കൊന്നക്കാട് പ്രദേശത്തെ വീടുകളിലെ ഇലക്ട്രോണിക് സാധനങ്ങൾ കത്തിനശിച്ചു
വെള്ളരിക്കുണ്ട്: (www.kasargodvartha.com 19.08.2020) ഒരു പ്രദേശത്തെ നിരവധി വീടുകളിൽ ഇലക്ട്രോണിക് സാധനങ്ങൾ പൊട്ടി തെറിച്ചതായി പരാതി. ഭീമനടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിലെ കൊന്നക്കാട് തീയത്തി ചാൽ മുതൽ മുട്ടം കടവ് വരെയാണ് ചൊവ്വാഴ്ച വൈദ്യുതി കനത്ത പ്രഹരം ഏറ്റത്. മലമുകളിലെ പ്രദേശമായ ഇവിടെ ലൈനിൽ മരം പൊട്ടി വീണതിനെ തുടർന്ന് ട്രാൻസ്ഫോമറിലെ ന്യൂട്ടർ കത്തിയതിനാലാണ് അപകടം. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് പരിസരവാസികൾ ആരോപിച്ചു.

ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെയാണ് സംഭവം. പ്രദേശത്തെ മുപ്പതോളം വീടുകളിലെ ടെലിവിഷൻ, ഫ്രിഡ്ജ്, എൽ ഇ ഡി, ബൾബുകൾ ചാർജിനു വച്ചിരുന്ന മൊബൈൽ ഫോണുകൾ, സ്വിച് ബോർഡുകൾ എന്നിവ കത്തിനശിച്ചു.
ചില വീടുകളിൽ മിക്സി, വാഷിങ് മെഷീൻ പോലുള്ള ഉപകരണങ്ങളും കത്തി നശിച്ചവയിൽ പെടും.
മഴയത്ത് വൈദ്യുതി ലൈനിൽ പൊട്ടി വീണ മരങ്ങൾ എടുത്തു മാറ്റാൻ താമസിച്ചതിനാണ് തങ്ങൾക്ക് ഇത്തരത്തിൽ നഷ്ട്ടം സംഭവിക്കാൻ ഇടയായത് എന്നും വൈദ്യുതി വകുപ്പ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഈ പ്രദേശത്തോട് ഉള്ള അവഗണന പതിവാണെന്നും നാട്ടുകാർ പറയുന്നു.
ലൈനിൽ മരം പൊട്ടി വീണതിനാൽ ട്രാൻസ്ഫോമറിൽ നിന്നും തീ ഉയരുന്നത് കണ്ടപാടെ നാട്ടുകാർ കെ എസ് ഇ ബിയിൽ വിളിച്ചു വിവരം പറഞ്ഞിരുന്നു. എന്നാൽ ഇവരുടെ ഭാഗത്തു നിന്ന് നിഷേധാത്മക സമീപനമായിരുന്നുവെത്രെ.
ഒരു പ്രദേശമാകെ നഷ്ടങ്ങൾ നേരിട്ടതിനാൽ മലയോര വികസന കൂട്ടായ്മ്മ ചെയർമാൻ സനോജ് മാത്യു ഇത് സംബന്ധിച്ചു ജില്ലാ കളക്ടർ, വൈദ്യുതി വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
Keywords: Kerala, News, Kasargod, Vellarikundu, Electricity, Appliances, Burnt, KSEB, Complaint, High Range Areas, Electronic items in houses in Konnakkad area were burnt.
Powered by Info News For You
Comments
Post a Comment