്കാറാണ് പിണറായിയുടേത്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഏകാധിപതികളെ പോലെയാണ് പെരുമാറുന്നത്.
പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ അതേ ജനവിധിയാവും തദ്ദേശ തിരഞ്ഞെടുപ്പിലുമുണ്ടാകാന്‍ പോകുന്നത്. ദേശ വ്യാപകമായി ഉണ്ടായിട്ടുള്ള ജനരോഷം യു ഡി എഫിന് അനുകൂലമാണ്. കേരളത്തിൽ യു ഡി എഫ് തരംഗമാണ് ദൃശ്യമാകുന്നത്.
സ്വർണ്ണ കള്ളക്കടത്ത് കേസ് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. പല ചോദ്യങ്ങള്‍ക്കും സർക്കാരിന് മറുപടിയില്ല. കേന്ദ്ര സർക്കാറിനെതിരെ ടോൾ ബൂത്തിലേക്കും കേരള സർക്കാറിനെതിരെ പോളിംഗ് ബൂത്തിലേക്കും ജനങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. സര്‍കാറിനെതിരെയുള്ള എല്ലാ അന്വേഷണത്തെയും തടസ്സപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ഹാജരാവാതിരിക്കാൻ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വേണ്ടി ആരോഗ്യ വകുപ്പ് സൗകര്യം ഒരുക്കുകയാണ്. നാലു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരേ ഉയർന്ന ആരോപണത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോപണത്തിൽ മുഖ്യമന്ത്രി ഒന്നും പ്രതികരിക്കുന്നില്ല.
അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ഹാജരാവാന് മുഖ്യമന്ത്രി സി എന്‍ രവീന്ദ്രനോട് ആവശ്യപ്പെടണം. സ്വർണ്ണ കള്ളക്കടത്ത് കേസ് അട്ടിമറിക്കുന്നതിന് തുടക്കം മുതൽ ശ്രമം നടത്തിവരികയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. രവീന്ദ്രനെ ചോദ്യം ചെയ്താൽ തന്നിലേക്ക് അന്വേഷണമെത്തുമോ എന്ന ഭയമാണോ തനിക്കെന്ന് മുഖ്യന്തി വ്യക്തമാക്കണം.
യു ഡി എഫ് അധികാരത്തിൽ വന്നാൽ ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ സമഗ്രമായി പരിശോധിക്കും. മുഖ്യമന്ത്രി യുദ്ധ രംഗത്ത് നിന്ന് ഒളിച്ചോടുകയാണ്. ജനങ്ങളെ ഭയന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയായി പിണറായി മാറിയിരിക്കുകയാണ്.
വകുപ്പുകളുടെ മന്ത്രിമാർ പോലും അറിയാതെ പല അധികാരങ്ങളും മുഖ്യമന്ത്രി ഏറ്റെടുക്കുകയാണ്. ലൈഫ് മിഷനുകൾ ഉൾപ്പടെ പഞ്ചായത്തുകളുടെ പ്രവർത്തനം ദുർബലപ്പെടുത്തിയ സർക്കാറാണ് ഇപ്പോഴുള്ളത്. എൽ ഡി എഫ് സർക്കാരിൻ്റെ നാല് മിഷനുകൾ യു ഡി എഫ് സർക്കാർ പുന:പരിശോധിക്കും. ഇബ്രാഹിം കുഞ്ഞ് തെറ്റുകാരനാണെങ്കിൽ സപീകര്‍ ശ്രീരാമകൃഷണനും കുറ്റക്കാരനാണ്. ഒരേ കുറ്റം ചെയ്ത രണ്ട് പേർക്ക് രണ്ട് നീതിയാണ്. ഇബ്റാഹിം കുഞ്ഞിനും ശ്രീരാമകൃഷണനും എതിരേ ഒരേ പരാതിയാണുള്ളത്.
കെഫോൺ വിഷയത്തിൽ സമഗ്ര അന്വേഷണം വേണം. ആ വിഷയത്തിൽ പൊതു പണം നഷ്ടപ്പെടുത്തുന്ന സമീപനമുണ്ടാകരുത്. കച്ചവടം തകർന്ന കേസിൽ എം സി ഖമറുദ്ദീന് ഉത്തരവാദിത്വമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ചെന്നിത്തല പ്രതികരിച്ചു.
നിക്ഷേപകർക്ക് പണം തിരിച്ച് ലഭിക്കണം. നിയമ നടപടിയുമായി നിക്ഷേപകര്‍ മൂന്നോട്ട് പോകട്ടെ.
കെഫോൺ ആശയം നല്ലതാണ്. എന്നാല്‍ ഇതിന്‍റെ നടത്തിപ്പില്‍ പ്രശ്നങ്ങളുണ്ട്. 1000 കോടിയുണ്ടായിരുന്ന പദ്ധതിക്ക് ഇപ്പോള്‍ 3000 കോടി രൂപയാണ് ചിലവെന്ന് സര്‍കാര്‍ പറയുന്നത്. കെട്രൈയിൻ പദ്ധതി നടപ്പിലാക്കിയാല്‍ 20,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും 50,000 കടകളും 4000 ആരാധനാലയങ്ങളും ഹെക്ടര്‍ കണക്കിന് കൃഷി ഭൂമിയും ഇല്ലാതാകും. 65,000 കോടി ചിലവ് വരുന്ന ഈ പദ്ധതിക്ക് കേന്ദ്ര നീതി ആയോഗ്, കേന്ദ്ര റെയില്‍വേ മന്ത്രാലയം എന്നിവയുടെയോ കേന്ദ്ര സര്‍കാറിന്‍റെയോ അനുമതിയില്ല. എന്നിട്ടും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്തി പറയുന്നത് ഏറ്റെടുക്കുന്ന ഭൂമിവെച്ച് വിദേശ വായ്പ എടുക്കാന്‍ വേണ്ടിയാണ്.
ജനങ്ങളെ പ്രയാസപ്പെടുത്താതെ മെച്ചപ്പെട്ട അതിവേഗ റെയിവേ പദ്ധതി നടപ്പിലാക്കാനാവും. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഇ എം ശ്രീധരന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഡി എം ആര്‍ സി റിപോര്‍ടും സബര്‍ബെന്‍ റെയില്‍ പദ്ധതി റിപോര്‍ട്ടും സര്‍കാറിന്‍റെ മുന്നിലുള്ളപ്പോഴാണ് പുതിയ പദ്ധതിയുമായി പിണറായി സര്‍കാര്‍ മുന്നോട്ട് വരുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ഇതിന്‍റെ ഉദ്ദേശശുദ്ധി പരിശോധിക്കേണ്ടതുണ്ട്. സര്‍വ്വ കക്ഷിയോഗം വിളിക്കാന്‍ കത്ത് നല്‍കിയിട്ടും അതിന് തയ്യാറായിട്ടില്ല. കേരളത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ വിളിച്ച് വരുത്തിയത് പ്രതിപക്ഷമല്ല മുഖ്യമന്ത്രിയാണ്. ഇപ്പോള്‍ അന്വേഷണം തന്നിലേക്ക് തന്നെ നീങ്ങുമ്പോഴാണ് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ എതിര്‍ക്കുന്നത്.
ഗെയിൽ പദ്ധതിയെ ആദ്യം എതിർത്തത് സി പി എം തന്നെയാണെന്നും ചെന്നിത്തല ചോദ്യങ്ങളോട് പ്രതികരിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണ സാഹചര്യം കേരളത്തിലും ബംഗാളിലും വ്യത്യസ്തമാണെന്നും ഇവിടെ മുഖ്യമന്ത്രിയാണ് കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചതെന്ന് ചെന്നിത്തല പ്രതികരിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, സി കെ ശ്രീധരന്‍, ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാശിം അധ്യക്ഷത വഹിച്ചു.
Keywords: Kasaragod, News, Kerala, UDF, Election, Ramesh-Chennithala, Local-Body-Election-2020, Press Club, Pinarayi-Vijayan, gold, Case, Minister, LDF, Rajmohan Unnithan, Local body elections will have the same UDF wave as in the parliamentary elections: Chennithala
Powered by Info News For You

Comments
Post a Comment