വിശുദ്ധ ഖുർആനും ഇടതുപക്ഷ മതബോധവും

സി കെ എ ജബ്ബാർ

(www.kvartha.com 19.09.2020) നയതന്ത്ര ബാഗ്​ സ്വർണ കള്ളക്കടത്ത്​ കേസിൻ്റെ തുടർച്ചയായി കസ്​റ്റംസ്​ രണ്ട്​ കേസ്​ രജിസ്​റ്റർ ചെയ്​തതോടെ സംസ്ഥാന സർക്കാർ വലിയ പ്രതിരോധത്തിലായിരിക്കുകയാണ്.

യു എ ഇ കോൺസുലേറ്റ്​ ഉദ്യോഗസ്ഥർക്ക്​ സ്വന്തം ഉപയോഗത്തിന്​ ഡിപ്ലോമാറ്റിക് ചാനലിലൂടെ കൊണ്ടുവന്ന മതഗ്രന്ഥങ്ങളും ആയിരക്കണക്കിന്​ കിലോ ഈത്തപ്പഴവും സംസ്ഥാന സർക്കാർ കൈപ്പറ്റിയതിനെതിരാണ് കേസുകൾ. ഇതോടെ പുതിയ നിയമ യുദ്ധത്തിനും വിശദീകരണത്തിനും സംസ്ഥാന സർക്കാർ ബാധ്യസ്ഥരായി.
The Holy Qur'an and the Left Religious Consciousness

വിശുദ്ധ ഖുർആനിനെ വിവാദത്തിൽ പെടുത്തരുത് എന്ന് വിശ്വാസി ലോകം ശക്തമായി ആഗ്രഹിക്കുന്ന ഒന്നാണ്. ഖുർആൻ ചേർത്ത് വെച്ച് ഇടത് പക്ഷത്തെ മതമൗലിക പട്ടം ചാർത്തി അക്രമിക്കാൻ സംഘ് പരിവാറിന് കിട്ടിയ അവസരമാണിത്. ഖുർആനെ ചേർത്ത് പിടിച്ച് മതബോധത്തെ ഇടത് രാഷ്ട്രീയത്തിൽ ത്രസിപ്പിക്കാൻ ഭരണ കേന്ദ്രത്തിന് എത്രത്തോളം ത്രാണിയുണ്ടാവുമെന്നോ അതിൽ എന്തെല്ലാം കാപട്യം പ്രകടമാവുമെന്നോ നമുക്കറിയില്ല.

മന്ത്രി കെ ടി ജലീൽ വിശുദ്ധഖുർആൻ വിതരണം ചെയ്ത വിവാദം ഒരു നിയമ പ്രശ്നമെന്നതിനപ്പുറം മറ്റൊരു തലമുണ്ടെങ്കിൽ അത് അദ്ദേഹത്തിൻ്റെ വിശ്വാസവുമായി ബന്ധപ്പെട്ട കടപ്പാടിൻ്റെ കാര്യം മാത്രമാണ്‌ എന്നാണ് ചുരുക്കി മനസ്സിലാക്കേണ്ടത്. ഈ സാഹചര്യം വിവാദമാക്കി വിശുദ്ധഖുർആനിനെ വലിച്ചിഴക്കരുത് എന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്.

നികുതി ഒഴിവാക്കൽ സർട്ടിഫിക്കറ്റിൻ്റെ ആനുകൂല്യത്തിൽ നയതന്ത്ര ഉദ്യോഗസ്ഥർ അവർക്കായി കൊണ്ടുവന്നത് കൈപ്പറ്റിയതിനെതിരെ സംസ്ഥാന സർക്കാർ നിയമ നടപടിക്ക് വിധേയമാവുന്നത് അതിൻ്റെ നിയമ വഴിക്ക് വിട്ടു കൊടുക്കുക.

ജലീലിൻ്റെ മത ബോധത്തിന് വർഗ്ഗീയ നിറം നൽകുന്നവർക്ക് കൂട്ടുനിൽക്കാൻ മതേതര ബോധമുള്ളവർക്ക് സാധ്യമല്ല. പിണറായി സർക്കാർ ഈ നിലപാടിലാണ്. പിണറായി സർക്കാറിന് ജലീൽ പ്രിയപ്പെട്ടതായത് കൊണ്ട് മാത്രം സ്വീകരിച്ച ഈ 'മത ബഹുമാനം' സംഘ്പരിവാർ കേരളത്തിലെ മതബോധത്തെ ചൂണ്ടിപ്പറയുന്ന തീവ്ര കാഴ്ചപ്പാടിനെ എതിർക്കുന്നതിലും മായം ചേരാതെ പിന്തുടരണം. കേരള യാത്രക്കിടയിൽ വഴിയോരത്ത് മുസല്ലവിരിച്ച് നമസ്കരിച്ച ജാഥാംഗമായ ഒരു സഖാവിനോടുള്ള 'മത ബഹുമാന പോളിസി' മതസ്ഥാപനം നടത്തുന്ന സംഘടനകളോടും സി പി എം സ്വീകരിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. പാർട്ടി ഗ്രാമങ്ങളിൽ അടച്ചിടപ്പെടുകയോ തടയപ്പെടുകയോ ചെയ്ത പ്രാർഥനാ ഹാളുകളും, മദ്രസ്സകളും, കെട്ടിട നിർമാണവും, മതസ്ഥാപന പരിപാലനവും ചൂണ്ടിപ്പറയാതെ ആഗ്രഹിക്കാനാവാത്തതാണ് ഈ മോഹം. പാർട്ടി ഗ്രാമത്തിൽ ശ്വാസവായു തേടുന്ന മതസംരംഭങ്ങളെ ചൂണ്ടിക്കാട്ടാൻ ഭരണസാരഥിയുടെ ആസ്ഥാന ജില്ലയിൽ തന്നെ ഏറെ ഉദാഹരണങ്ങൾ ഉണ്ട്.

ചില മതബോധത്തെ വർഗ്ഗീയമായി വ്യഖ്യാനിച്ച് പാർട്ടി അകലത്ത് നിർത്തിയ സംഘടനകളുണ്ട്. ഇവരുടെ പരിപാടികളിൽ ആശംസ നേരാൻ സ്വന്തം ജനപ്രതിനിധികൾക്ക് മുന്നിൽ പോലും ഇട്ടു കൊടുത്ത പാർട്ടിയുടെ അസ്പൃശ്യതയുടെ സ്ക്രീനിങ്ങ് ടേബിൾ ഭരണ സിരാ കേന്ദ്രത്തിൽ സ്വർണ്ണക്കടത്ത് മാഫിയ പിടിമുറുക്കിയപ്പോഴോ നേതാക്കളുടെ മക്കളുടെ അതിര് വിട്ട ബന്ധങ്ങളിലോ ക്യാമറയായി പ്രവർത്തിച്ചില്ല എന്നത് നിർഭാഗ്യകരമാണ്. ഒരു പൊതു ചടങ്ങിലേക്ക് പാർലിമെൻ്റംഗത്തെ ക്ഷണിച്ചാൽ പാർട്ടി അനുവാദം തരണം എന്ന് പറയേണ്ടുന്ന രാഷ്ട്രീയ അസ്പൃശ്യത കാത്ത് സൂക്ഷിക്കുന്ന ഒരു  'കേഡർ' സിസ്റ്റം ആരെല്ലാം ദുരുപയോഗിക്കുന്നുവെന്നല്ല, ദുരുപയോഗങ്ങൾക്ക് വ്യാഖ്യാന കസർത്ത് നൽകപ്പെടുന്നുവെന്നതാണ് സ്വയം ദുഷിച്ചു പോകാനും ചുകപ്പിനപ്പുറമുള്ള നിറങ്ങളെല്ലാം എതിരാവുന്നതിനും ഇടയാവുന്നത്.

വർഗ്ഗ ബോധം തൊഴിലാളി മുതലാളി തട്ടുകളായിരുന്ന കാലത്തും ബഹുജനം എന്ന നിഘണ്ടുവിൽ സമ്പന്നനും വ്യവസായിയും ഉൾപ്പെട്ടിട്ടുണ്ട്. മതവിശ്വാസിയും, നിരീശ്വരവാദിയും ഒരുമിച്ചിരുന്നിട്ടുണ്ട്. ജനാധിപത്യ കേന്ദ്രീകരണമെന്ന തത്വം വിപ്ലവത്തിൻ്റെ വികേന്ദ്രീകരണ വഴികളിൽ സഞ്ചരിച്ചപ്പോഴുണ്ടായ വിവിധ വർഗ്ഗരാഷ്ട്രീയത്തെ ചേർത്ത് പിടിക്കുന്നതിൻ്റെ ഒന്നാം ഉദാഹരണമായിരുന്നു ബാലറ്റ് വിജയത്തിലൂടെയുള്ള ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രി സഭ. പ്രായോഗിക രാഷ്ട്രീയം എന്നത് ലക്ഷ്യം മാർഗ്ഗത്തെ ന്യായീകരിക്കും എന്ന പൊതു തത്വത്തിൻ്റെ അടിസ്ഥാനത്തിലാണ് കമ്മ്യൂണിസ്റ്റുകൾ എന്നും പ്രയോഗവൽക്കരിച്ചത്. സി പി ഐ യുടെ കോൺഗ്രസ് അനുഭാവ നിലപാടും അച്യുതമേനോൻ മന്ത്രിസഭയും, അഖിലേന്ത്യാ മുസ്ലിം ലീഗിനെ മുന്നണിയിൽ ചേർത്തുവെച്ച സി പി എം നയിച്ച ഇടത് പക്ഷവുമെല്ലാം ഈ പ്രായോഗിക രാഷ്ടീയ ഉദാഹരണങ്ങളാണ്. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന ആചാര്യ വാക്യത്തിന് കേരളീയ സാഹചര്യത്തിൽ മതവിരുദ്ധമല്ലാത്ത വ്യാഖ്യാന ലേഖന പരമ്പര എഴുതിയ പാർട്ടി സെക്രട്ടറിയാണ് പിണറായി വിജയൻ. പക്ഷെ എന്നിട്ടും മുഖ്യമന്ത്രിയുടെ നിത്യ വാർത്താ സമ്മേളനത്തിൽ കോവിഡ് ജനസേവന സംരംഭങ്ങളിലും പ്രളയ ദുരിതാശ്വാസത്തിലും ചില മുസ്ലിം സംഘടനകൾ നടത്തുന്ന മാതൃകാപരമായ സംരംഭം ഉപ്പിന് ചേർക്കാൻ പോലും ഉദ്ധരിക്കുകയോ പരാമർശിക്കുകയോ ചെയ്യുന്നില്ല. അത്രത്തോളം കണ്ടുകൂടായ്മയാണ് ചിലമത സംഘനകൾ പ്രതിനിധാനം ചെയ്യുന്ന മതബോധനം. കെ ടി ജലീൽ പ്രതിനിധാനം ചെയ്യുന്ന ഖുർആൻ വിതരണ നിലപാടിന് അദ്ദേഹത്തിനും പാർട്ടിക്കും അതിൻ്റേതായ മൗലികവാദമുണ്ട്. അതാണിപ്പോൾ കേരളം കേട്ട് കൊണ്ടിരിക്കുന്നത്. മതസംഘടനകൾ ഉയർത്തിപ്പിടിക്കുന്ന ഖുർആൻ മൗലിക വാദത്തിന് മാത്രം പിന്നെയെന്ത് വ്യത്യാസമാണുള്ളത്. ?എങ്കിൽ അത് പാർട്ടി പറയേണ്ട സമയമാണിത്. ഖുർആനിനെ ചേർത്ത് പിടിക്കുന്നുണ്ടെങ്കിൽ അതിൽ കാപട്യമുണ്ടോ ഇല്ലേ എന്ന് ചുരുങ്ങിയത് മത വിശ്വാസികൾക്കെങ്കിലും ബോധ്യമാവണം.


Keywords: Case, CPI(M), Customs, Gold, Government, Quran, Religion, Smuggling, Article, The Holy Qur'an and the Left Religious Consciousness





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?