മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാനത്താരംഭിച്ച കോച്ചിംഗ് സെന്ററുകള്‍ക്കെതിരെ നീക്കം; പ്രതിഷേധവുമായി വിവിധ മുസ്ലിം സംഘടനകള്‍
കോഴിക്കോട്: (https://ift.tt/3jYUKdF) മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാനത്താരംഭിച്ച കോച്ചിംഗ് സെന്ററുകള്‍ക്കെതിരെയുള്ള നീക്കത്തില്‍ പ്രതിഷേധവുമായി വിവിധ മുസ്ലിം സംഘടനകള്‍. ഉദ്യോഗസ്ഥ ലോബിയുടെയും സഭകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്ത് വന്നു. സമുദായത്തിലെ ഉദ്യോഗസ്ഥ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പാലൊളി കമ്മിറ്റി നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്ത് മുസ്ലിം കോച്ചിംഗ് സെന്ററുകള്‍ ആരംഭിച്ചത്.
പിന്നാക്കാവസ്ഥയിലുള്ള മുസ്ലിം സമുദായത്തിലെ കുട്ടികള്‍ക്ക് ഇത് വളരെ സഹായമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഈ സെന്ററുകള്‍ വഴി മുസ്ലിം വിഭാഗത്തിലെ നിരവധി പേര്‍ ഉന്നത ഉദ്യോഗസ്ഥ തലത്തിലെത്തിപ്പെട്ടിട്ടുണ്ടെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്രാവശ്യം സിവില്‍ സര്‍വീസ് പരീക്ഷയില്‍ പോലും പുരോഗതി കാണുന്നതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ മുസ്ലിം കോച്ചിംഗ് സെന്ററുകള്‍ മുസ്ലിംകള്‍ക്ക് പര്യാപ്തമാകുന്ന രീതിയിലും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്ന രീതിയിലും നിലനിര്‍ത്തണമെന്നാണ് ആവശ്യം.
മുസ്ലിം കോച്ചിംഗ് സെന്ററുകള്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് എം എസ് എസ് സംസ്ഥാന പ്രസിഡന്റ് സി പി കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു. മുസ്ലിംകള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നിലനിര്‍ത്തണമെന്നും ഇത്തരം നീക്കങ്ങള്‍ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോച്ചിംഗ് സെന്ററുകള്‍ അട്ടിമറിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് മെക്ക സംസ്ഥാന സെക്രട്ടറി കെ എം അബ്ദുല്‍ കരീം പറഞ്ഞു. ഇത്തരത്തിലുള്ള സെന്ററുകള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് ചെറിയ തോതിലെങ്കിലും മുസ്ലിം വിഭാഗത്തിന് ഉദ്യോഗ തലത്തില്‍ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം കൂടിയത് കാരണം പല സ്ഥലങ്ങളിലും ടെസ്റ്റ് നടത്തിയാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത്. ഉദ്യോഗതലത്തിലുള്ള പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയാണ് മുസ്ലിംകള്‍ക്ക് മാത്രമായി ഈ സ്ഥാപനം ആരംഭിച്ചിട്ടുള്ളത്. എന്നാല്‍ ക്രൈസ്തവ സഭകള്‍ക്ക് പരിശീലനം നല്‍കാന്‍ നിരവധി സംവിധാനങ്ങളുണ്ട് എന്നിരിക്കെ ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ മുസ്ലിംകള്‍ക്ക് മാത്രമായി നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെന്ററുകളുടെ പേര് മാറ്റിയും മറ്റ് വിഭാഗങ്ങള്‍ക്ക് 20 ശതമാനം സീറ്റുകള്‍ അനുവദിച്ചും മുസ്ലിം മുന്നേറ്റത്തെ തകര്‍ക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢ നീക്കം സച്ചാര്‍ സമിതി റിപോര്‍ട്ടില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ തകിടം മറിക്കുന്നതാണെന്ന് കേരള മുസ്ലിം ജമാഅത്തും പ്രതികരിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ സംവരണത്തിന് സ്വീകരിക്കുന്ന ശതമാനവും റൊട്ടേഷനും ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അവരുടേതായ മേഖലകളില്‍ പരിശീലനം നല്‍കുന്നതിനും മറ്റും നിരവധി സംവിധാനങ്ങള്‍ നിലനില്‍ക്കെ മുസ്ലിംകള്‍ക്കനുവദിച്ച ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്നാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.
Powered by Info News For You

Comments
Post a Comment