സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടുത്തം അട്ടിമറിയെന്നാരോപിച്ച് സംസ്ഥാന വ്യാപകമായുള്ള പ്രതിഷേധം അക്രമാസക്തം; ബിജെപി, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചുകളില്‍ മിക്കയിടത്തും സംഘര്‍ഷം; പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി, ജലപീരങ്കിയും പ്രയോഗിച്ചു
തിരുവനന്തപുരം: (www.kvartha.com 26.08.2020) സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ കഴിഞ്ഞദിവസം ഉണ്ടായ തീപിടുത്തം അട്ടിമറിയെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം. പ്രതിപക്ഷപാര്‍ട്ടികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമുഖം തീര്‍ത്തു. ബിജെപി, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചുകള്‍ക്കിടെ മിക്കയിടത്തും സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശി, ജലപീരങ്കിയും പ്രയോഗിച്ചു. തുടര്‍ന്ന് അകന്ന് പോയ പ്രവര്‍ത്തകര്‍ ഇപ്പോള്‍ വീണ്ടും സംഘടിച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇപ്പോള്‍ പ്രകടനം നടത്തുന്നത്.
യുഡിഎഫിന്റെ കരിദിന പ്രതിഷേധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പിന്നാലെ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് മഹിളാ കോണ്‍ഗ്രസുമെത്തി. എസ്ഡിപിഐയുടെ മാര്‍ച്ചോടെ സംഘര്‍ഷാവസ്ഥ തുടങ്ങി. പിന്നാലെയെത്തിയ യുവമോര്‍ച്ച മാര്‍ച്ചില്‍ പല തവണ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിട്ട പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു. ബിജെപി നേതാക്കളും ചേര്‍ന്നതോടെ കോവിഡ് കാലത്തും സമരഗേറ്റ് സമരക്കാരാല്‍ നിറഞ്ഞു.
കൊല്ലം കലക്ട്രേറ്റിലേക്ക് തള്ളിക്കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പിന്നാലെ എത്തിയ ആര്‍വൈഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ ഉന്തും തള്ളുമുണ്ടായി. കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചിലും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി.
കോഴിക്കോട് കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. കണ്ണൂരില്‍ ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിവീശി. കോണ്‍ഗ്രസ് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. പ്രതീകാത്മകമായി ഫയലുകള്‍ കത്തിച്ച് പ്രതിഷേധിച്ചു. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
കണ്ണൂര്‍ കളക്ടറേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവിടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കാസര്‍കോട് കലക്ട്രേറ്റ് യുഡിഎഫ് ഉപരോധിച്ചു. താലൂക്ക് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ടു.
Keywords: Fire in secretariat: State turns battlefield, many injured, Thiruvananthapuram, Politics, News, Clash, Protesters, Police, Attack, Political Leaders, Trending, March, Kerala.
Powered by Info News For You



Comments
Post a Comment