ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്റെ വീട്ടില്‍ പൊലീസിന്റെ പരിശോധന; രേഖകള്‍ പിടിച്ചെടുത്തു

കാസര്‍കോട്: (www.kvartha.com 08.09.2020) ജ്വല്ലറിയുടെ പേരില്‍ പലരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചുവെന്ന കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്റെ വീട്ടില്‍ ചന്ദേര പൊലീസ് പരിശോധന നടത്തി. ജ്വല്ലറി നിക്ഷേപവുമായി ബന്ധപ്പെട്ട ചില രേഖകള്‍ പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത രേഖകള്‍ പൊലീസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.

ചന്ദേര പൊലീസ് സ്റ്റേഷനില്‍ 81ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ആകെ കിട്ടിയ 12 പരാതികളില്‍ ഏഴെണ്ണം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ചിനു കൈമാറി. ശേഷിച്ച അഞ്ചെണ്ണമാണ് ചന്ദേര പൊലീസ് അന്വേഷിക്കുന്നത്. ഈ കേസുകളുടെ ഭാഗമായിട്ടായിരുന്നു പരിശോധന.

 Jewellery fraud case: Raid at M C Kamaruddin's home, Kasaragod, News, Business, Politics, Raid, Police, Crime Branch, Kerala

ജ്വല്ലറി ചെയര്‍മാനായ എം സി കമറുദ്ദീന്റെ പടന്ന എടച്ചാക്കൈയിലുള്ള വീടും ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ പികെ പൂക്കോയ തങ്ങളുടെ ചന്ദേര പൊലീസ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള വീട്ടിലുമാണ് പരിശോധന നടന്നത്. റെയ്ഡ് നടക്കുന്ന സമയത്ത് എംഎല്‍എ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ചന്ദേര സിഐ പി നാരായണന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു പരിശോധന.

വഞ്ചന കേസുകള്‍ക്ക് പുറമേ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. പണം തിരികെ ആവശ്യപ്പെട്ട രണ്ട് നിക്ഷേപകര്‍ക്ക് വണ്ടി ചെക്കുകള്‍ നല്‍കിയെന്നാണ് കേസ്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

ജ്വല്ലറി നിക്ഷേപകരുടെ പരാതിയിലാണ് മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുസ്ലീംലീഗ് പ്രാദേശിക നേതാവടക്കം ഉദുമ സ്വദേശികളായ അഞ്ച് പേര്‍ നിക്ഷേപമായി നല്‍കിയ 73 ലക്ഷം തട്ടിയെന്നാണ് കേസ്. കാസര്‍കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടക്കം എംഎല്‍എക്കെതിരെ 13 വഞ്ചന കേസുകള്‍ നിലവിലുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ പൂട്ടിയതിനെ തുടര്‍ന്നാണ് കള്ളാര്‍ സ്വദേശികളായ സുബീറും അഷ്‌റഫും നിക്ഷേപമായി നല്‍കിയ 78 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്. പണത്തിനായി നിരന്തരം സമീപിച്ചതിനെ തുടര്‍ന്ന് ജ്വല്ലറി ചെയര്‍മാന്‍ എംസി കമറുദ്ദീന്‍ എംഎല്‍എയും എംഡി പൂക്കോയ തങ്ങളും ഒപ്പിട്ട് ഇരുവര്‍ക്കുമായി അഞ്ച് ചെക്കുകള്‍ നല്‍കി. എന്നാല്‍ ചെക്ക് മാറാന്‍ ബാങ്കില്‍ പോയപ്പോള്‍ അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല.

തുടര്‍ന്നാണ് ഇരുവരും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ചെക്ക് തട്ടിപ്പ് കേസില്‍ എംഎല്‍എക്കും പൂക്കോയ തങ്ങള്‍ക്കുമെതിരെ കോടതി സമന്‍സ് അയച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലക്കാരായ നിക്ഷേപകരടക്കം അഞ്ച് പേരില്‍ നിന്നായി 29 ലക്ഷം തട്ടിയെന്ന പരാതിയില്‍ ചന്തേര പൊലീസ് അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. അഞ്ച് പേരില്‍ നിന്നായി 75 ലക്ഷം തട്ടിയെന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വന്ന സമാന പരാതികള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

അതേസമയം എം എല്‍ എയ്ക്ക് എതിരായുള്ള പരാതികളുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ എല്ലാ പരാതികളും ഒറ്റ കേസായി പരിഗണിച്ചായിരിക്കും അന്വേഷണം നടത്തുക.

Keywords: Jewellery fraud case: Raid at M C Kamaruddin's home, Kasaragod, News, Business, Politics, Raid, Police, Crime Branch, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?