ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രികെറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്കും ബാറ്റിങ് തകര്‍ച്ച; 2 വികെറ്റെടുത്ത് ബുമ്ര

അഡ് ലെ യ് ഡ്: (www.kvartha.com 18.12.2020) ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രികെറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്കും ബാറ്റിങ് തകര്‍ച്ച. ഇന്ത്യയുടെ 244 റണ്‍സ് പിന്തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്യുന്ന ഓസ്‌ട്രേലിയ, രണ്ടാം ദിനം ഒന്നാം സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എടുത്തിട്ടുണ്ട്. 16 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നും ഒരു റണ്ണുമായി സ്റ്റീവ് സ്മിത്തും ആണ് ക്രീസില്‍.

എട്ടു വികെറ്റ് കയ്യിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 209 റണ്‍സ് പിന്നിലാണ് ഓസ്‌ട്രേലിയ. ഓപ്പണര്‍മാരായ മാത്യു വെയ്ഡ് (8), ജോ ബേണ്‍സ് (8) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായത്. രണ്ടു പേരെയും ജസ്പ്രീത് ബുമ്ര വികെറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. രണ്ടു തവണയും ഓസ്‌ട്രേലിയ അംപയര്‍മാരുടെ തീരുമാനം റിവ്യൂ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

ഡിആര്‍എസ് പരിശോധനയില്‍ അംപയേഴ്‌സ് കോളിലാണ് രണ്ടു പേരും പുറത്തായതെന്നതും ശ്രദ്ധേയമായി. എട്ട് ഓവറില്‍ അഞ്ച് മെയ്ഡന്‍ ഓവറുകള്‍ സഹിതം വെറും എട്ട് റണ്‍സ് മാത്രം വഴങ്ങിയാണ് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ആറ് ഓവറില്‍ നാല് മെയ്ഡന്‍ സഹിതം ആറ് റണ്‍സ് മാത്രം വഴങ്ങിയ ഉമേഷ് യാദവിന് വികെറ്റൊന്നും ലഭിച്ചില്ല.

അതേസമയം, വ്യക്തിഗത സ്‌കോര്‍ 12 ല്‍ നില്‍ക്കെ മാര്‍നസ് ലബുഷെയ്‌നെ ജസ്പ്രീത് ബുമ്ര കൈവിട്ടത് ഇന്ത്യയ്ക്ക് നിരാശയായി. ബൗണ്ടറിക്കരികെ അനായാസം കയ്യിലൊതുക്കാമായിരുന്ന ക്യാച്ചാണ് ബുമ്ര കൈവിട്ടത്.

നേരത്തെ വൃദ്ധിമാന്‍ സാഹയും രവിചന്ദ്രന്‍ അശ്വിനും ഉള്‍പ്പെടെയുള്ളവര്‍ക്ക് തിളങ്ങാനാകാതെ പോയതോടെയാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 244 റണ്‍സിന് പുറത്തായത്. ആറു വികെറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ, 11 റണ്‍സിനിടെ ശേഷിച്ച നാലു വിക്കറ്റുകളും നഷ്ടമാക്കിയാണ് 244 റണ്‍സിന് ഓള്‍ഔട്ടായത്.

രവിചന്ദ്രന്‍ അശ്വിന്‍ (20 പന്തില്‍ 15), വൃദ്ധിമാന്‍ സാഹ (26 പന്തില്‍ 9), ഉമേഷ് യാദവ് (13 പന്തില്‍ ആറ്), മുഹമ്മദ് ഷമി (0) എന്നിവരാണ് രണ്ടാം പുറത്തായ ഇന്ത്യന്‍ താരങ്ങള്‍. ജസ്പ്രീത് ബുമ്ര ഏഴു പന്തില്‍ നാലു റണ്‍സുമായി പുറത്താകാതെ നിന്നു.

വെള്ളിയാഴ്ച വീണ നാലു വികെറ്റും ഓസീസ് പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ പങ്കിട്ടു. ഇന്ത്യന്‍ ഇന്നിങ്‌സിലാകെ സ്റ്റാര്‍ക്ക് 21 ഓവറില്‍ 53 റണ്‍സ് വഴങ്ങി നാലു വികെറ്റ് വീഴ്ത്തി. കമ്മിന്‍സ് 21.1 ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ, ഒന്നാം ദിനത്തിന്റെ ഭൂരിഭാഗം സമയവും ഉറച്ച പ്രതിരോധം തീര്‍ത്ത് സ്വന്തമാക്കിയ സകല മുന്‍തൂക്കവും ഒറ്റ റണ്ണൗട്ടിലൂടെ ഇന്ത്യ കളഞ്ഞുകുളിച്ചിരുന്നു. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. രവിചന്ദ്രന്‍ അശ്വിന്‍ (15), വൃദ്ധിമാന്‍ സാഹ (9) എന്നിവര്‍ ക്രീസില്‍. മികച്ച ഫോമിലായിരുന്ന ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 180 പന്തുകള്‍ നേരിട്ട കോലി, എട്ടു ഫോറുകളുടെ അകമ്പടിയോടെ 74 റണ്‍സെടുത്തു. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവുമായി ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയ ക്യാപ്റ്റന്‍, നിര്‍ഭാഗ്യം പിടികൂടിയ നിമിഷത്തില്‍ റണ്ണൗട്ടായതാണ് ടീമിന് തിരിച്ചടിയായത്.

മറ്റൊരു സെഞ്ച്വറിയിലേക്കുള്ള പ്രയാണത്തിലായിരുന്ന കോലി, വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ പിഴവിലാണ് പുറത്തായത്. നഥാന്‍ ലിയോണിന്റെ പന്ത് തട്ടിയിട്ട ശേഷം ഇല്ലാത്ത റണ്ണിനായി ഓടിയ രഹാനെ, പെട്ടെന്ന് ഓട്ടം നിര്‍ത്തി കോലിയെ തിരിച്ചയയ്ക്കുകയായിരുന്നു. കോലി തിരികെ ക്രീസില്‍ കയറും മുന്‍പ് ഹെയ്സല്‍വുഡ് എറിഞ്ഞ് നല്‍കിയ പന്തില്‍ ലയണ്‍ സ്റ്റംപിളക്കി. ഇതിനു പിന്നാലെ രണ്ട് വിക്കറ്റ് കൂടി നഷ്ടമാക്കിയാണ് ഇന്ത്യ ഒന്നാം ദിനം 233 റണ്‍സില്‍ ബാറ്റിങ് അവസാനിപ്പിച്ചത്. രഹാനെ 92 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സെടുത്തു. ചേതേശ്വര്‍ പൂജാര 160 പന്തില്‍ രണ്ടു ഫോറുകളോടെ 43 റണ്‍സും സ്വന്തമാക്കി.

ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ത്തന്നെ ഓപ്പണര്‍ പൃഥ്വി ഷായുടെ (0) വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക്, സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സ് മാത്രമുള്ളപ്പോള്‍ സഹ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെയും (17) വിക്കറ്റ് നഷ്ടമായതാണ്. മൂന്നാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയ്ക്കൊപ്പം 68 റണ്‍സും, നാലാം വിക്കറ്റില്‍ അജിന്‍ക്യ രഹാനെയ്‌ക്കൊപ്പം 88 റണ്‍സും കൂട്ടിച്ചേര്‍ത്ത ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയെ രക്ഷിച്ചത്. ഹനുമ വിഹാരി 25 പന്തില്‍ രണ്ടു ഫോറുകളോടെ 16 റണ്‍സെടുത്ത് പുറത്തായി.

Pink Ball Test Adelaide: Bumrah Double Puts India in Command, Smith Key For Australia, Australia, Cricket, Cricket Test, Sports, Virat Kohli, World

Keywords:  Pink Ball Test Adelaide: Bumrah Double Puts India in Command, Smith Key For Australia, Australia, Cricket, Cricket Test, Sports, Virat Kohli, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?