ദുരന്തമുണ്ടായ വിമാനത്തില്‍ യാത്രചെയ്ത് പിന്നീട് കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞ ഹംസയെ കണ്ടെത്തി; മിംസ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നു
കോഴിക്കോട്: (www.kvartha.com 08.08.2020) കരിപ്പൂര്‍ വിമാനദുരന്തത്തിനിടെ കാണാതായെന്ന് ബന്ധുക്കള്‍ പറഞ്ഞ യാത്രക്കാരനെ കണ്ടെത്തി. കുറ്റിപ്പുറം ചോയിമഠത്തില്‍ ഹംസയെ ആണ് കണ്ടെത്തിയത്. മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഹംസയെ കാണാനില്ലെന്ന് ബന്ധുക്കള്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഹംസ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായി പേര് ചോദിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഇദ്ദേഹത്തിന്റെ പേര് ആശുപത്രി പുറത്തിറക്കിയ പട്ടികയിലുണ്ടായിരുന്നില്ല.
അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ബോധമുണ്ടായിരുന്നില്ല. ആംബുലന്‍സില്‍ കൊണ്ടുവന്നയാള്‍ ചോദിച്ച് പറഞ്ഞ പേരാണ് പല ആശുപത്രികളും രേഖപ്പെടുത്തിയത്. സിറാജ് എന്നാണ് ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ പേര് എഴുതിയിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം മിംസിലില്ല എന്ന് കരുതി ബന്ധുക്കള്‍ മറ്റ് ആശുപത്രികളിലേക്ക് പോയി.
രാത്രി മുഴുവന്‍ ഇദ്ദേഹത്തെ തെരഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ആശുപത്രികളില്‍ ബന്ധുക്കള്‍ കയറിയിറങ്ങുകയായിരുന്നു. മെഡിക്കല്‍ അത്യാവശ്യത്തിനായി നാട്ടിലേക്ക് വരികയായിരുന്നു. കുറ്റിപ്പുറത്താണ് വീട്. എല്ലാ ആശുപത്രികളിലും കയറിയിറങ്ങി. ഇനി ഒരു ക്ലിനിക്ക് പോലും ബാക്കിയില്ല. അങ്ങനെ എല്ലാ ആശുപത്രിയിലും പോയിട്ടുണ്ട്. എന്നിട്ടും കണ്ടെത്തിയിട്ടില്ല എന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഭീതിയോടെ ആശുപത്രികള്‍ക്ക് മുന്നിലും വിമാനത്താവളത്തിലും നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ മുഖം കാണുന്നവരിലും വേദനയുണ്ടാക്കി.
രാവിലെയായിട്ടും അദ്ദേഹത്തെ കാണാതായപ്പോള്‍ ജില്ലാ കലക്ടറോടും മന്ത്രിയോടും ബന്ധുക്കള്‍ പരാതി ഉന്നയിച്ചു. ഇതോടെ വീണ്ടും എല്ലാ ആശുപത്രികളും പട്ടിക വീണ്ടും പരിശോധിച്ചു. അങ്ങനെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
അതേസമയം, കരിപ്പൂരില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി. 172 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 16 പേരുടെ നില ഗുരുതരമാണ്. ദുബൈയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് തകര്‍ന്നത്. വിമാനത്തിന് തീപിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം കോവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും നടത്തുക.
Keywords: Karipur flight crash: Missing passenger found in Kozhikode hospital,Passenger,Flight collision,Family,Hospital,Treatment,Injured,News,Kerala.
Powered by Info News For You

Comments
Post a Comment