മഹാരാഷ്ട്രയില്‍ നാടകീയ നീക്കം; 18 കോണ്‍ഗ്രസ് വിമത കോര്‍പറേറ്റര്‍മാര്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സാന്നിധ്യത്തില്‍ എന്‍സിപിയില്‍ ചേര്‍ന്നു
മുംബൈ: (www.kvartha.com 25.12.2020) മഹാരാഷ്ട്രയില്‍ നാടകീയ നീക്കം, ഡെപ്യൂട്ടി മേയര്‍ ഇമ്രാന്‍ അലി മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെ പതിനെട്ട് കോണ്‍ഗ്രസ് വിമത കോര്‍പറേറ്റര്‍മാര്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍, സംസ്ഥാന എന്‍സിപി മേധാവി ജയന്ത് പാട്ടീല്‍, ഭവന മന്ത്രി ജിതേന്ദ്ര അവഹാദ് എന്നിവരുടെ സാന്നിധ്യത്തില്‍ എന്‍സിപിയില്‍ ചേര്‍ന്നു. മുന്‍ മീര-ഭയന്ദര്‍ മേയര്‍ നിര്‍മല സവാലെ, പ്രതിപക്ഷ നേതാവ് ലിയാകത്ത് ഷെയ്ഖ് എന്നിവരും വൈ ബി ചവാന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പാര്‍ടിയില്‍ ചേര്‍ന്നു.
താനെ ജില്ലയിലെ ഭിവണ്ടി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഡപ്യൂട്ടി മേയര്‍ ആണ് ഇമ്രാന്‍ അലി മുഹമ്മദ് ഖാന്‍. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ സഖ്യകക്ഷികളായിരിക്കെയാണ് പാര്‍ടിമാറ്റം.
90 അംഗ മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ 47 സീറ്റ് നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍, വിമതര്‍ ബിജെപിയെ പിന്തുണച്ചതോടെ മേയര്‍ പദവി കോണ്‍ഗ്രസിനു നഷ്ടമായി. തുടര്‍ന്ന്, പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും അയോഗ്യരാക്കാന്‍ നീക്കം നടത്തുകയും ചെയ്തിരിക്കെയാണ് എന്‍സിപിയിലേക്കുള്ള ചേക്കേറല്‍. സ്വീകരിച്ചില്ലെങ്കില്‍ അവര്‍ എതിര്‍പാളയത്തിലേക്കായിരിക്കും നീങ്ങുകയെന്നതു കണക്കിലെടുത്താണു നീക്കമെന്ന് എന്‍സിപി പറയുന്നു.
അതിനിടെ മഹാരാഷ്ട്രയില്‍ ശിവസേനയുമായി ദീര്‍ഘകാല സഖ്യത്തിനുള്ള ശ്രമവുമായി എന്‍സിപി. പ്രാദേശികതലത്തിലുള്ള ഭിന്നതകള്‍ പരിഹരിച്ച് ശിവസേനയുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താഴെത്തട്ടിലുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന നേതാവ് അജിത് പവാര്‍ നിര്‍ദേശം നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത പാര്‍ടി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണിത്.
മഹാ വികാസ് അഘാഡിയിലെ മൂന്നാമത്തെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെക്കുറിച്ച് ഒന്നും പറയാതെയാണ് അജിത് പവാറിന്റെ ആഹ്വാനം. കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് ദുര്‍ബലമായിരിക്കെ, അവഗണന നേരിട്ടാലും അഘാഡിയില്‍ ഭരണസഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പിടിച്ചുനില്‍ക്കുമെന്നാണ് എന്‍സിപിയുടെ കണക്കുകൂട്ടല്‍.
Keywords: Maharashtra: 18 Congress Corporators in Bhiwandi-Nizampur Join NCP in Presence of Ajit Pawar, Jayant Patil, Mumbai, Maharashtra, NCP, Congress, Politics, BJP, National, News.
Powered by Info News For You
Comments
Post a Comment