നീന്തലിനിടെ ക്ഷേത്ര കുളത്തില്‍ മുങ്ങി താഴ്ന്ന ആയുര്‍വേദ വൈദ്യരുടെ മൃതദേഹം കണ്ടെത്തി
തളിപ്പറമ്പ്: (www.kvartha.com 06.10.2020) നീന്തല്‍ പരിശീലനത്തിനിടെ ക്ഷേത്ര കുളത്തില്‍ മുങ്ങി താഴ്ന്നു പോയ ആയുര്‍വേദ വൈദ്യരുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂരിലെ അമ്പലക്കുളത്തില്‍ നീന്തല്‍ പരിശീലനം നടത്തുന്നതിനിടെ കാണാതായ ആയുര്‍വേദ വൈദ്യരുടെയാണ് മൃതദേഹം കണ്ടെത്തിയത്. പയ്യന്നൂര്‍ തെക്കീബസാറില്‍ ആരോഗ്യരക്ഷാ ആശ്രമം ആയുര്‍വേദശാല നടത്തിവരുന്ന സജി വൈദ്യര്‍ എന്ന സജികുമാര്‍ (54) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ഏഴു മണിക്ക് പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കുളത്തിലാണ് അപകടം.
രാവിലെ ആറു മുതല്‍ സാധാരണ പരിശീലനം നടത്താറുള്ള സജികുമാര്‍ നിരവധി തവണ കുളത്തിനു കുറുകേ നീന്താറുണ്ട്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പൊലീസിന്റെ പ്രത്യേക അനുമതി വാങ്ങിയും നീന്തല്‍ തുടര്‍ന്നിരുന്നു. തുടക്കത്തില്‍ നിരവധിപേര്‍ ഇയാള്‍ക്കൊപ്പം പരിശീലനം നടത്താറുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസമായി ഒറ്റക്കാണ് കുളത്തില്‍ എത്താറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ സമീപവാസികള്‍ നോക്കി നില്‍ക്കെയാണ് കുളത്തിന്റെ മധ്യഭാഗത്തായി സജികുമാര്‍ മുങ്ങിത്താണത്.
പെട്ടെന്നുണ്ടായ തളര്‍ച്ച കാരണം നീന്താന്‍ കഴിയാതാവുകയായിരുന്നു. ജില്ലയിലെ തന്നെ വലിയ ചിറകളിലൊന്നാണ് പയ്യന്നൂരിലെ ഈ കുളം. മധ്യഭാഗങ്ങളില്‍ വലിയ തോതില്‍ ചളി നിറഞ്ഞ അവസ്ഥയുമായതിനാല്‍ മൂന്നു മണിക്കൂറോളം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്. വിവരമറിഞ്ഞ ഉടന്‍ പയ്യന്നൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘവും പൊലീസും നാട്ടുകാരും രാവിലെ മുതല്‍ തെരച്ചില്‍ നടത്തിയിരുന്നു. പയ്യന്നൂര്‍ തെക്കീ ബസാറിലെ രാമചന്ദ്രന്‍ വൈദ്യരുടെ മകനായ സജി അന്നൂരിലാണ് താമസം. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കോവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിക്കും
Keywords: News, Kerala, Missing, Death, Police, Taliparamba, Body of Vaidyar who went missing while swimming found
Powered by Info News For You

Comments
Post a Comment