ചായപ്പൊടി പായ്ക്കറ്റില്‍ ചത്ത പല്ലി; ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പരാതിയുമായി കോണ്‍ഗ്രസ് നേതാവ്
കൊച്ചി: (https://ift.tt/3kbfm2d) കടയില്‍ നിന്ന് വാങ്ങിയ ചായപ്പൊടി പായ്ക്കറ്റില്‍ ചത്ത പല്ലിയെ കിട്ടിയതായി പരാതി. കൊച്ചിയിലെ കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാലിനാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചായപ്പൊടി പായ്ക്കറ്റില്‍ ചത്ത പല്ലിയെ കിട്ടിയത്. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ഇദ്ദേഹം പരാതി നല്‍കി.
കഴിഞ്ഞ ശനിയാഴ്ച കൊച്ചി പനമ്പള്ളി നഗറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് താജ്മഹല്‍ ബ്രാന്‍ഡിലുള്ള ചായപ്പൊടി വാങ്ങി ഇദ്ദേഹം വീട്ടിലെത്തിയത്. ഭാര്യ ശശികല പാക്കറ്റ് പൊട്ടിച്ചപ്പോള്‍ പല്ലിയെ കാണുകയായിരുന്നു. ഉടന്‍ തന്നെ താജ്മഹല്‍ ചായപ്പൊടിയുടെ നിര്‍മ്മാതാക്കള്‍ക്ക് പരാതി നല്‍കി. ചായപ്പൊടിയുടെ വിതരണക്കാര്‍ കഴിഞ്ഞ ദിവസം വേണുഗോപാലിന്റെ വീട്ടിലെത്തി. പായ്ക്കറ്റ് തങ്ങള്‍ക്കും നല്‍കണമെന്നും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പായ്ക്കറ്റ് നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായില്ല.
ഇതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കി. ഉദ്യോഗസ്ഥരെത്തി സാമ്പിള്‍ സീല്‍ ചെയ്ത് കൊണ്ടുപോയി. അതേസമയം, ചായപ്പൊടി പായ്ക്കറ്റ് തയ്യാറാക്കുന്നത് സ്റ്റേറ്റ് ഓഫ് ആര്‍ട്ട് എന്ന പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നും പുറത്ത് നിന്നുമൊരു വസ്തു പായ്ക്കറ്റില്‍ വരാന്‍ സാധ്യതയില്ലെന്നുമാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ വിശദീകരണം.
കൂടുതല്‍ അന്വേഷണത്തിനായി പായ്ക്കറ്റ് കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും പായ്ക്കറ്റ് പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ എന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് കമ്പനി അധികൃതര്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment