പുതിയ ഭരണസമിതികള്‍ ഇന്ന് അധികാരമേല്‍ക്കും: പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 28, 30ന്
കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ പത്തിനാണ് ചടങ്ങുകള്‍ ആരംഭിക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗത്തിന് അതാത് സ്ഥാപനത്തിലെ വരണാധികാരികള്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ജില്ലാ പഞ്ചായത്തിലെ ആദ്യ അംഗത്തിനുള്ള സത്യപ്രതിജ്ഞ കലക്ടര്‍ ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് മറ്റു അംഗങ്ങള്‍ക്ക മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുക്കും.
കാസര്‍കോട് നഗരസഭയില്‍ ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്ററിലെ മാനേജറും കാഞ്ഞങ്ങാട് നഗരസഭയില്‍ പോവര്‍ട്ടി അലിവേഷന്‍ യൂണിറ്റ് പ്രൊജക്ട് ഡയറക്ടറും നീലേശ്വരത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ (വൈപി)യുമാണ് ആദ്യ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. ചടങ്ങുകള്‍ക്ക് ഗ്രാമ പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ബ്ലോക്ക് പഞ്ചായത്തുകളില്‍ അസി. ഡെവലപ്പ്മെന്റ് കമ്മീഷണര്‍മാരും നഗരസഭകളില്‍ അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തില്‍ ജില്ലാ കലക്ടറുമാണ് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതിയില്‍ ചേരും.
നഗരസഭകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28ന് രാവിലെ 11നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 30ന് രാവിലെ 11 നും ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ് അതത് വരണാധികാരികളാണ് നടത്തുന്നത്.
Powered by Info News For You

Comments
Post a Comment