അയോധ്യയില്‍ ഭൂമിപൂജ ചടങ്ങുകള്‍ ആരംഭിച്ചു; ഹനുമാന്‍ഗഢി ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി വെള്ളി കിരീടം സമര്‍പ്പിച്ചു; അല്‍പസമയത്തിനകം ക്ഷേത്ര നിര്‍മാണത്തിന് ഔപചാരിക തുടക്കം കുറിക്കും
അയോധ്യ: (www.kvartha.com 05.08.2020) ശ്രീരാമജന്മഭൂമിയില്‍ 'രാം ലല്ല' ക്ഷേത്രനിര്‍മാണത്തിനു തുടക്കം കുറിക്കുന്ന ഭൂമിപൂജ ചടങ്ങുകള്‍ ആരംഭിച്ചു. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി അല്‍പസമയത്തിനകം തന്നെ ക്ഷേത്ര നിര്‍മാണത്തിന് ഔപചാരിക തുടക്കം കുറിക്കും.
പൂജയ്ക്കു ശേഷം ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും. ഇതിനായി പ്രധാനമന്ത്രി ന്യൂഡെല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് ലക്‌നൗവില്‍ എത്തിയത്. ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ അയോധ്യയിലും എത്തി. ചടങ്ങുകള്‍ രാവിലെ 11.30ന് ആരംഭിച്ചു. കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തില്‍ കോവിഡ് പ്രതിരോധമാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് തുടക്കമാകുന്നത്.
അയോധ്യയിലെ സകേത് കോളജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആദ്യം ഹനുമാന്‍ഗഢി ക്ഷേത്രമാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. അവിടെ വെള്ളി കിരീടം സമര്‍പ്പിച്ച ശേഷം രാംലല്ലയിലെത്തി പ്രാര്‍ഥിച്ചു. തുടര്‍ന്ന് രാമക്ഷേത്രം നിര്‍മിക്കുന്ന ഭൂമിയിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നട്ടു.
ഉച്ചയ്ക്ക് 12.30-ന് നടക്കുന്ന ഭൂമിപൂജയിലും തുടര്‍ന്നുള്ള ശിലാസ്ഥാപനകര്‍മത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശിലയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസ് സംഭാവന ചെയ്ത ഈ വെള്ളിശില ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.
പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകള്‍ക്ക് നേര്‍സാക്ഷ്യം വഹിക്കുക. ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്, രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കേ മോദിക്കൊപ്പം വേദിയില്‍ ഇരിപ്പിടമുണ്ടാകൂ. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവര്‍ക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളില്‍ 135 പേര്‍ മതനേതാക്കളാണ്. 2,000 പുണ്യസ്ഥലങ്ങളില്‍ നിന്ന് മണ്ണും 1500 ഇടങ്ങളില്‍നിന്ന് വെള്ളവും ഭൂമി പൂജയ്ക്കായി എത്തിച്ചിട്ടുണ്ട്.
റോഡുകളും കെട്ടിടങ്ങളും തെരുവുകളും വീടുകളും സരയൂതീരവും സ്നാനഘട്ടുകളും ദീപങ്ങളും വര്‍ണങ്ങളും ചിത്രങ്ങളും പൂക്കളും നിറഞ്ഞ് മനോഹരമായിട്ടുണ്ട്. ചുവരുകളിലെല്ലാം കലാകാരന്മാരുടെ രാമകഥാ ചിത്രീകരണം. റോഡരികിലെ കെട്ടിടങ്ങള്‍ക്കെല്ലാം മംഗളസൂചകമായ മഞ്ഞ നിറം ചാര്‍ത്തിയിട്ടുണ്ട്.
Keywords: PM Modi joins Ram temple bhoomi poojan rituals at Ayodhya,News,Temple,Inauguration,Religion,Prime Minister,Narendra Modi,National,Video.
Powered by Info News For You

Comments
Post a Comment