ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍: ഒഴിവായത് കോവിഡ് വ്യാപന ഭീതി


കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രതിരോധത്തിനായി സദാജാഗ്രതയിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ ഒഴിവാക്കിയത് ഒരു മരണവീട്ടില്‍ നിന്നും നിരവധി പേരിലേക്ക് എത്തുമായിരുന്ന വൈറസ് വ്യാപന സാധ്യത. കോവിഡ് മുന്നണിപ്പോരാളികളുടെ കരുതലില്‍ ഒരു കുടുംബവും നാടുമാണ് പ്രതിരോധവലയത്തിലായത്. 

കുമ്പളയിലെ ഒരു കുടുംബത്തില്‍ നടത്തിയ കോവിഡ് പരിശോധനാ ഫലംലഭിച്ച സമയത്തായിരുന്നു കുടുംബാംഗമായ വയോധിക മരണപ്പെട്ടതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയുന്നത്. പരിശോധിച്ച മൂന്നുപേരുടെയും ഫലം പോസിറ്റീവായതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തിര ഇടപെടല്‍ നടത്തി വയോധിക നാരായണിയുടെ മൃതദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ആന്റിജെന്‍ ടെസ്റ്റില്‍ പോസിറ്റീവെന്ന് തെളിയുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഉടന്‍ ബന്ധുക്കളോട് സംസ്‌കാരനടപടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
കുമ്പള പൊസ്തടുക്കയിലെ 95 വയസുകാരിയായ നാരായണി ഇന്നലെ രാവിലെ പലര്‍ച്ചെ 4.30ഓടെയായിരുന്നു മരണപ്പെട്ടത്. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ രണ്ടുവര്‍ഷമായി മകന്റെ വീട്ടില്‍ കിടപ്പിലായിരുന്നു. പനിയെ തുടര്‍ന്ന് മകന്റെ ഭാര്യയെയും ഇവരുടെ മരുമകള്‍, മൂന്നു വയസുകാരന്‍ എന്നിവരുടെ സ്രവപരിശോധന തിങ്കളാഴ്ചയാണ് കുമ്പള ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്യാമ്പില്‍ വച്ച് നടത്തിയത്. നാരായണിയെ കോവിഡ് പരിശോധന നടത്തിയിരുന്നില്ല. 

രാവിലെ 10.30 ഓടെയായിരുന്നു പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത്. ഇത് ലഭിച്ചതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ മരണവീട്ടിലെത്തുകയും കാര്യങ്ങള്‍ വീട്ടുകാരെ ധരിപ്പിക്കുകയും ചെയ്തു. മൃതദേഹത്തില്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവായിരുന്നു ഫലം. മരണവാര്‍ത്തയറിഞ്ഞ് ആളുകള്‍ വരാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയവരെ ഉടന്‍ തന്നെ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കുകയും ആളുകള്‍ വരുന്നത് നിയന്ത്രിക്കുകയും ചെയ്തു. ആരിക്കാടിയിലെ തറവാട് വീട്ടില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരുന്നു മൃതദേഹം അടക്കം ചെയ്തത്. പത്തടി താഴ്ചയിലായിരുന്നു മൃതദേഹം മറവു ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ നാരായണിയെ സന്ദര്‍ശിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെയും മറ്റു കുടുംബാഗങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്‌റഫ് പറഞ്ഞു. 

പരിശോധനാ ഫലം പോസിറ്റീവായ മൂന്നു പേരെയും ഗോവിന്ദ പൈ ഗവണ്‍മെന്റ് കോളേജിലെ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയതായി അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള മൃതദേഹ സംസ്‌കരണത്തിനും മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.ദിവാകരറൈ ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുര്യാക്കോസ് ഈപ്പന്‍ നേതൃത്വം നല്‍കി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?