ഗൾഫിൽ നിന്നും കൊടുത്തയച്ച അര കിലോ സ്വർണ്ണവുമായി യുവാവ് മുങ്ങി; മുങ്ങിയ യുവാവിൻ്റെ സുഹൃത്തിനെ കള്ളക്കടത്ത് സംഘം കാറുകളിലെത്തി തട്ടികൊണ്ടു പോയി, പരാതിയുമായി ഭാര്യ പോലീസിൽ
മേൽപ്പറമ്പ്: (www.kasargodvartha.com 29.10.2020) ഗൾഫിൽ നിന്നും കൊടുത്തയച്ച അര കിലോ സ്വർണ്ണവുമായി യുവാവ് മുങ്ങി. മുങ്ങിയ യുവാവിനെ കണ്ടെത്താൻ സുഹൃത്തിനെ കള്ളക്കടത്ത് സംഘം കാറുകളിലെത്തി തട്ടികൊണ്ടു പോയി. സംഭവത്തിൽ പരാതിയുമായി തട്ടികൊണ്ടു പോയ യുവാവിൻ്റെ ഭാര്യ പോലീസിൽ പരാതി നൽകി.
കീഴൂർ ജമാഅത്ത് ക്വാർട്ടേഴ്‌സിൽ താമസക്കാരനാണ് ഗൾഫിൽ നിന്നും കള്ളക്കടത്ത് സംഘം കൊടുത്ത അര കിലോ സ്വർണ്ണവുമായി മുങ്ങിയതായി പറയുന്നത്. ഇയാളെ കണ്ടെത്താനാണ് സുഹൃത്തായ കീഴൂർ സ്വദേശിയും ഇപ്പോൾ കളനാട് കട്ടക്കാലിൽ താമസക്കാരനുമായ ശമ്മാസിനെ (30) രണ്ട് കാറുകളിലായെത്തിയ 12 ഓളം വരുന്ന ഉപ്പളയിലെ യുവാവിൻ്റെ നേതൃത്വലുള്ള ഗുണ്ടാസംഘം തട്ടികൊണ്ടുപോയത്.
വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മേൽപ്പറമ്പ് ഒരവങ്കരയിൽ വെച്ചാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ രണ്ട് കാറുകൾ കുറുകെയിട്ട് തടഞ്ഞ് ശമ്മാസിനെ പിടിച്ചു കൊണ്ടുപോയത്. ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതോടെ ശമ്മാസിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു.
ഇവരാണ് സംഭവം വീട്ടിൽ അറിയിച്ചത്. ശമ്മാസിൻ്റെ ഭാര്യ ഇഫ്റത്ത് മേൽപ്പറമ്പ് പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും മേൽപ്പറമ്പ് പോലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.
ഒരാഴ്ച മുമ്പാണ് സ്വർണ്ണ കള്ളക്കടത്ത് സംഘം കൊടുത്തുവിട്ട സ്വർണ്ണമായി മുങ്ങിയെന്ന് പറയുന്ന യുവാവ് മംഗ്ലൂരു വിമാനത്താവളത്തിൽ ഇറങ്ങിയത്. എന്നാൽ സ്വർണ്ണം കള്ളക്കടത്ത് സംഘത്തിന് കൈമാറാതെ ഇയാള്‍ മുങ്ങിയതായാണ് സൂചന. ദിവസങ്ങളായി മുസ്തഫയെ കണ്ടെത്താൻ കള്ളക്കടത്ത് സംഘം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മുസ്തഫ എവിടെയാണ് ഉള്ളതെന്ന് സുഹൃത്തുക്കൾക്ക് അറിയാമെന്നാണ് കള്ളക്കടത്ത് സംഘത്തിൻ്റെ വിശ്വാസം. അതു കൊണ്ടാണ് ശമ്മാസിനെ പിടിച്ചു കൊണ്ടുപോയതെന്നാണ് സംശയിക്കുന്നത്.
സുരക്ഷിതമായി എത്തിച്ച സ്വർണ്ണം തിരിച്ചേൽപ്പിക്കാതിരുന്നതോടെ പരിഹാരത്തിനായി ഉപ്പളയിലെ ക്വട്ടേഷൻ സംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചനകൾ. സംശയമുള്ള ചില വീടുകളും രഹസ്യ കേന്ദ്രങ്ങളും മേൽപ്പറമ്പ് എസ് ഐ പത്മനാഭൻ്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയതായും വിവരമുണ്ട്.
Keywords: Kasaragod, Melparamba, Kizhur, Kerala, Gold, Gulf, Man, Wife, Complaint, Police, Man goes hide with gold sent from Gulf; His friend was abducted by smuggling gang, Wife lodged a complaint, Raid.
Powered by Info News For You

Comments
Post a Comment