അബ്ദുള്ളക്കുട്ടിയും വടക്കനും സാംപിള്‍ മാത്രം: കൂടുതല്‍ പേരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി
ഭാമനാവത്ത്
കണ്ണൂര്‍: (www.kvartha.com 28.09.2020) വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളില്‍ നിന്നായി നേതാക്കളെ റാഞ്ചാന്‍ ബിജെപി ഒരുങ്ങുന്നു. ഇതിനായി കേന്ദ്ര നേതൃത്വമാണ് അണിയറയില്‍ പദ്ധതി ഒരുക്കിയിട്ടുള്ളത്. എ പി അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയും ദേശീയ നേതൃത്വത്തില്‍ കാര്യമായി പ്രതിഷ്ഠിച്ചതുവഴി ബിജെപി ലക്ഷ്യമിടുന്നത് ചാഞ്ചാടുന്ന കേരളത്തിലെ മറ്റു പാര്‍ട്ടികളിലെ അതൃപ്തരെയാണ്. വടക്കനെയും അബ്ദുള്ളക്കുട്ടിയെയും ഇടനിലക്കാരാക്കി മറ്റു പാര്‍ട്ടികളിലെ ചില മധ്യനിര നേതാക്കളെ എത്തിക്കാനുള്ള തന്ത്രമാണ് ബിജെപിക്കുള്ളത്.
ദേശീയ നേതൃത്വത്തിലേക്ക് കാലുമാറിയവര്‍ക്ക് നല്‍കിയ പദവി. അടിത്തട്ടില്‍ വലിയ സ്വാധീനമില്ലാത്ത രണ്ടുപേര്‍ക്ക് പ്രമുഖ പദവി നല്‍കി ബിജെപി ലക്ഷ്യമിടുന്നത് മറ്റു പാര്‍ട്ടികളിലെ സ്ഥാനമോഹികളെയാണ്. ഇപ്പോഴത്തെ മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള സംസ്ഥാന പ്രസിഡന്റായിരിക്കെ ഇതിനായുള്ള ചര്‍ച്ച ഏറെ മുന്നേറിയിരുന്നു. കെപിസിസി നിര്‍വാഹകസമിതി അംഗം ജി രാമന്‍നായര്‍, വനിതാ കമീഷന്‍ അംഗമായിരുന്ന ഡോ. ജെ പ്രമീളാദേവി എന്നിവരെ ബിജെപിയിലെത്തിച്ചതിന് പിന്നാലെയായിരുന്നു ഇത്. പാര്‍ലമെന്റംഗമായ മുന്‍ മന്ത്രി, പ്രമുഖ സഹകാരി എന്നിവരായിരുന്നു അന്ന് ചര്‍ച്ചയില്‍.
കോണ്‍ഗ്രസിന്റെ സാംസ്‌കാരിക നായകനും പിഎസ്സി ചെയര്‍മാനുമായിരുന്ന ഡോ. കെ എസ് രാധാകൃഷ്ണനെ സ്വീകരിച്ചത് ലോക്സഭാ സ്ഥാനാര്‍ഥിയാക്കിയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്ത ചില കോണ്‍ഗ്രസ് നേതാക്കളെയും അന്ന് ബന്ധപ്പെട്ടിരുന്നു. ഇതിനു പുറമേ സിപിഎമ്മില്‍ നിന്നും അവഗണന നേരിടുന്നവരും നേതൃത്വത്തിന്റെ പോക്കില്‍ അതൃപ്തിയുള്ളവരുമായ നേതാക്കളെ ബിജെപി നോട്ടമിടുന്നുണ്ട്. ഇവരടക്കമുള്ള പ്രമുഖര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് വരുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശ്വാസം. അബ്ദുള്ളക്കുട്ടിക്കും വടക്കനുമുള്ള ദേശീയ തലത്തിലുള്ള പ്രമുഖസ്ഥാനം ഈ ഓപറേഷന് കൂടി വേണ്ടിയാണെന്നാണ് സൂചന. വടക്കന്റെ ഡെല്‍ഹി ബന്ധങ്ങള്‍ ചില മലയാളി നേതാക്കളെ 'വലയിലാക്കാന്‍' പ്രയോജനപ്പെടുമെന്നും ബിജെപി കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നു.
Keywords: Kannur, News, Kerala, Politics, BJP, CPM, Congress, Election, Leaders, Political party, Abdullakutty and Vadakkan are just a sample: BJP wants to see more leaders in Congress and CPM
Powered by Info News For You

Comments
Post a Comment