അമിത ആത്മവിശ്വാസം പ്രതിപക്ഷനേതാവിന് തിരിച്ചടിയായി; കോവിഡ് രോഗികളുടെ ഫോണ്‍ രേഖ സര്‍ക്കാര്‍ ഹാജരാക്കേണ്ട, നിലവിലെ സാഹചര്യം ചെന്നിത്തല മനസിലാക്കണമെന്നും ഹൈക്കോടതി
തിരുവനന്തപുരം: (www.kvartha.com 21.08.2020) കോവിഡ് രോഗികളുടെ സമ്മതമില്ലാതെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഫോണ്‍ കോള്‍ വിവരങ്ങള്‍ വേണ്ടെന്നും ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മതിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് രമേശ് ചെന്നിത്തലയ്ക്കും യു.ഡി.ഫിനും നേട്ടമായിരുന്നു. അതോടെ ഇതുവരെ ശേഖരിച്ച കോള്‍ വിവരങ്ങള്‍ ദുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ചെന്നിത്തല ഉപഹര്‍ജി നല്‍കിയെങ്കിലും തിരിച്ചടിയായി. കോടതി സര്‍ക്കാരിന് അനുകൂലമായ തീരുമാനം കൈക്കൊണ്ടു. അതോടെ സമൂഹമാധ്യമങ്ങളില്‍ സഖാക്കള്‍ ചെന്നിത്തല തോറ്റോടിയെന്ന് പറഞ്ഞ് പൊങ്കാല തുടങ്ങി.
ഫോണ്‍ കോളുകള്‍ ശേഖരിക്കുന്നില്ലെന്നും ടവര്‍ ലൊക്കേഷന്‍ മാത്രമേ പരിശോധിക്കുന്നുള്ളൂ എന്നും ഇത് രോഗികള്‍ എവിടെ പോയെന്ന് അറിയാനാണെന്നും പൊതുസമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണിതെന്നും ഉള്ള സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. ദിവസവും രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. സര്‍ക്കാര്‍ തീരുമാനത്തില്‍ തെറ്റില്ല. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കണമെന്നും കോടതി പ്രതിപക്ഷനേതാവിന്റെ അഭിഭാഷകനോട് പറഞ്ഞു. ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലെന്നാണ് പ്രതിപക്ഷനേതാവിന്റെ അഭിഭാഷകന്‍ വ്യാഴാഴ്ച കോടതിയെ അറിയിച്ചത്. എന്നാല്‍ മൊബൈല്‍ കമ്പനികളെ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തണമെന്ന് വെള്ളിയാഴ്ച പറയുന്നത് എന്തിനാണ്? അവരെ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമേ ശേഖരിക്കുന്നുള്ളെന്ന് വ്യക്തമാക്കി ഉത്തരവിറക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. വ്യക്തി സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവിദിത്തമാണെന്നും അത് നടപ്പാക്കണമെന്നും കോടതി പറഞ്ഞു. ടവര്‍ ലൊക്കേഷന്‍ ശേഖരിക്കുന്നത് നിയമപ്രകാരമാണെന്നും പകര്‍ച്ചവ്യാധി നിയമം, ടെലിഗ്രാഫ് ആക്ട് എന്നിവ ഇതിന് സാധുത നല്‍കുന്നുണ്ടെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. പൊലീസ് ശേഖരിക്കുന്ന വിവരങ്ങള്‍ അവരുടെ സെര്‍വറിലാണ് സൂക്ഷിക്കുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഫോണ്‍ കോള്‍ രേഖകള്‍ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും പ്രതിപക്ഷനേതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന് അത് തിരുത്തി പുതിയ ഉത്തരവിറക്കണം. അത് മാത്രമാണ് പ്രതിപക്ഷത്തിന് ആശ്വാസം. തങ്ങള്‍ ആവശ്യപ്പെട്ട പ്രധാന കാര്യം ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കരുതെന്നാണെന്നും അത് കോടതി അംഗീകരിച്ചെന്നും പ്രതിപക്ഷനേതാവിന് ചൂണ്ടിക്കാട്ടാം. എന്നാല്‍ ഇതുവരെ രേഖകള്‍ ഹാജരാക്കെണ്ടെന്നും നിലവിലെ സാഹചര്യം മനസിലാക്കണമെന്നുമുള്ള കോടതി നിരീക്ഷണം ഭരണപക്ഷം പ്രതിപക്ഷനേതാവിനെതിരെ ആയുധമാക്കുകയാണ്.
Keywords: Covid 19 patients phone recording; opposition leader gets a setback from High court , Covid 19, High court of Kerala, Opposition Leader, UDF, LDF, Additional Advocate General, Phone tapping, Tower location, DGP, Epidemic Act, Ramesh Chennithala
Powered by Info News For You

Comments
Post a Comment