മണ്ണിടിച്ചിലുണ്ടായ രാജമലയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍, ദേശീയ ദുരന്ത പ്രതിരോധസേന പുറപ്പെട്ടു
തിരുവനന്തപുരം: (https://ift.tt/2Cb0FvO) വലിയ മണ്ണിടിച്ചിലുണ്ടായ രാജമലയിലേക്ക് ദേശീയ ദുരന്ത പ്രതിരോധസേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജമലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെട്ടുവെന്നും, ആവശ്യാനുസരണം ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. രണ്ട് ലയങ്ങള്‍ക്ക് മേലാണ് മണ്ണിടിഞ്ഞ് വീണതെന്നാണ് വിവരം. ഇരവികുളം നാഷണല്‍ പാര്‍ക്ക് അവസാനിക്കുകയും ഇടമലക്കുടി തുടങ്ങുകയും ചെയ്യുന്ന മേഖലയിലാണ് അപകടമുണ്ടായിട്ടുള്ളത്. എത്ര പേര്‍ അപകടത്തില്‍പ്പെട്ടു എന്നതില്‍ വ്യക്തതയില്ല. നാല് മൃതദേഹങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തു എന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് അവിടെ നിന്ന് പുറത്തുവന്നിരിക്കുന്നത്. രണ്ട് വാഹനങ്ങളിലായി പത്ത് പേരെ പരിക്കേറ്റ നിലയില്‍ മൂന്നാറിലെ ടാറ്റാ ആശുപത്രിയിലേക്ക് രാജമലയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. അവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. തമിഴ്‌തോട്ടം തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശമാണിത്.
മൂന്നാറില്‍ നിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേയ്ക്ക് ഉള്ളൂ. പക്ഷേ വഴിയിലുള്ള പെരിയവര താല്‍ക്കാലികപാലം ഒലിച്ചുപോയതോടെ, ഫോറസ്റ്റ് ചുറ്റിയുള്ള വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. താല്‍ക്കാലികമായി ഇവിടെ ഒരു അപ്രോച്ച് റോഡ് കെട്ടിപ്പൊക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി അവിടെ വൈദ്യുതിയുണ്ടായിരുന്നില്ല, മൊബൈല്‍ ഫോണ്‍ ടവറുകള്‍ കഴിഞ്ഞ ജനുവരിയില്‍ മാത്രമാണ് അവിടെ എത്തിയത്. ഇതും തകര്‍ന്നതായാണ് വിവരം. ലാന്‍ഡ് ലൈനുകളും പ്രവര്‍ത്തിക്കുന്നില്ല. താല്‍ക്കാലികമായി ജനറേറ്ററുകളടക്കം സാമഗ്രികളുമായാണ് അവിടേക്ക് രക്ഷാദൗത്യസംഘം പുറപ്പെട്ടിരിക്കുന്നത്. വനംവകുപ്പിന്റെയും തദ്ദേശവാസികളുടെയും നേതൃത്വത്തിലാണ് ഇവിടെ ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
''ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു. ഇടുക്കിയില്‍ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചത്. തൃശ്ശൂരില്‍ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തും. രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി'', എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
അതേസമയം, ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തേയും നിയോഗിക്കുന്നതാണ്. ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുന്നെന്നും മന്ത്രി പറഞ്ഞു.
Powered by Info News For You

Comments
Post a Comment