കോവിഡ് കാലമാണ്.. വോട്ട് പിടിക്കുമ്പോള്‍ സോപ്പിടാന്‍ മറക്കരുത്: ആള്‍ക്കൂട്ടം വേണ്ട, റോഡ് ഷോക്ക് മൂന്നേമൂന്ന് വാഹനം
കാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് തേടിപ്പോകുമ്പോള്‍ കോവിഡിനെ മറക്കരുതെന്ന് ഒര്‍മിപ്പിച്ച് ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.
വോട്ടുചോദിക്കുമ്പോള്‍ വാക്കുകള്‍ കൊണ്ട് സോപ്പിടുന്നതിന് മുമ്പെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകാന്‍ മറക്കരുത്. ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് ചൂടിനൊപ്പം കോവിഡ് വ്യാപനത്തിനും ചൂടേറും. പ്രത്യേകിച്ച് തണുപ്പ് കാലമാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും ഓടി നിരങ്ങിയാല്‍ സംഗതി കൈവിടും. പിന്നെ ചിലപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സ്ഥാനാര്‍ത്ഥിയും നേതാക്കളും കാണില്ല.
കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ശന നിര്‍ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്ന ഒന്നു പ്രചാരണത്തിന്റെ ഭാഗമായി ഉണ്ടാവരുതെന്ന് നിര്‍ദേശത്തിലുണ്ട്. ഭവന സന്ദര്‍ശനത്തിന് ഒരു സമയം സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ചുപേര്‍ മാത്രമേ അനുഗമിക്കാവൂ. ജാഥ, ആള്‍ക്കൂട്ടം തുടങ്ങിയവ ഒഴിവാക്കണം. പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. പൊലീസ് മുന്‍കൂര്‍ അനുമതി വേണം. റോഡ്ഷോ, വാഹനറാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രം.
സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, നോട്ടുമാല, ഷാള്‍ എന്നിവയോ മറ്റോ നല്‍കി സ്വീകരണം നല്‍കരുത്. സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവോ ക്വാറന്റീന്‍ നിര്‍ദേശിക്കുകയോ ചെയ്യുന്നപക്ഷം പ്രചാരണ രംഗത്ത് നിന്നും മാറി നില്‍ക്കണം. വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശങ്ങളിലുണ്ട്.
Powered by Info News For You

Comments
Post a Comment