സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യല്‍ സ്വപ്നയടക്കമുള്ള പ്രതികളുടെ സാന്നിധ്യത്തില്‍
കൊച്ചി: (www.kvartha.com 15.08.2020) സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍. സ്വപ്നയടക്കമുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ സാന്നിധ്യത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെപ്പറ്റിയാണ് എന്‍ഫോഴ്സ്മെന്റ് പ്രധാനമായും അന്വേഷണം നടത്തുന്നത്. ശിവശങ്കര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കിയിരുന്നു. രണ്ട് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവുമാണ് കണ്ടെടുത്തത്.
ശിവശങ്കറിന്റെ ബിനാമി ഇടപാടാണോ ഇതെന്ന് എന്‍ഫോഴ്‌സ്മെന്റ് അന്വേഷിക്കും. ലൈഫ് മിഷന്‍ വഴി കിട്ടിയ കമ്മിഷനാണ് ഒരു കോടിയെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ മൊഴിയില്‍ നിന്ന് കിട്ടിയ നിര്‍ണായക വിവരങ്ങള്‍ അനുസരിച്ച് ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിക്കും കസ്റ്റംസിനും പിന്നാലെയാണ് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റും എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത് പ്രതികളുടെ കസ്റ്റഡി നീട്ടി ചോദിക്കവേയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇ ഡി ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്തതില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗണ്യമായ സ്വാധീനമുണ്ടെന്നു വ്യക്തമായിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
ശിവശങ്കറുമായി അടുത്ത ബന്ധമാണെന്ന് ചോദ്യംചെയ്യലിനിടെ സ്വപ്ന അന്വേഷണസംഘത്തോടു വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വപ്നയുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നത് ശിവശങ്കറിന് അറിയാമായിരുന്നു. പ്രളയ സഹായം സ്വരൂപിക്കാന്‍ ശിവശങ്കര്‍ യു.എ.ഇയില്‍ പോയ സമയത്ത് സ്വപ്നയും ഒപ്പം ഉണ്ടായിരുന്നുവെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍.
സ്വപ്ന ഉള്‍പ്പെടെ മൂന്നു പ്രതികള്‍ക്കും ഉന്നതരായ പല വ്യക്തികളുമായും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ശിവശങ്കറിനു പുറമേ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെയും വീണ്ടും ചോദ്യംചെയ്യണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്.
കള്ളപ്പണ നിരോധനനിയമം ശിവശങ്കറിനെതിരെ നിലനില്‍ക്കുമോ എന്ന് വാദത്തിനിടെ ഇഡിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചിരുന്നു. എന്‍ഐഎയും കസ്റ്റംസും കണ്ടെത്തിയതില്‍ കൂടുതലൊന്നും ഇഡിയുടെ കണ്ടെത്തലുകളിലില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
എന്‍ഐഎയും കസ്റ്റംസും ചേര്‍ന്ന് 34 മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യംചെയ്തത്. കഴിഞ്ഞമാസം അവസാനം തുടര്‍ച്ചയായ രണ്ടുദിവസം എന്‍ഐഎ കൊച്ചിയില്‍ ശിവശങ്കറിനെ ചോദ്യംചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു.
ശിവശങ്കറിനപ്പുറത്തേക്ക് സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധമുണ്ടായിരുന്നോ എന്നും അന്വേഷിക്കുമെന്നാണ് സൂചന. സ്വര്‍ണക്കടത്തില്‍ പങ്കാളികളായവര്‍ വന്‍ കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് കഴിഞ്ഞദിവസം കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തിലൂടെ നടന്നത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കുകയെന്ന ഭീകരവാദമാണെന്ന് എന്‍ഐഎ കോടതിയും നിരീക്ഷിച്ചിരുന്നു.
Keywords: Gold smuggling case: ED starts questioning Sivasankar, Kochi, News, Trending, Customs, Probe, HIgh Court of Kerala, Swapna Suresh, Kerala.
Powered by Info News For You

Comments
Post a Comment