ജോസ് കെ മാണിയെ എങ്ങനെ വലയ്ക്കുള്ളിലാക്കും; കോണ്‍ഗ്രസ് തലപുകയ്ക്കുന്നു
തിരുവനന്തപുരം: (www.kvartha.com 02.09.2020) കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണി പക്ഷത്തിന് രണ്ടില ചിഹ്നം അനുവദിച്ചതോടെ ശരിക്കും വെട്ടിലായത് പി ജെ ജോസഫ് അല്ല, കോണ്‍ഗ്രസ് നേതാക്കളാണ്. ജോസഫിന് വേണ്ടി ജോസ് മോനെ നൈസായിട്ട് ഒഴിവാക്കിയത് ഇത്രയും വലിയ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നേതാക്കളാരും സ്വപ്നത്തില്‍ പോലും കരുതിയില്ല.
കേരളാ കോണ്‍ഗ്രസിന്റെ വികാരമാണ് രണ്ടില ചിഹ്നം. കെ എം മാണി മരിച്ച ശേഷം പാലായില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആ ചിഹ്നം നല്‍കാന്‍ ജോസഫ് തയ്യാറായിരുന്നില്ല. അന്ന് യാതൊരു നടപടിയും എടുക്കാതിരുന്ന യുഡിഎഫ് നേതൃത്വം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച കരാര്‍ ലംഘിച്ചതിന് ജോസ് കെ മാണിയേയും സംഘത്തേയും കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് ഇറക്കിവിട്ടു. പക്ഷെ, അക്കാര്യം ക്യാമറയ്ക്ക് മുന്നില്‍ പറയാന്‍ പ്രതിപക്ഷനേതാവോ, യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹന്നാനോ തയ്യാറായില്ല.
കോണ്‍ഗ്രസ് ദേശീയ നേതൃത്വം അന്നേ കേരളത്തിലെ നേതാക്കള്‍ക്ക് താക്കീത് നല്‍കിയിരുന്നു. അതിനും മുമ്പ് ഉമ്മന്‍ചാണ്ടി ജോസ് കെ മാണിക്ക് വേണ്ടി വാദിച്ചിരുന്നു. കോണ്‍ഗ്രസിന്റെ വോട്ട് കൂടി വാങ്ങി ജയിച്ച രണ്ട് എംപിമാരാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനുള്ളത്. ഇപ്പോഴത്തെ ദേശീയ സാഹചര്യത്തില്‍ രണ്ട് എംപിമാര്‍ നിര്‍ണായകമാണ്. അവരെ അകറ്റിയ നിലപാട് ശരിയല്ലെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. മധ്യതിരുവിതാംകൂറില്‍ കേരളാ കോണ്‍ഗ്രസ് ആണ് യുഡിഎഫിന്റെ ശക്തികേന്ദ്രം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അവരുടെ പിന്തുണയില്ലെങ്കില്‍ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കോണ്‍ഗ്രസിന് നഷ്ടമാകും. സര്‍ക്കാരിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടികളെല്ലാം പാഴാകുമെന്ന് മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുമുന്നണിക്ക് ഊര്‍ജവുമാകും അത്.
അതിനാല്‍ ജോസ് കെ മാണി വിഭാഗത്തെ എങ്ങനെയും യുഡിഎഫിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ജോസ് കെ മാണി വിഭാഗത്തെ ആരും പുറത്താക്കിയിട്ടില്ലെന്നും തല്‍ക്കാലം മാറ്റിനിര്‍ത്തിയതാണെന്നും പ്രതിപക്ഷനേതാവ് പെട്ടെന്ന് മലക്കം മറിഞ്ഞത് അതുകൊണ്ടാണ്. അടുത്ത മുഖ്യമന്ത്രി കസേര കണ്ണുംനട്ടിരിക്കുന്ന അദ്ദേഹത്തിന്റെ വ്യക്തിപരമായ ആവശ്യംകൂടിയാണിത്. ജോസ് പക്ഷവുമായി ചര്‍ച്ച നടത്താന്‍ യുഡിഎഫ് തയ്യാറായിക്കഴിഞ്ഞു. അതേസമയം യാതൊരുവിധത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും ജോസ് കെ മാണി തയ്യാറല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുമെന്ന് അ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. ജോസ് കെ മാണി കമോണ്‍ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ ലേഖനം എഴുതിക്കഴിഞ്ഞു.
മുസ്ലിംലീഗിന് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗവുമായി വളരെ അടുത്ത ബന്ധമാണ്. അത് കെ എം മാണിയുടെ കാലത്തേ തുടങ്ങിയതാണ്. അതിനാല്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മിക്കവാറും ലീഗ് നേതാക്കള്‍ക്ക് ചുമതല നല്‍കിയേക്കും. കഴിഞ്ഞതവണ പ്രശ്നം വഷളായപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ജോസ് കെ മാണി സമവായത്തിന് തയ്യാറായില്ല. അതിനാല്‍ ഇത്തവണ എന്ത് പറഞ്ഞും പയറ്റിയും വേണം ജോസ് കെ മാണിയെ വലയിലാക്കാനെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തലപുകയ്ക്കുകയാണ്.
Keywords: Congress leaders try to reconcile Jose K Mani, UDF, Ramesh Chennithala, Kodiyeri Balakrishnan, Muslim League, Election Commission, Deshabhimani, LDF, Local Body Election, Symbol, Benny Behanan
Powered by Info News For You

Comments
Post a Comment