കൂത്തുപറമ്പില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കണ്ണൂര്‍: (www.kvartha.com 24.08.2020) കണ്ണൂര്‍ വിമാനത്താവളത്തില്‍ ഗള്‍ഫില്‍ നിന്നെത്തി കൂത്തുപറമ്പില്‍ കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ കഴിയുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ സംഘം ശ്രമിച്ചതായി പരാതി. പേരാമ്പ്ര സ്വദേശി ബിന്‍ഷാദിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. യുവാവിന്റെ ബന്ധുക്കളും സ്ഥലത്തെത്തിയതോടെ ഇരുവിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ കൂത്തുപറമ്പ് നഗരമധ്യത്തില്‍ ചേരിതിരിഞ്ഞ് പരസ്യമായി ഏറ്റുമുട്ടി. പൊലീസെത്തി പത്തോളം പേരെ കസ്റ്റഡിയിലെടുത്തു.

സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ടാണ് പാറാലിലെ സ്വകാര്യ ലോഡ്ജില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെത്തേടി മലപ്പുറത്തുനിന്ന് മൂന്ന് വാഹനങ്ങളിലായി സംഘമെത്തിയത്.  കൂത്തുപറമ്പില്‍ ബന്ധുക്കളുള്ള യുവാവ് കൊച്ചി വിമാനത്താവളത്തിലിറങ്ങി ലോഡ്ജില്‍ കഴിയുകയായിരുന്നു. സംഘത്തെ ഏല്‍പ്പിക്കാനായി യുവാവ് ഗള്‍ഫില്‍നിന്ന് 50 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിക്കൊണ്ടുവന്നതായും എന്നാല്‍ ഇത് നല്‍കാത്തതിനെത്തുടര്‍ന്ന് സംഘം യുവാവിനെ തേടിയെത്തുകയായിരുന്നുവെന്നുമാണ് വിവരം.


ക്വട്ടേഷന്‍ സംഘം എത്തുന്ന വിവരമറിഞ്ഞ് യുവാവിന്റെ ബന്ധുക്കളും കൂട്ടാളികളും സ്ഥലത്തെത്തി. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. വാഹനങ്ങള്‍ കുറുകെയിട്ട് യുവാവിനെ പോകാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി.

വിവരമറിഞ്ഞ് പൊലീസെത്തിയതിനെത്തുടര്‍ന്ന് ക്വട്ടേഷന്‍ ടീമിലെയും യുവാവിന്റെയും സംഘത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിസ സംബന്ധമായ വിഷയമാണ് പ്രശ്നത്തില്‍ കലാശിച്ചതെന്നാണ് പിടിക്കപ്പെട്ടവര്‍ മൊഴി നല്‍കിയത്. സംഘത്തിന്റെ കൈയില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.

Keywords: Young man abducted in Koothuparamba, News, Kannur, Local News, Police, Clash, Gold Smuggling, Kidnap, Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?