നെട്ടൂര്‍ ഗ്രാമത്തില്‍ വിരിഞ്ഞ മതസൗഹാര്‍ദത്തിന്റെ തണല്‍; പിതാവിന്റെ സ്മരണയ്ക്ക് പള്ളിക്ക് സ്ഥലം നല്‍കിയത് മാധവമേനോന്‍, മാതാവിന്റെ സ്മരണയ്ക്ക് പള്ളി പുനര്‍നിര്‍മിച്ച് നല്‍കി എം എ യൂസഫലിയുടെ പത്‌നി സാബിറ യൂസഫലി
നെട്ടൂര്‍ (എറണാകുളം): (https://ift.tt/35NZ372) നെട്ടൂരില്‍ ദേശീയപാതയോരത്തുള്ള 'മസ്ജിദുല്‍ ഹിമായ'എന്ന പള്ളിക്ക് സ്ഥലം നല്‍കിയത് നെട്ടൂര്‍ പൂണിത്തുറ സ്വദേശി ഡാന്‍സര്‍ കെ മാധവമേനോനാണ്. ഇപ്പോള്‍, അറേബ്യന്‍ മാതൃകയില്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ പത്‌നി സാബിറ യൂസഫലി ഈ പള്ളി പുനര്‍നിര്‍മിച്ചു നല്‍കി. പുനര്‍നിര്‍മിച്ച മസ്ജിദുല്‍ ഹിമായയുടെ ഉദ്ഘാടനം ഓണ്‍ലൈനായി എം എ യൂസഫലിയാണ് നിര്‍വഹിച്ചത്.
സാഹോദര്യത്തിന്റെ തണലിലാണ് ഇസ്‌ലാമും ക്രിസ്തുമതവുമൊക്കെ നമ്മുടെ രാജ്യത്ത് വളര്‍ന്നതെന്ന് ഉദ്ഘാടനെ ചെയ്തുകൊണ്ട് യൂസഫലി പറഞ്ഞു. ക്ഷേത്രങ്ങളും പള്ളികളും ചര്‍ച്ചുകളും തൊട്ടുരുമ്മി നില്‍ക്കുന്നത് സൗഹൃദത്തിന്റെ കാഴ്ചയാണ്. സഹവര്‍ത്തിത്വവും സാഹോദര്യവും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാ മതസ്ഥരെയും സ്വീകരിച്ച പാരമ്പര്യമുള്ള മഹത്തായ രാജ്യമാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു.
നാല്‍പതാണ്ടുമുമ്പ് പിതാവ് ഇട്ടിരാരിച്ച മേനോക്കിയുടെ സ്മരണക്കാണ് മാധവമേനോന്‍ പള്ളിക്ക് സ്ഥലം ദാനമായി നല്‍കിയത്. സാബിറ യൂസഫലി, തന്റെ മാതാവിന്റെ സ്മരണക്കാണ് പള്ളി പുനര്‍നിര്‍മിച്ചത്.
മൂന്ന് നിലയിലായി 16,000 ചതുരശ്ര അടിയിലാണ് പള്ളിയുടെ നിര്‍മാണം. താഴത്തെ നിലയില്‍ ശീതീകരിച്ച പള്ളിയില്‍ മൂന്നുനിലയിലുമായി 1800 പേര്‍ക്ക് ഒരേസമയം പ്രാര്‍ഥിക്കാം. യാത്രക്കാരായ സ്ത്രീകള്‍ക്ക് പ്രാര്‍ഥനക്ക് പ്രത്യേക സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. 1978 ഒക്ടോബര്‍ 10നായിരുന്നു ആദ്യപള്ളിയുടെ ശിലാസ്ഥാപനം. 1981 നവംബര്‍ 22ന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.
ചടങ്ങില്‍ മസ്ജിദുല്‍ ഹിമായ പ്രസിഡന്റ് പി കെ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ ബാബു, കെ ബി മുഹമ്മദ്കുട്ടി മാസ്റ്റര്‍, മസ്ജിദുല്‍ ഹിമായ സെക്രട്ടറി സി എ ഷംസുദ്ദീന്‍, വൈസ് പ്രസിഡന്റ് എം എ നൗഷാദ് എന്നിവര്‍ സംസാരിച്ചു. ഖതീബ് അഫ്‌സല്‍ മാഫി ദുആയും സുഹൈല്‍ ദാരിമി ഖിറാഅത്തും നിര്‍വഹിച്ചു.
Powered by Info News For You

Comments
Post a Comment