ആരോഗ്യനില തൃപ്തികരം: മന്ത്രി ഇ പി ജയരാജനെ ചികിത്സിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
തളിപ്പറമ്പ്: (www.kvartha.com 12.09.2020) പരിയാരത്ത് ചികിത്സ തേടിയ കോവിഡ് ബാധിതനായ മന്ത്രി ഇ പി ജയരാജനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ആശുപത്രി അധികൃതര്‍. മന്ത്രിയുടെ സുഖവിവരങ്ങളറിയാന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ജിവിത ശൈലി രോഗങ്ങളും കഴുത്തിന് വെടി കൊണ്ടതിന്റെ ഭാഗമായുള്ള ശ്വാസം മുട്ടലുമുള്ള ജയരാജന്റെ ചികിത്സ അതീവ ജാഗ്രതയോടെയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നടത്തുന്നത്. ആരോഗ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ള മന്ത്രി ഇ പി ജയരാജന്റേയും ഭാര്യ പി കെ ഇന്ദിരയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രത്യേക കോവിഡ് ഐസൊലേഷന്‍ റൂമില്‍ പ്രവേശിപ്പിച്ച മന്ത്രിക്കും ഭാര്യയ്ക്കും നിലവില്‍ കോവിഡ് രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടമല്ല. ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ചെയര്‍മാനും ആശുപത്രി സൂപ്രണ്ട് കണ്‍വീനറുമായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ ബോര്‍ഡ് മുമ്പാകെ, അതത് ദിവസം പ്രത്യേകമായി ഇരുവരുടേയും മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംസ്ഥാന കോവിഡ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനുമായി നിലവിലെ ആരോഗ്യസ്ഥിതി ചര്‍ച്ച ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഇരുവരുടേയും ആരോഗ്യ സ്ഥിതി സംബന്ധിച്ചും ആശുപത്രിയിലെ കോവിഡ് രോഗികളുടെ പൊതുസ്ഥിതിയും പ്രത്യേകമായി ഫോണില്‍ ചര്‍ച്ച ചെയ്തതായും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ കെ എം കുര്യാക്കോസും കണ്‍വീനര്‍ ഡോ കെ സുദീപും അറിയിച്ചു. മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചതു കാരണം കണ്ണൂര്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ജില്ലാ ഭരണകുടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് മന്ത്രിയുടെ നേതൃത്വത്തിലായിരുന്നു.
Keywords: News, Kerala, COVID-19, Minister, E.P Jayarajan, Health Minister, Medical College, Treatment, hospital, Taliparamba, Special Medical Board to treat Minister EP Jayarajan
Powered by Info News For You

Comments
Post a Comment