ബീഹാറില്‍ ഭരണം നിലനിര്‍ത്തി എന്‍ഡിഎ: ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷി


പട്‌ന (www.evisionnews.co): ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍.ഡി.എ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ 243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം ഭരണത്തുടര്‍ച്ച നേടിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 122 സീറ്റുകളാണ്.

അവസാന ഘട്ടംവരെ സസ്‌പെന്‍സ് നിറഞ്ഞ വോട്ടെണ്ണലിനൊടുവില്‍ മഹാസഖ്യത്തിന് 110 സീറ്റുകള്‍ നേടാനെ സാധിച്ചുള്ളു. 75 സീറ്റുകള്‍ നേടി ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. സംസ്ഥാനത്തുടനീളം മുന്നേറ്റമുണ്ടാക്കി ബി.ജെ.പി 74 സീറ്റ് നേടിയപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 43 സീറ്റുകളില്‍ ഒതുങ്ങി. തീര്‍ത്തും നിറംമങ്ങി കോണ്‍ഗ്രസ് 19 സീറ്റുകളില്‍ ഒതുങ്ങിയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്.

അതേസമയം ഇടതുപാര്‍ട്ടികള്‍ പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റമുണ്ടാക്കി. 29 സീറ്റുകളില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 16 ഇടത്തും ജയിച്ചു. എന്‍.ഡി.എ മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിച്ച എല്‍.ജെ.പി ഒറ്റ സീറ്റില്‍ ഒതുങ്ങി. അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്തു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് സീറ്റുകള്‍ വീതം നേടി.

ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അവസാനിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മഹാസഖ്യമായിരുന്നു മുന്നേറിയത്. രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍.ഡി.എ. മുന്നിലെത്തി. വൈകിട്ട് ഏഴോടെ ഇരുമുന്നണികളും തമ്മില്‍ നേരിയ സീറ്റുകളുടെ വ്യത്യാസമായി മാറി.

രാത്രി വൈകിയും നേരിയ ലീഡ് നിലനിര്‍ത്തിയ എന്‍.ഡി.എ എക്‌സിറ്റ് പോള്‍ ഫലങ്ങളെ നിഷ്പ്രഭമാക്കി ഭരണത്തുടര്‍ച്ച ഉറപ്പിക്കുകയായിരുന്നു. എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസിയും ആര്‍.എല്‍.എസ്.പി. നേതാവ് ഉപേന്ദ്ര കുശ്വാഹയും നേതൃത്വം നല്‍കിയ വിശാല ജനാധിപത്യ മതേതര സഖ്യവും പപ്പു യാദവിന്റെ നേതൃത്വത്തിലുള്ള സഖ്യവും മഹാസഖ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേകി.

കേന്ദ്രത്തില്‍ എന്‍ഡിഎ്‌ക്കൊപ്പമുള്ള ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി. നിതീഷിന് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. ചിരാഗിന് നേട്ടമുണ്ടായില്ലെങ്കിലും ബി.ജെ.പി.ക്ക് കോട്ടമുണ്ടാക്കാതെ ജെ.ഡി.യു.വിന്റെ സീറ്റുകള്‍ കുറയ്ക്കാന്‍ എല്‍ജെ.പി.യ്ക്കായി. ഭരണത്തുടര്‍ച്ച ഉറപ്പായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്ന് ആരോപിച്ച് ആര്‍ജെഡി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ആര്‍ജെഡി ആരോപിക്കുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?