ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കാന്‍ ദേശീയ നേതൃത്വവും ആര്‍ എസ് എസും; വി മുരളീധരന്‍ പക്ഷം വെട്ടില്‍
തിരുവനന്തപുരം: (www.kvartha.com 23.09.2020) ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും അറിഞ്ഞുകൊണ്ടാണ് മുതിര്‍ന്ന വനിതാ നേതാവ് ശോഭാ സുരേന്ദ്രനെതിരേ മാധ്യമപ്രചാരണം നടക്കുന്നതെന്ന് ആര്‍ എസ് എസിനും ദേശീയ നേതൃത്വത്തിനും പരാതി. ബിജെപി സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍ പ്രവര്‍ത്തന രംഗത്തുനിന്ന് മാറി നില്‍ക്കുന്നുവെന്നാണ് പ്രചാരണം. ഇതില്‍ ദേശീയ നേതൃത്വത്തിന് അസംതൃപ്തിയുണ്ടെന്നാണ് വിവരം. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസ്ഥാന ആര്‍ എസ് എസ് ഘടകത്തില്‍ നിന്നും സംഘപരിവാര്‍ അനുകൂലികളായ ചില മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ മുഖേനയുമാണ് കേരള ഘടകത്തിലെ പോരിന്റെ യഥാര്‍ത്ഥസ്ഥിതി മനസിലാക്കിയത് എന്നാണു വിവരം.
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്ന ശോഭാ സുരേന്ദ്രനെ വെട്ടാന്‍ വി മുരളീധരന്‍, പി കെ കൃഷ്ണദാസ് ഗ്രൂപ്പുകള്‍ തമ്മില്‍ കൈകോര്‍ത്തതും കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായ ശേഷം ശോഭയെ വൈസ് പ്രസിഡന്റാക്കി തരംതാഴ്തത്തിയതും ആര്‍ എസ് എസിനെ അലോസരപ്പെടുത്തിയിരുന്നു. ദേശീയതലത്തില്‍ ശോഭയ്ക്ക് പദവി ലഭിക്കുന്നതു തടയാനാണ് ഇപ്പോഴത്തെ കുപ്രചരണങ്ങളെന്നാണ് ആര്‍ എസ് എസ് വിലയിരുത്തുന്നത്. അത് മുന്നോട്ടു കൊണ്ടുപോകുന്നത് അനുവദിക്കാനാകില്ല എന്ന നിലപാട് ബിജെപി ദേശീയ നേതൃത്വത്തെ ആര്‍ എസ് എസ് അറിയിച്ചു. കേരളത്തില്‍ നിന്നുള്ള പ്രമുഖ ആര്‍ എസ് എസ് ദേശീയ നേതാക്കള്‍ സംസ്ഥാന ഘടകവുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുകയും ചെയ്തതായി അറിയുന്നു.
ആര്‍എസ് എസുമായി ശോഭയ്ക്കുള്ള അടുപ്പവും കെ സുരേന്ദ്രന്‍ ആര്‍ എസ് എസിന് അനഭിമതനാണ് എന്നതും ഇത്തരമൊരു സാഹചര്യത്തിലേക്കു കാര്യങ്ങള്‍ എത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ദേശീയ നിര്‍വാഹക സമിതി അംഗമായ വനിതാ നേതാവിനെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതിലെ രോഷം കൂടിയാണ് ദേശീയ നേതൃത്വം വി മുരളീധരന്‍ പക്ഷത്തെ അറിയിച്ചത്. സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവ്, താഴേത്തട്ടില്‍ നിന്നു വളര്‍ന്നു വന്ന പ്രവര്‍ത്തക, മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വന്‍കുതിപ്പ് നടത്തിയ സ്ഥാനാര്‍ത്ഥി തുടങ്ങിയ നിലകളില്‍ ശ്രദ്ധേയയായ ശോഭയെ കൂടെ നിര്‍ത്തുന്നതില്‍ കെ സുരേന്ദ്രന്റെ നേതൃത്വം പരാജയപ്പെട്ടു. എന്നിട്ട് അവര്‍ പ്രവര്‍ത്തന രംഗത്തു നിന്ന് മാറി നില്‍ക്കുന്നതായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതാണു പ്രധാന വിമര്‍ശനം.
ബിജെപിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന് അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണ പരിപാടിയില്‍ ദക്ഷിണേന്ത്യയുടെ പ്രധാന ചുമതലയാണ് ശോഭാ സുരേന്ദ്രനു നല്‍കിയത്. അതും അവര്‍ വന്‍ വിജയമാക്കി മാറ്റിയിരുന്നു. കോവിഡ് കാലത്ത് ആള്‍ക്കൂട്ടം പങ്കെടുക്കുന്ന പരിപാടികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് അവര്‍ കൂടുതല്‍ സജീവമാകാതിരുന്നത് എന്നു ദേശീയ നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും അകലം പാലിക്കുകയും ചെയ്യണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഓരോ വീഡിയോ സമ്മേളനങ്ങളിലും ഓര്‍മിപ്പിക്കുന്നതും ശോഭയ്ക്കു വേണ്ടി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സമൂഹമാധ്യമങ്ങളിലൂടെ കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും പ്രധാന പരിപാടികള്‍ക്ക് അവര്‍ പ്രചാരണം നല്‍കുന്നുമുണ്ട്.
പ്രവര്‍ത്തന രംഗത്തു നിന്ന് ശോഭ മാറിനിന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന കാലയളവിലെ ഒരു പ്രധാന രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളില്‍പ്പോലും അവരുടെ പ്രതികരണം ഉണ്ടാകാതിരുന്നിട്ടില്ല. ഈ കാലയളവില്‍ ശോഭയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് കൂടുതല്‍ ശക്തമായ രാഷ്ട്രീയ സ്വഭാവം ഉണ്ടായി. പരിസ്ഥിതി, സ്ത്രീ പ്രശ്നങ്ങളിലും മുമ്പത്തേക്കാള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തി. ഫെയ്‌സ്ബുക്കില്‍ ശോഭയുടെ പോസ്റ്റുകള്‍ക്കു കിട്ടുന്ന വന്‍ പ്രതികരണം ഇതിനു തെളിവാണെന്ന വിവരവും ദേശീയ നേതൃത്വത്തിന്റെ പരിഗണനയില്‍ വന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ശോഭയ്ക്കു ലഭിക്കുന്ന ശ്രദ്ധ ഇല്ലാതാക്കാനും ഒരിക്കല്‍ക്കൂടി അവരെ പിന്നിലേക്കു തള്ളാനുമുള്ള ആസൂത്രിത നീക്കത്തില്‍ ആര്‍ എസ് എസിന്റെ അതോ വികാരമാണ് ബിജെപി ദേശീയ നേതൃത്വം പങ്കുവയ്ക്കുന്നത്. എന്തൊക്കെ കുപ്രചരണങ്ങള്‍ ഉണ്ടായിട്ടും അതിനെതിരേ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്നത് ശോഭാ സുരേന്ദ്രന്റെ സംഘടനാ പ്രതിബദ്ധതയ്ക്കു തെളിവായും ഉന്നത നേതൃത്വം കണക്കിലെടുക്കുകയാണ്.
Keywords: Thiruvananthapuram, News, Kerala, Politics, BJP, RSS, National leadership, Complaint, National leadership and RSS to support Sobha Surendran
Powered by Info News For You

Comments
Post a Comment