മാക്കൂട്ടം ചുര പാതയിലൂടെ യാത്രാവാഹനങ്ങള്‍ക്കുള്ള നിരോധനം നീക്കി
ഇരിട്ടി: (www.kvartha.com 13.08.2020) അന്തര്‍ സംസ്ഥാന പാതയായ മാക്കൂട്ടം-ചുരം റോഡ് വ്യാഴാഴ്ച മുതല്‍ യാത്രാവാഹനങ്ങള്‍ക്കായി തുറന്നു നല്‍കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുടക് ജില്ലാഭരണകൂടം മണ്ണിട്ടടച്ച പാത ശനിയാഴ്ചയാണ് തുറന്നതെങ്കിലും ചരക്കു വാഹനങ്ങള്‍ ഒഴിച്ച് യാത്രാവാഹനങ്ങള്‍ പ്രവേശിക്കുന്നത് കണ്ണൂര്‍ ജില്ലാകലക്ടര്‍ തടഞ്ഞിരുന്നു. മാക്കൂട്ടം-ചുരം പാത കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താത്തിനാല്‍ ഇവിടെ യാത്രക്കാരെ പരിശോധിക്കുന്നതിന് സംവിധാനമുണ്ടായിരുന്നില്ല.
കോവിഡ് ജാഗ്രത പോര്‍ട്ടല്‍ പ്രവര്‍ത്തന ക്ഷമമാവുകയും അതിര്‍ത്തി കടന്ന് എത്തുന്നവരെ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയതോടെയാണ് വ്യാഴാഴ്ച രാവിലെ എട്ടുമണി മുതല്‍ യാത്രാവാഹനങ്ങള്‍ക്കായി തുറന്നു നല്‍കിയത്. അതേസമയം രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുവരെ മാത്രമായിരിക്കും യാത്രാ അനുമതി. രാത്രി യാത്ര അനുവദിക്കില്ല. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു വരുന്നവരെ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ചെക്ക് പോസ്റ്റില്‍ മൂന്നു കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഡോക്ടര്‍ ഉള്‍പ്പെടെയുളളവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ആന്റിജന്‍ ടെസ്റ്റ് ആവശ്യമായി വരുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ പറഞ്ഞു. കൂട്ടുപുഴ പാലം കടന്നുവരുന്നവര്‍ പേരട്ടവഴിയും കച്ചേരിക്കടവ് പാലം വഴിയും കടന്നുപോകാതിരിക്കാന്‍ ഇവിടങ്ങളില്‍ പൊലീസിനെ പരിശോധനയ്ക്കു നിര്‍ത്തിയിട്ടുണ്ടെന്നും തഹസില്‍ദാര്‍ പറഞ്ഞു. കര്‍ണാടക കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുവന്ന ഒന്‍പതുപേരെ ബുധനാഴ്ച ചുരം പാത വഴി കേരളത്തിലേക്ക് കടത്തിവിട്ടിരുന്നു. നാട്ടില്‍ ഇവരെ നിരീക്ഷണത്തില്‍ നിര്‍ത്തുന്നതിനുള്ള നടപടികളും റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
Keywords: News, Kerala, Travel, Road, Covid-19, Vehicles, District collector, Iritty, Makkoottam, Passenger, Passenger vehicles started passing through Makkoottam road
Powered by Info News For You

Comments
Post a Comment