കാസര്‍കോടിന് രണ്ട് കോടതികള്‍ കൂടി: തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം തുറന്നുകൊടുക്കും


കാസര്‍കോട് (www.evisionnews.co): ജില്ലയ്ക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും (എംഎസിടി) ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെയും ഉദ്ഘാടനം നവംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ഹൈക്കോടതി ജഡ്ജി എഎം ഷഫീക്ക് അധ്യക്ഷത വഹിക്കും. നിയമ മന്ത്രി എകെ ബാലന്‍, ജില്ലയുടെ ചാര്‍ജ് വഹിക്കുന്ന ഹൈക്കോടതി ജഡ്ജി അമിത് റാവല്‍ സംബന്ധിക്കും.


സ്വതന്ത്രമായി എംഎസിടി ഇല്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയായിരുന്നു കാസര്‍കോട്. 2009 മുതല്‍ കോടതി സ്ഥാപിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികയില്‍ ജില്ല ഒന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ ഇത് നീണ്ടുപോവുകയായിരുന്നു. കാസര്‍കോട് ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹരജിയിലെ ഉത്തരവ് പ്രകാരമാണ് ജില്ലയില്‍ എംഎസിടി സ്ഥാപിക്കുന്നത്. അഡീഷണല്‍ ജില്ലാ ജഡ്ജ് (ഒന്ന്) ആര്‍ എല്‍ ബൈജുവിനാണ് ജഡ്ജിന്റെ താല്‍ക്കാലിക ചുമതല. ജില്ലാ ജഡ്ജിമാരുടെ പ്രൊമോഷന്‍ നടക്കുന്ന മുറക്ക് സ്ഥിരം ജഡ്ജ് നിയമനം ഉണ്ടാവും.


സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളിലൊന്നാണ് ഹൊസ്ദുര്‍ഗില്‍ ആരംഭിക്കുന്ന സ്‌പെഷ്യല്‍ കോടതി. പോക്‌സോ കേസുകളുള്‍പ്പെടെയുള്ള സെഷന്‍സ് കേസുകള്‍ ഈ കോടതി കൈകാര്യം ചെയ്യും. നിലവില്‍ കാസര്‍കോട് പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ കോടതിക്ക് പുറമേയാണ് ഹൊസ്ദുര്‍ഗില്‍ സ്‌പെഷ്യല്‍ കോടതി ആരംഭിക്കുന്നത്. അഡീഷണല്‍ ജില്ലാ ജഡ്ജ് (രണ്ട്) രാജന്‍ തട്ടിലിനാണ് ഹൊസ്ദുര്‍ഗ് സ്‌പെഷ്യല്‍ കോടതിയുടെ ചുമതല നല്‍കിയിരിക്കുന്നത്. ജില്ലാ സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്റെ പ്രത്യേക താല്‍പര്യമാണ് കോഡിന്റെ പ്രതിസന്ധി കാലത്തും പുതിയ കോടതികള്‍ യാഥാര്‍ത്ഥ്യമാക്കിയത്. 

കാസര്‍കോട് കോടതി സമുച്ചയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്‍, അഡീഷണല്‍ ജില്ലാ ജഡ്ജുമാരായ ടി കെ നിര്‍മല, രാജന്‍ തട്ടില്‍, ഡിഎല്‍എസ്എ സെക്രട്ടറി ഷുഹൈബ്, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ സി അശോക് കുമാര്‍, അസോസിയേഷന്‍ സെക്രട്ടറി കെ കരുണാകരന്‍ നമ്പ്യാര്‍ പങ്കെടുത്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?