കോവിഡിനെ തുടര്‍ന്ന് കാന്റീന്‍ പൂട്ടിയെങ്കിലും ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനത്തിന് പനീര്‍ താലി മുതല്‍ ചിക്കന്‍ ബിരിയാണി വരെ ഓര്‍ഡര്‍ ചെയ്യാം
ന്യൂഡെല്‍ഹി: (www.kvartha.com 13.09.2020) കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരത്തില്‍ ഉത്തര റെയില്‍വേ നടത്തിയിരുന്ന കാന്റീന്‍ പൂട്ടിയെങ്കിലും ഇത്തവണത്തെ മണ്‍സൂണ്‍ സമ്മേളനത്തിന് അംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ആഹാരം വഴിമുട്ടില്ല. പനീര്‍ താലി ചപ്പാത്തി മുതല്‍ ചിക്കന്‍ ബിരിയാണി വരെയാണ് മെനുവിലുള്ളത്. ഒരു ദിവസം മുമ്പ് ഓര്‍ഡര്‍ നല്‍കണമെന്ന് മാത്രം. പനീര്‍ താലി, ചപ്പാത്തി, ദാല്‍, മധുരം പരഹാരം, ജീരക ചോറ്, അച്ചാര്‍ എന്നിവയ്ക്ക് 105 രൂപയാണ്. ദക്ഷിണേന്ത്യന്‍ വിഭവങ്ങളായ ഇഡലി, വട, ചെറിയ ദോശ, ഊത്തപ്പം സാമ്പാര്‍, ചമ്മന്തി എന്നിവയ്ക്ക് 110 രൂപയുമാണ്. ബംഗാള്‍ സ്വദേശികളുടെ റസ്റ്റോറന്റില്‍ നിന്നാണ് ഇവ രണ്ടും വരുത്തിക്കുന്നത്. കര്‍ശനമായ ആരോഗ്യ നിബന്ധനകളോടെ തിങ്കളാഴ്ചയാണ് മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നത്.
എംപിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ആഹാരം ഒരു ദിവസം മുമ്പേ ഓര്‍ഡര്‍ ചെയ്യാം. ഒപ്പം ബില്ലും അടയ്ക്കണം. ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. എത്ര പേര്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കാരണം കോവിഡ് കാലമായതിനാല്‍ ഭൂരിപക്ഷം പേരും പുറത്ത് നിന്ന് ഭക്ഷണം കഴിക്കാറേയില്ല. നോണ്‍വെജ് വിഭവങ്ങളും ഓര്‍ഡറിനനുസരിച്ച് ലഭ്യമാക്കും. ചിക്കന്‍ കട്ലറ്റ്, വേവിച്ച പച്ചക്കറി, ബട്ടര്‍, റൊട്ടി എന്നിവയ്ക്ക് 150 രൂപയും ചിക്കന്‍ ബിരിയാണിക്കും റായ്ത കറിക്കും 100 രൂപയുമാണ് വില. കാന്റീന്‍ നടത്തിക്കൊണ്ടിരുന്ന റെയില്‍വേ അധികൃതര്‍ തന്നെയാണ് ഭക്ഷണം വിളമ്പുന്നതും പണം വാങ്ങുന്നതും.
കോവിഡിനെ തുടര്‍ന്നുള്ള താല്‍ക്കാലിക സംവിധാനം മാത്രമാണിതെന്നും അടുത്ത സമ്മേളന കാലത്ത് ഇന്ത്യന്‍ ടൂറിസം ഡെവലപ്പ്മെന്റ് കേന്ദ്രം കാന്റീന്‍ ഏറ്റെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമാണ് ബംഗാളി റസ്റ്റോറന്റിന് ഓര്‍ഡര്‍ നല്‍കിയതെന്നും നോണ്‍വെജ് വിഭവങ്ങള്‍ പാര്‍ലമെന്റ് എസ്റ്റേറ്റിന് അടുത്തുള്ള എംപീസ് കാന്റീനില്‍ തന്നെയാണ് ഉണ്ടാക്കുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാസങ്ങളായി ഈ കാന്റീന്‍ അടഞ്ഞ് കിടക്കുകയാണെന്നും നോണ്‍വെജ് വിഭവങ്ങള്‍ക്ക് അനുമതി നല്‍കുകയാണെങ്കില്‍ ഇത് തുറക്കുമെന്നും ഇവര്‍ പറഞ്ഞു. പാര്‍ലമെന്റ് കാന്റീനിലെ രണ്ട് പാചകക്കാരെ ഈ കാന്റീനിലേക്ക് മാറ്റിയിട്ടുണ്ട്. ചീസ് റോള്‍, സാന്‍ഡ്വിച്ച്, വെജ് പാറ്റീസ്, സമോസ, കച്ചോരീസ്, മധുരപലഹാരങ്ങള്‍ എന്നിവയാണ് പ്രഭാത ഭക്ഷണം. രാവിലെ ഏഴരയ്ക്ക് ഇവ പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിക്കും. രാവിലെ ഒമ്പതിന് സഭ ആരംഭിക്കുന്നത് വരെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഉച്ചഭക്ഷണം ലഭിക്കും.
Keywords: Due to Covid-19, Parliament canteen closed and no cooking allowed this session, but members and media get the food, Parliament, Monsoon Session, Breakfast, Launch, Canteen, MP, Cook, Vegetarian, Non-vegetarian, COVID-19
Powered by Info News For You

Comments
Post a Comment