കടല്‍ത്തീരത്ത് കളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: (www.kvartha.com 15.09.2020) കടല്‍ത്തീരത്ത് കളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റെയും അനിതയുടെയും ഇളയ മകന്‍ ആദികൃഷ്ണയെയാണ് തിരയില്‍പ്പെട്ട് കാണാതായത്. ഞായറാഴ്ച കടല്‍ത്തീരത്ത് കളിക്കുന്നതിനിടെയാണ് ആദികൃഷ്ണ അമ്മയോടൊപ്പം തിരയില്‍പ്പെട്ടത്. പൊലീസും ലൈഫ് ഗാര്‍ഡും അഗ്‌നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും രണ്ട് ദിവസമായി തെരച്ചില്‍ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും തിരയും പ്രതിസന്ധിയായിരുന്നു. സഹോദരന്‍ അഭിനവ് കൃഷ്ണന്‍.
ഇഎസ്‌ഐ ജംക്ഷനു സമീപം കടല്‍ത്തീരത്ത് 13നാണ് സംഭവം. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു കുഞ്ഞ്. കടല്‍ കാണണമെന്ന കുട്ടികളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കാറില്‍ പുറപ്പെട്ടതെന്നു ഇവരെ കൊണ്ടുവന്ന ചേര്‍ത്തല ചാരമംഗലം ബിനുഭവനില്‍ ബിനു പറഞ്ഞു. ചാത്തനാട്ട് വാടകയ്ക്കു താമസിക്കുന്ന ബിനു അനിതയുടെ ബന്ധുവാണ്. ഒന്നരയോടെ എത്തിയ ശേഷം കുട്ടികളുമായി അര മണിക്കൂറോളം തീരത്ത് കളിച്ചു.
അപ്പോഴെല്ലാം ശക്തമായി തിരമാലയും മഴയും ഉണ്ടായിരുന്നു. ഇതിനിടെ കാറിനടുത്തേക്ക് പോയ ബിനു തിരികെ വരുമ്പോള്‍ ആദി കൃഷ്ണ തിരമാലയില്‍പ്പെടുന്നതു കണ്ടു. കരയിലേക്കു തെറിച്ചുവീണ കുഞ്ഞിനെ ബിനു ഓടിയെത്തി എടുത്തെങ്കിലും വീണ്ടും കൂറ്റന്‍ തിരമാല പതിച്ചതു പെട്ടെന്നായിരുന്നു. കയ്യില്‍നിന്നു തെറിച്ചുപോയ കുഞ്ഞ് കടലില്‍ വീഴുകയായിരുന്നു.
അനിതയെയും ഇവരുടെ സഹോദരങ്ങളുടെ ആറും ഏഴും വയസുള്ള മറ്റ് രണ്ട് കുട്ടികളെയും ബിനു രക്ഷപ്പെടുത്തി. കുട്ടികളെയും അനിതയെയും കരയിലേക്ക് മാറ്റുന്നതിനിടെ വീണ്ടും പരതിയെങ്കിലും ആദിയെ കണ്ടെത്താനായില്ലെന്നു ബിനു പറഞ്ഞു.
Keywords: Alappuzha, News, Kerala, Death, Missing, Dead Body, Child, Body of missing two-and-a-half-year-old has been found
Powered by Info News For You

Comments
Post a Comment