ആ ശബ്ദം ഇനി ഈ മണ്ണില്‍ ഇല്ല; ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈ: (www.kvartha.com 25.09.2020) മധുരസംഗീതത്തിന്റെ ദക്ഷിണേന്ത്യന്‍ പര്യായം എസ് പി ബാലസുബ്രഹ്മണ്യം (74) അന്തരിച്ചു. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചു മുതല്‍ ചെന്നൈയിലെ എം ജി എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എസ്പിബി 'അതീവ ഗുരുതരാവസ്ഥയില്‍' ആണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയും മകനും അടുത്ത ബന്ധുക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെല്ലാം ആശുപത്രിയില്‍ എത്തിയിരുന്നു.

പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ആറുതവണ നേടി. നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: പിന്നണി ഗായകനും നിര്‍മാതാവുമായ എസ് പി ചരണ്‍, പല്ലവി.

Veteran singer SP Balasubrahmanyam dies

ഓഗസ്റ്റ് 13ന് എസ്പിബിയുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്റര്‍ സഹായം നല്‍കി. പ്ലാസ്മ തെറപ്പിക്കും വിധേയനായി. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സെപ്റ്റംബര്‍ 19ന് മകന്‍ എസ് പി ചരണ്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. ആരോഗ്യം നന്നാകുന്നുവെന്നു കാണിച്ച് എസ്പിബി തന്നെ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

1946 ജൂണ്‍ 4 ന് ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് 'എസ്പിബി' എന്നും 'ബാലു' എന്നും അറിയപ്പെട്ട ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യത്തിന്റെ ജനനം. ഹരികഥാ കലാകാരന്‍ എസ്.പി. സാംബമൂര്‍ത്തിയായിരുന്നു പിതാവ്. അമ്മ ശകുന്തള. മകനെ എന്‍ജിനീയറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും ചെറുപ്പത്തിലേ സംഗീതത്തോട് അഭിനിവേശം തോന്നിയ ബാലു പാട്ടിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ അദ്ദേഹത്തെ തേടിയെത്തി. 1979-ല്‍ പുറത്തിറങ്ങിയ കെ. വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിലെ ഓംകാര നാദനു എന്ന ഗാനം എസ്പിബിയെ ആദ്യത്തെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കി. ഏക് ദുജേ കേലിയേ (ഹിന്ദി 1981), സാഗര സംഗമം (തെലുങ്ക് 1983), രുദ്രവീണ (തെലുങ്ക് 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി (കന്നഡ 1995), മിന്‍സാര കനവ് (തമിഴ് 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും ദേശീയ അവാര്‍ഡ് ലഭിച്ചു.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000 ല്‍ അധികം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇത്രയധികം ചലച്ചിത്രഗാനങ്ങള്‍ പാടിയ മറ്റൊരു ഗായകന്‍ ലോകത്തുണ്ടായിട്ടില്ല. ഏറ്റവുമധികം പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡ് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പേരിലാണ്. തെലുങ്ക് സംഗീതസംവിധായകന്‍ എസ്.പി.കോദണ്ഡപാണിയുടെ ശ്രീശ്രീ ശ്രീ മര്യാദ രാമണ്ണ(1966)യിലാണ് അദ്ദേഹം ആദ്യമായി പാടിയത്.

2001 ല്‍ പത്മശ്രീയും 2011 ല്‍ പദ്മഭൂഷണും ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം, കര്‍ണാടക സര്‍ക്കാരിന്റെ കര്‍ണാടക രാജ്യോല്‍സവ അവാര്‍ഡ് എന്നിവ ലഭിച്ചു. പല സര്‍വകലാശാലകളും ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പല തവണ നേടിയിട്ടുണ്ട്. അമ്പതോളം ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കെ.ബാലചന്ദര്‍ സംവിധാനം നിര്‍വഹിച്ച മനതില്‍ ഉറുതി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്നു വന്ന കേളടി കണ്‍മണി ഏറെ ശ്രദ്ധേയമായിരുന്നു. മുദിനമാവ എന്ന കന്നഡ ചിത്രത്തിലെ പ്രധാന വേഷത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു.

മണ്ണില്‍ ഇന്ത കാതല്‍ (കേളടി കണ്‍മണി), ഇളയനിലാ പൊഴികിറതേ... (പയനങ്കള്‍ മുടിവതില്ലൈ), അരച്ച സന്ദനം (ചിന്നതമ്പി), കാട്ടുക്കുയില് മനസ്സുക്കുള്ളൈ (യേശുദാസിനൊപ്പം ദളപതി), ശങ്കരാ നാദശരീരാ പരാ (ശങ്കരാഭരണം), ചന്ദിരനൈ തൊട്ടതു യാര്‍, നെഞ്ചേ നെഞ്ചേ (രക്ഷകന്‍), മലരേ മൗനമാ (കര്‍ണാ), കാതല്‍ റോജാവേ (റോജാ), സുന്ദരി കണ്ണാല്‍ ഒരു സെയ്തി (ദളപതി) തുടങ്ങിയവയാണ് എസ്പിബിയുടെ പ്രശസ്ത ഗാനങ്ങള്‍.

Keywords:  Veteran singer SP Balasubrahmanyam dies, aged 74, Chennai,Singer,Dead,Cinema,Obituary,National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?